എപിപി അനീഷ്യയുടെ ആത്മഹത്യ; അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിപി

എപിപി അനീഷ്യയുടെ ആത്മഹത്യ; അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിപി

''കേസുകളിൽ നിന്നും വിട്ടു നിൽക്കാൻ അവധിയെടുക്കാൻ സഹപ്രവർത്തകരിൽ നിന്നും സമ്മർദമുണ്ടായി''

കൊല്ലം: മുൻസിഫ് കോടതി അസിസ്റ്റന്‍റ് പബ്ലിക് പ്രോസിക്യൂട്ടർ എസ്. അനീഷ്യ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഡിജിപി അന്വേഷണത്തിന് ഉത്തരവിട്ടു. ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ കെ.ഷീബയാണ് അന്വേഷിക്കുക. രണ്ടാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.

മേലുദ്യോഗസ്തരുടെ മാനസിക സമ്മർദമാണ് മരണകാരണമെന്നാണ് ആത്മഹത്യക്കുറിപ്പിൽ എഴുതിയിരിക്കുന്നത്. ഇത് സംബന്ധിച്ച് പറവൂർ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഞായറാഴ്ചയാണ് നെടുങ്ങോലം പോസ്റ്റ് ഓഫിസ് ജംക‍്ഷൻ പ്രശാന്തിയിൽ എസ്.അനീഷ്യയെ വീട്ടിലെ കുളിമുറിയിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. ഉന്നത ഉദ്യോഗസ്ഥരെ സംബന്ധിച്ചുള്ള പരാതികൾ ഉൾകൊള്ളുന്ന ശബ്ദരേഖകൾ ഇന്നലെ പുറത്തു വന്നിരുന്നു. ജോലിയിൽ നേരിട്ടിരുന്ന സമ്മർദങ്ങളെക്കുറിച്ചായിരുന്നു അനീഷ്യ ശബ്ദരേഖകളിൽ അധികവും പറഞ്ഞിരുന്നത്.

കേസുകളിൽ നിന്നും വിട്ടു നിൽക്കാൻ അവധിയെടുക്കാൻ സഹപ്രവർത്തകരിൽ നിന്നും സമ്മർദമുണ്ടായി. ജോലി സംബന്ധമായ രഹസ്യ റിപ്പോർട്ടുകൾ സഹപ്രവർത്തകരുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും മുന്നിൽ വായിച്ചു എന്നതടക്കമുള്ള കാര്യങ്ങളാണ് ആത്മഹത്യാക്കുറിപ്പിലുള്ളത്. താൻ നേരിടുന്ന മാനസിക സമ്മർദങ്ങളെയും ജോലിയിൽ നേരിടുന്ന വിവേചനങ്ങളെയും സംബന്ധിച്ച് ആത്മഹത്യ ചെയ്യുന്നതിനു മുൻപായി അനീഷ്യ പരവൂർ മുൻസിപ്പൽ മജിസ്ട്രേട്ടിനു വാട്സാപ്പിൽ പരാതി നൽകിയതായാണ് സൂചന.