തിരുവനന്തപുരം: ഡിജിപിയും വിജിലൻസ് ആൻഡ് ആന്‍റി കറപ്ഷൻ ബ്യൂറോ മേധാവിയുമായ ഡോ. ടി.കെ. വിനോദ് കുമാർ ഇന്ന് സർവീസിൽ നിന്ന് സ്വമേധയാ വിരമിക്കും. യുഎസിൽ അധ്യാപകനായി പോകാനാണ് അദ്ദേഹം ഒരു വർഷത്തെ സർവീസ് ബാക്കി നിൽക്കെ പടിയിറങ്ങുന്നത്. 2025 ആഗസ്റ്റ് വരെ സർവീസുണ്ട്.
1992 ബാച്ചിലെ ഐപിഎസ് ഓഫീസറായ വിനോദ് കുമാർ ധൻബാദിലെ ഇന്ത്യൻ സ്കൂൾ ഓഫ് മൈൻസിൽ നിന്ന് എൻജിനീയറിങ് ബിരുദം നേടിയ ശേഷം ഒഎൻജിസിയിൽ ജോലി ചെയ്യവേയാണ് സിവിൽ സർവീസിൽ പ്രവേശിച്ചത്. കൊല്ലം, കട്ടപ്പന, തിരുവനന്തപുരം കന്റോൺമെന്‍റ് എന്നീ സബ് ഡിവിഷനുകളിൽ എഎസ്പി ആയും തിരുവനന്തപുരം റൂറൽ, കോട്ടയം, എറണാകുളം റൂറൽ, പാലക്കാട് ജില്ലകളിലും ക്രൈംബ്രാഞ്ചിലും എസ്പിയായും കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറായും പ്രവർത്തിച്ചു. കെഎപി നാല്, അഞ്ച് ബറ്റാലിയനുകളിലെ കമാണ്ടന്‍റായിരുന്നു. ഇന്‍റേണൽ സെക്യൂരിറ്റി വിഭാഗത്തിൽ ഡിഐജി, ഐജി, എഡിജിപി തസ്തികകളിലും ഇന്‍റലിജൻസ് മേധാവിയായി 6 വർഷത്തിലേറെയും പ്രവർത്തിച്ചു.
സർദാർ വല്ലഭായി പട്ടേൽ നാഷണൽ പൊലീസ് അക്കാദമിയിൽ ഡെപ്യൂട്ടി ഡയറക്റ്റർ, ജോയിന്‍റ് ഡയറക്റ്റർ എന്നീ പദവികൾ വഹിച്ചു. യു.എൻ മിഷന്‍റെ ഭാഗമായി ബോസ്നിയ, സിയാറ ലിയോൺ എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചു. ക്രിമിനൽ ജസ്റ്റിസ് വിഷയത്തിൽ അമേരിക്കയിലെ ഇൻഡ്യാന യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്ടറേറ്റ് നേടിയ അദ്ദേഹത്തിന് 2011ൽ രാഷ്ട്രപതിയുടെ സ്തുത്യർഹ സേവാ മെഡലും 2021ൽ രാഷ്ട്രപതിയുടെ അതിവിശിഷ്ട സേവാ മെഡലും ലഭിച്ചു.
വിരമിക്കുന്ന ഡിജിപിക്ക് സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബിന്‍റെ അധ്യക്ഷതയിൽ പൊലീസ് ആസ്ഥാനത്ത് യാത്രയയപ്പ് നൽകി.