"ഇത് വിവേചനം', ഡ്രൈവിങ് ടെസ്റ്റിന് അനുമതിതേടി ഭിന്നശേഷിക്കാരന്‍ ഹൈക്കോടതിയില്‍

കഴിഞ്ഞ നാല് വര്‍ഷമായി ഡ്രൈവിങ് ടെസ്റ്റില്‍ പങ്കെടുക്കാനുള്ള അനുമതി തേടി രുദ്രനാഥ് മോട്ടോര്‍ വാഹന വകുപ്പിന്‍റെ വാതിലില്‍ മുട്ടുകയാണ്
differently-abled man in High Court seeking permission for driving test
"ഇത് വിവേചനം', ഡ്രൈവിങ് ടെസ്റ്റിന് അനുമതിതേടി ഭിന്നശേഷിക്കാരന്‍ ഹൈക്കോടതിയില്‍

കൊച്ചി: ഒരു വര്‍ഷം മുമ്പാണ് ഇരു കൈകളും ഇല്ലാത്ത 32 കാരിയായ ജിലുമോള്‍ മേരിയറ്റ് തോമസിന് ഡ്രൈവിങ് ലൈസന്‍സ് നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. ചരിത്രപരമായ നീക്കമായി ഈ തീരുമാനത്തെ പലരും വിലയിരുത്തി. എന്നാല്‍ 40 ശതമാനം വൈകല്യമുള്ള 22 കാരനായ രുദ്രനാഥ് ഡ്രൈവിങ് ലൈസന്‍സിനുള്ള ടെസ്റ്റിനായി പലതവണ കയറിയിറങ്ങിട്ടും അനുകൂല നടപടിയുണ്ടായില്ല. തുടര്‍ന്ന് നീതി കിട്ടുമെന്ന പ്രതീക്ഷയില്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് രുദ്രനാഥ്.

കഴിഞ്ഞ നാല് വര്‍ഷമായി ഡ്രൈവിങ് ടെസ്റ്റില്‍ പങ്കെടുക്കാനുള്ള അനുമതി തേടി രുദ്രനാഥ് മോട്ടോര്‍ വാഹന വകുപ്പിന്‍റെ വാതിലില്‍ മുട്ടുകയാണ്. വലതു കൈയില്‍ മൂന്ന് വിരലുകള്‍ മാത്രമാണ് രുദ്രനാഥിനുള്ളത്. വാഹനത്തില്‍ മതിയായ രൂപമാറ്റം വരുത്തിയാല്‍ രുദ്രനാഥിന് ഓടിക്കാന്‍ കഴിയുമെന്ന് ചാലക്കുടി താലൂക്ക് ആശുപത്രി മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയെങ്കിലും ഓടിക്കുന്നയാളുടെ സൗകര്യത്തിനനുസരിച്ച് വാഹനം മാറ്റാന്‍ കഴിയില്ലെന്ന് പറഞ്ഞ് റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) അപേക്ഷ തള്ളി.

18 വയസായപ്പോള്‍ തന്നെ ലൈസന്‍സ് ടെസ്റ്റിനായി ഡ്രൈവിങ് സ്കൂളിനെ സമീപിച്ചു. ആര്‍ടിഎയില്‍ നിന്ന് അനുമതി വാങ്ങാന്‍ സ്‌കൂള്‍ അധികൃതര്‍ നിര്‍ദേശിച്ചു. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുമായി ഇരിങ്ങാലക്കുട ജോ. റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസറെ (ജെആര്‍ടിഒ) സമീപിച്ചു. വാഹനം സുരക്ഷിതമായി പ്രവര്‍ത്തിപ്പിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞുകൊണ്ട് അപേക്ഷ തള്ളുകയായിരുന്നു. തുടര്‍ന്നാണ് രുദ്രനാഥ് ഹൈക്കോടതിയെ സമീപിച്ചത്. ടെസ്റ്റ് നടത്തി സുരക്ഷിതമായി വാഹനമോടിക്കാന്‍ കഴിയുമെന്ന് തെളിയിച്ചതിന് ശേഷം ലൈസന്‍സ് നല്‍കാന്‍ നിര്‍ദേശിക്കണമെന്നാണ് ഹൈക്കോടതിയോട് രുദ്രനാഥിന്‍റെ അപേക്ഷ.

വാഹനം സുരക്ഷിതമായി ഓടിക്കുന്നതിന് ആവശ്യമായ വൈദഗ്ധ്യവും പരിശീലനവും മെഡിക്കല്‍ ക്ലിയറന്‍സും ഉണ്ടെങ്കില്‍ ഭിന്നശേഷിയുള്ള ഒരാള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് നേടാനാകുമെന്ന് രുദ്രനാഥിന്‍റെ അഭിഭാഷകന്‍ രഞ്ജിത്ത് ബി. മാരാര്‍ പറഞ്ഞു. സുപ്രീംകോടതിയിലെ ഭീം സിങ് യൂണിയന്‍ ഓഫ് ഇന്ത്യ ഉള്‍പ്പെടെയുള്ള കേസുകള്‍ രഞ്ജിത്ത് മാരാര്‍ സൂചിപ്പിച്ചു.

Trending

No stories found.

Latest News

No stories found.