മുസ്ലിം ഭക്തി ഗാനത്തിന്‍റെ പാരഡിയാണ് 'പള്ളിക്കെട്ട് ശബരിമലയ്ക്ക്' എന്ന ഗാനം; വൈറൽ കുറിപ്പ് | Video

"ഒരു മുസ്ലിം ഭക്തിഗാനത്തിൻ്റെ ഈണത്തെ പിൻപറ്റി ഒരു ഹിന്ദുഭക്തിഗാനം രചിക്കപ്പെട്ടത് യഥാർത്ഥ ഭക്തരിൽ ഗാനത്തോട് ആദരവ് വർധിപ്പിക്കുന്നു''
devotional song pallikettu sabarimala was also inspired

മുസ്ലിം ഭക്തി ഗാനത്തിന്‍റെ പാരഡിയാണ് 'പള്ളിക്കെട്ട് ശബരിമലയ്ക്ക്' എന്ന ഗാനം; വൈറൽ കുറിപ്പ്

പള്ളിക്കൊണം രാജീവ് ഫെയ്സ് ബുക്കിൽ പങ്കുവച്ച ചിത്രവും ഫെയ്സ് ബുക്ക് പോസ്റ്റും

Updated on

അടുത്തിടെ തെരഞ്ഞെടുപ്പ് കാലത്ത് വൈറലായ ഗാനമാണ് "പോറ്റിയെ കേറ്റിയെ.. സ്വർണം ചെമ്പായി മാറ്റിയെ' എന്ന പാരഡി ഗാനം. പള്ളിക്കെട്ട് ശബരിമലയ്ക്ക് എന്ന ഭക്തഗാനത്തിന്‍റെ പാരഡിയായി ഇറക്കിയ ഗാനമാണിത്. ഇടതുപക്ഷത്തിന്‍റെ തെരഞ്ഞെടുപ്പ് തോൽവിക്ക് ഒരു കാരണമായി ഈ ഗാനം എന്ന് വരെ അഭിപ്രായം ഉയർന്നിരുന്നു.

ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് യുഡിഎഫ് ഇറക്കിയ ഗാനമാണിത്. നിലവിൽ ഇതിനെ ചൊല്ലി തർക്കം തുടരുകയാണ്. അയ്യപ്പനെ അപമാനിച്ചു, മതവികാരം വ്രണപ്പെടുത്തി തുടങ്ങിയ കാരണങ്ങൾ ചൂണ്ടിക്കാട്ടി തിരുവാഭര പാത സംരക്ഷണ സമിതി നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.

ഇപ്പോഴിതാ "പള്ളിക്കെട്ട് ശബരിമലയ്ക്ക്' എന്ന ഭക്തിഗാനം പാരഡിയാണെന്ന് വെളിപ്പെടുത്തിയ ഒരു ഫെയ്സ് ബുക്ക് കുറിപ്പ് വൈറലായിരിക്കുകയാണ്. തമിഴ് ഭക്തിഗാനത്തിൽ നിന്നും ത‍യാറാക്കിയ പാരഡിയാണ് പള്ളിക്കെട്ട് ശബരിമല എന്ന ഗാനമെന്നാണ് അവകാശവാദം. പള്ളിക്കോണം രാജീവ് എന്നയാളാണ് ഫെയ്സ്ബുക്ക് കുറിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്.

ദക്ഷിണേന്ത്യയിലെ പ്രശസ്ത ഇസ്ലാമിക തീർഥാടനകേന്ദ്രമായ നാഗൂർ ദർഗയിലെ സൂഫി ഗായകർ പരമ്പരാഗതമായി പാടിവരുന്ന "ഏകനേ യാ അള്ളാ....." എന്നു തുടങ്ങുന്ന ഭക്തിഗാനത്തിന്‍റെ ഈണത്തെ മാതൃകയാക്കി പ്രശസ്ത തമിഴ് പണ്ഡിതനും കവിയും ഭക്തഗാനരചയിതാവുമായ ഡോ. ഉളുന്തൂർപേട്ട ഷൺമുഖം രചിച്ചതാണ് പള്ളിക്കെട്ട് എന്നു തുടങ്ങുന്ന ഗാനമെന്നാണ് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചത്.

ഫെയ്സ് ബുക്ക് കുറിപ്പ് ഇങ്ങനെ...

"ഇരുമുടി താങ്കി ..." എന്ന വിരുത്തത്തെ തുടർന്ന് "പള്ളിക്കെട്ട് ശബരിമലയ്ക്ക്, കല്ലും മുള്ളും കാലുക്ക് മെത്തൈ ....." എന്നു തുടങ്ങുന്ന അയ്യപ്പഭക്തിഗാനവും ഒരു പാരഡിഗാനമാണ്. മറ്റൊരു പാട്ടിന്‍റെ ഈണത്തെ അനുകരിച്ച് വരികൾ എഴുതുന്ന രീതിയാണ് പാരഡിയുടേത്.

ദക്ഷിണേന്ത്യയിലെ പ്രശസ്ത ഇസ്ലാമിക തീർത്ഥാടനകേന്ദ്രമായ നാഗൂർ ദർഗ്ഗയിലെ സൂഫി ഗായകർ പരമ്പരാഗതമായി പാടിവരുന്ന "ഏകനേ യാ അള്ളാ....." എന്നു തുടങ്ങുന്ന ഭക്തിഗാനത്തിൻ്റെ ഈണത്തെ മാതൃകയാക്കി പ്രശസ്ത തമിഴ് പണ്ഡിതനും കവിയും ഭക്തഗാനരചയിതാവുമായ ഡോ. ഉളുന്തൂർപേട്ട ഷൺമുഖം രചിച്ചതാണ് പള്ളിക്കെട്ട് എന്നു തുടങ്ങുന്ന ഗാനം. ജാതിമതവ്യത്യാസമില്ലാതെ തീർത്ഥാടകസംഘങ്ങളുടെ തിരക്ക് എപ്പോഴുമുള്ള നാഗൂർ ദർഗയിൽ പതിറ്റാണ്ടുകളായി മുഴങ്ങിക്കേൾക്കുന്ന ഗാനത്തിൻ്റെ ഈണത്തിൽ ആകൃഷ്ടനായാണ് ജാതിമത വ്യത്യാസമില്ലാതെ അയ്യപ്പഭക്തൻമാർ എത്തിച്ചേരുന്ന ശബരിമലയ്ക്കു വേണ്ടി അതേ ഈണത്തിൽ ഗാനം രചിക്കാൻ ഷൺമുഖം തീരുമാനിച്ചത്.

മധുരൈ വീരമണിക്ക് ഈ ഗാനം എളുപ്പത്തിൽ പാടുവാൻ തമിഴർക്കെല്ലാം ചിരപരിചിതമായ ഈ ഈണം സഹായകമായി. ഒരു മുസ്ലിം ഭക്തിഗാനത്തിൻ്റെ ഈണത്തെ പിൻപറ്റി ഒരു ഹിന്ദുഭക്തിഗാനം രചിക്കപ്പെട്ടത് യഥാർത്ഥ ഭക്തരിൽ ഗാനത്തോട് ആദരവ് വർദ്ധിപ്പിക്കുമെങ്കിലും മതവൈരം വളർത്തുന്ന വർഗ്ഗീയശക്തികൾക്ക് അടിമപ്പെട്ടവർക്ക് ചിലപ്പോൾ അത് അംഗീകരിക്കാൻ വൈമനസ്യം തോന്നിയെന്നും വരാം. ഹിന്ദുക്കളുടെ പാട്ടും കലയും മറ്റുള്ള മതക്കാർ അടിച്ചുമാറ്റുന്നുവെന്ന് പലപ്പോഴും സോഷ്യൽ മീഡിയയിൽ ഹിന്ദുത്വതീവ്രവാദികൾ പരിഹാസമുയർത്തുന്ന സാഹചര്യത്തിൽ ഈ അറിവ് അവർക്കൊരു തിരിച്ചടിയുമായിരിക്കും.

ഡോ. ഷൺമുഖം തമിഴ് സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ വ്യക്തിയായിരുന്നു. ദ്രാവിഡ കഴക പ്രസ്ഥാനങ്ങളിൽ ആകൃഷ്ടനായി പെരിയോർ ഇ.വി രാമസ്വാമി നായ്ക്കരുടെ അനുയായിയായി മാറിയ ഷൺമുഖം ഗണപതിവിഗ്രഹങ്ങളിൽ ചെരുപ്പുമാല ചാർത്തിയുള്ള പ്രക്ഷോഭങ്ങളുടെ മുൻനിരയിലുണ്ടായിരുന്നു. നാസ്തികനിൽനിന്ന് ഭക്തനിലേക്കുണ്ടായ മാറ്റത്തിന് ഒരു മാരകരോഗത്തിൽ നിന്നുള്ള വിമുക്തിയാണ് കാരണമായത്. തുടർന്ന് തമിഴിൽ നാനൂറോളം ഭക്തിഗാനങ്ങൾ അദ്ദേഹം രചിച്ചു. മിക്ക ഗാനങ്ങളും ഏറെ ജനപ്രിയമായി മാറി. ശിർകാഴി ഗോവിന്ദരാജൻ പാടി പ്രശസ്തമാക്കിയ "വിനായകനേ വിനൈ തീർപ്പവനേ... " എന്ന ഗാനവും പള്ളിക്കെട്ടിനോടൊപ്പം എടുത്തു പറയേണ്ടതാണ്.

ഒരു ഗാനത്തിൻ്റെ പാരഡിയായി മറ്റൊരു ഗാനം രചിക്കുന്ന രീതി പണ്ടുമുതലേ ഭക്തിഗാനരചനകളിൽ സാധാരണമാണ്. പഴയ കാലത്ത് ജനപ്രിയ സിനിമാഗാനങ്ങളുടെ പാരഡിയായി ഭക്തിഗാനം രചിച്ച് അച്ചടിച്ചുവരുന്ന പാട്ടുപുസ്തകത്തിൽ "പ്രസ്തുത സിനിമാഗാനത്തിൻ്റെ മട്ടിൽ" എന്ന് പാട്ടിന് മുമ്പായി എഴുതിച്ചേർക്കുന്ന പതിവുണ്ടായിരുന്നു. അങ്ങനെ നിരവധി പാട്ടുകൾ സന്ധ്യാനാമകീർത്തനങ്ങളായി അമ്മമാർ ഭക്തിയോടെ ചൊല്ലിക്കേൾക്കാറുമുണ്ട്.

ഭക്തിഗാനത്തെ പാരഡിയാക്കി കോമഡിപാട്ടുകൾ വരെ പലരും എഴുതിപ്പാടിയിട്ടും കടുത്ത വിമർശനങ്ങളൊന്നുമുണ്ടായിട്ടില്ല. പ്രശസ്ത കോമഡി കാഥികൻ വി.ഡി. രാജപ്പൻ "ശങ്കരാ...... പോത്തിനെ തല്ലാതെടാ....." എന്ന പാരഡിഗാനം "ശങ്കരാ..... നാദശരീരാ പരാ ...."എന്ന ഗാനം ഭക്തിഗാനമേളയിൽ പാടി പേരെടുത്ത ഗായകരും സ്വകാര്യമായി പാടി ആസ്വദിച്ചിട്ടുണ്ടാവും. പലപ്പോഴും നല്ല ആശയസമ്പൂർണ്ണമായ കവിത്വമുള്ള വരികളോടു കൂടിയ ഗാനങ്ങളുടെ ഈണം തമാശ ഉൽപ്പാദിപ്പിക്കുന്നതിനായി നിലവാരം കുറഞ്ഞ വരികളിലേക്ക് സന്നിവേശിപ്പിക്കുന്നതിനെതിരെ വിമർശനങ്ങൾ സ്വാഭാവികമാണ്. എങ്കിലും അതൊക്കെ വൈകാരികമായി പ്രകടിപ്പിക്കുകയോ പാട്ട് പിൻവലിക്കാൻ പ്രേരിപ്പിക്കുകയോ ചെയ്യുന്ന സന്ദർഭങ്ങൾ വിരളമായിട്ടേ ഉണ്ടായിട്ടുള്ളൂ. ഒരു കാർട്ടൂൺ ആസ്വദിക്കുന്ന സ്പോർട്സ് മാൻ സ്പിരിറ്റിലേ അന്നും ഇന്നും പൊതുസമൂഹം ഇതിനെയൊക്കെ കാണാറുള്ളൂ.

ഈ തെരഞ്ഞെടുപ്പുകാലത്ത് വോട്ട് ലക്ഷ്യമാക്കി ഒരു മുന്നണി പ്രചരിപ്പിച്ച പാട്ടിനെതിരെ എതിർപ്പ് ഉയർത്തിയതിനെ പരിഹാസ്യമായേ കാണാൻ കഴിയൂ. "പോറ്റിയേ കേറ്റിയേ.... സ്വർണ്ണം ചെമ്പായ് മാറ്റിയേ....." എന്ന പാരഡിഗാനം അയ്യപ്പഭക്തൻമാരുടെ വികാരത്തെ ഇതു വരെ വ്രണപ്പെടുത്തിയതായി തോന്നിയിട്ടില്ല. അങ്ങനെ വ്രണപ്പെടുത്തിയതായി ഉന്നയിച്ച് രാഷ്ട്രീയവിവാദം സൃഷ്ടിക്കാനും അതിലൂടെ എന്തെങ്കിലും നേട്ടം ഉണ്ടാക്കാൻ കഴിയുമോ എന്നു കേസ് കൊടുത്ത തിരുവാഭരണ പാത സാരക്ഷണസമിതിയോ മറ്റാരെങ്കിലുമോ ശ്രമിച്ചാൽ അങ്ങേയറ്റം അപലപനീയമാണ്. അള്ളാഹുവിന്നെ പ്രകീർത്തിച്ചുള്ള സൂഫിഗാനത്തെ കോപ്പിയടിച്ചാണ് "പോറ്റിയേ കേറ്റിയേ " എന്ന പാരഡി എഴുതിയത് എന്ന് ആരോപിച്ച് ഏതെങ്കിലും മുസ്ലിംസംഘടനയ്ക്ക് മുന്നോട്ടു വരാവുന്നതാണ്; അങ്ങനെ ഉണ്ടായിട്ടുമില്ല.

ഈ പാരഡിയുടെ വരികൾ ഒരു മുസ്ലിമാണ് രചിച്ചത് എന്നത് വിവാദം കൊഴുപ്പിക്കുന്നതിനും വിഷയത്തിൽ വർഗ്ഗീയത കലർത്താനും പറ്റിയ സാധ്യതയാണ്. കേട്ട് ആസ്വദിച്ച് ചിരിച്ച് തള്ളേണ്ട ഒന്നിനെ പൊക്കിപ്പിടിച്ചു കൊണ്ടുവരുന്നത് വിലകുറഞ്ഞ തറവേല മാത്രമാണ്.

നാഗൂർ ദർഗയിലെ സൂഫിഭക്തർ പാടുന്ന "ഏകനേ യാ അള്ളാ " എന്ന ഗാനത്തിൻ്റെ കണ്ണി ആദ്യകമന്‍റിൽ ചേർക്കുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com