
#അനൂപ് കെ. മോഹൻ
അങ്കമാലി: അങ്കമാലി താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റ് പ്രവര്‍ത്തനം തുടങ്ങാന്‍ വാട്ടര്‍ അഥോറിറ്റി കനിയണം. നഗരസഭയുടെ പ്രൊജക്റ്റ് ഫണ്ട് ഉപയോഗിച്ചു ഡയാലിസിസ് യൂണിറ്റ് കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയായിട്ടു നാളുകളേറെയായി. 55 ലക്ഷം രൂപയാണു പദ്ധതിച്ചെലവ്. വാട്ടര്‍ കണക്ഷന് ലഭിച്ചാല്‍ മാത്രമേ യൂണിറ്റിനോട് അനുബന്ധിച്ചുള്ള ആര്‍ഒ പ്ലാന്റിന്റെപ്രവര്ത്തനം ആരംഭിക്കാന്‍ കഴിയൂ. ഡയാലിസിസ് യൂണിറ്റില്‍ വളരെ പ്രധാനപ്പെട്ടതാണു ആര്‍ഒ പ്ലാന്റ്. രോഗികളുടെ ശരീരസ്രവങ്ങൾ ഉൾപ്പടെയുള്ള മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കുന്നതു ആർഒ പ്ലാന്റിനോടനുബന്ധിച്ചുള്ള വേസ്റ്റ് ട്രീറ്റ്മെന്റ് പ്ലാന്റിലാണ്.
അങ്കമാലിയിലെയും പരിസരപ്രദേശങ്ങളിലെയും നിരവധി വൃക്കരോഗികള്‍ക്ക് പ്രയോജനകരമായ പദ്ധതി വാട്ടര്‍ അഥോറിറ്റിയുടെ നിസംഗതയാല്‍ അനന്തമായി നീളുകയാണ്. ഇതും സംബന്ധിച്ചുള്ള അറിയിപ്പുകളുണ്ടായിട്ടും നടപടികളൊന്നുമായിട്ടില്ല. പ്രദേശത്തെ വൃക്കരോഗികള്‍ ഡയാലിസിസിനായി ചാലക്കുടി, ആലുവ ആശുപത്രികളെ ആശ്രയിക്കേണ്ട സാഹചര്യമാണ്. ഇതു സംബന്ധിച്ചു രാഷ്ട്രപതിക്കും മുഖ്യമന്ത്രിക്കും വൃക്കരോഗികളടക്കമുള്ളവർ പരാതി അയച്ചിരുന്നു. വാട്ടര്‍ കണക്ഷന് ലഭ്യമായാല്‍ മാത്രമേ, തുടര്‍പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധിക്കൂ എന്ന മറുപടിയാണു താലൂക്ക് ആശുപത്രി അധികൃതര്‍ നല്‍കുന്നത്.
വൈദ്യുതി ബോര്‍ഡ്, വാട്ടര്‍ അഥോറിറ്റി, ആരോഗ്യവിഭാഗം വകുപ്പുകളുടെ ഏകോപിച്ചുള്ള പ്രവര്‍ത്തനത്തിലൂടെ മാത്രമേ പദ്ധതി പ്രവര്‍ത്തനസജ്ജമാകൂ. വിവിധ ഘട്ടങ്ങളില്‍ കാലതാമസം നേരിട്ടതോടെ അങ്കമാലിയുടെ ഡയാലിസിസ് യൂണിറ്റെന്ന സ്വപ്നം സാധ്യമായില്ല. കെട്ടിടത്തില്‍ ത്രീഫേസ് കണക്ഷന് ലഭിക്കാനും കാലതാമസം നേരിട്ടിരുന്നു. കഴിഞ്ഞവര്‍ഷം നവംബറില്‍ ഇലക്ട്രിഫിക്കേഷന് ജോലികള്‍ പൂര്‍ത്തീകരിക്കുകയും, ത്രീ ഫേസ് കണക്ഷന് ലഭിക്കുകയും ചെയ്തു. ഇപ്പോള്‍ കാലതാമസം വരുത്തുന്നതില്‍ വാട്ടര്‍ അഥോറിറ്റിയുടെ ഊഴമാണ്. പ്രവര്ത്തസജ്ജമായാല് നിരവധി പേര്‍ക്കു സൗജന്യമായി ഡയാലിസിസിനുള്ള സൗകര്യമൊരുങ്ങും.
താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും, സമയബന്ധിതമായി പൂര്‍ത്തിയാക്കാനും ഓഫിസര്‍ ഇല്ലെന്ന ആരോപണവുമുണ്ട്.
ഇപ്പോള്‍ ആശുപത്രിയിലെ ഡോക്റ്റര്‍ക്കാണ് സൂപ്രണ്ടിന്റെ അധികച്ചുമതല നല്‍കിയിരിക്കുന്നത്.