
തിരുവനന്തപുരം: ശബരിമലയിലേക്ക് ട്രാക്റ്ററിൽ യാത്ര നടത്തിയ സംഭവത്തിൽ എഡിജിപി അജിത് കുമാറിനെതിരേ നടപടി വേണമെന്ന് ഡിജിപി. അജിത് കുമാർ നൽകിയ വിശദീകരണം തൃപ്തികരമല്ലെന്നാണ് ഡിജിപി സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്. തിങ്കളാഴ്ചയായിരുന്നു ഡിജിപി സർക്കാരിന് റിപ്പോർട്ട് നൽകിയത്. നിലവിൽ ആഭ‍്യന്തര വകുപ്പിന്‍റെ പരിഗണനയിലാണ് റിപ്പോർട്ട്.
എഡിജിപിക്കെതിരേ നടപടി സ്വീകരിച്ച ശേഷം ഹൈക്കോടതിയെ അറിയിക്കുന്നതായിരിക്കും ഉചിതമെന്നും ഡിജിപി റിപ്പോർട്ടിൽ പറയുന്നു. അജിത് കുമാറിന്‍റെ ട്രാക്റ്റർ യാത്രയിൽ ഹൈക്കോടതി രൂക്ഷ വിമർശനം നടത്തിയതിനു പിന്നാലെ ട്രാക്റ്റർ ഓടിച്ച ഡ്രൈവർക്കെതിരേ പൊലീസ് കേസെടുത്തിരുന്നു. അതേസമയം എഫ്ഐആറിൽ അജിത് കുമാറിനെ പറ്റി യാതൊരു പരാമർശവും ഇല്ലായിരുന്നു.
ജൂലൈ 12 ശനിയാഴ്ച രാത്രിയോടെയായിരുന്നു എഡിജിപി പമ്പയിൽ നിന്നും സന്നിധാനത്തേക്ക് ട്രാക്റ്ററിൽ യാത്ര ചെയ്തത്. നവഗ്രഹ പ്രതിഷ്ഠാ ദിനത്തിൽ പൊലീസിന്‍റെ ട്രാക്റ്ററിലായിരുന്നു യാത്ര. ചരക്കു നീക്കത്തിനു മാത്രമെ ട്രാക്റ്റർ ഉപയോഗിക്കാവൂയെന്ന് ഹൈക്കോടതി നിർദേശം നിലവിലുള്ള സാഹചര‍്യത്തിലാണ് എഡിജിപി ചട്ടം ലംഘിച്ച് യാത്ര നടത്തിയത്.