സംസ്ഥാനത്തെ ഡിജിറ്റല്‍ സര്‍വെ നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കും; സര്‍വെ ഡയറക്ടര്‍

ഓരോ കൈവശ ഭൂമിയുടെയും സ്ഥാനം, അതിര്‍ത്തി എന്നിവ നിര്‍ണയിച്ച് കൃത്യമായ ഭൂരേഖകള്‍ തയാറാക്കുന്ന ജോലിയാണ് ഇപ്പോള്‍ നിര്‍വഹിച്ചു വരുന്നത്
സംസ്ഥാനത്തെ ഡിജിറ്റല്‍ സര്‍വെ നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കും;  സര്‍വെ ഡയറക്ടര്‍

പത്തനംതിട്ട : സംസ്ഥാനത്തെ ഡിജിറ്റല്‍ സര്‍വെ നടപടികള്‍ സമയബന്ധിതവും സുതാര്യവുമായി പൂര്‍ത്തീകരിക്കുമെന്നും അതിനായുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് സര്‍വെ ഡയറക്ടര്‍ ശ്രീറാം സാംബശിവ റാവു പറഞ്ഞു. ഡിജിറ്റല്‍ സര്‍വെ പദ്ധതിയുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന സര്‍വെയും ഭൂരേഖയും വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ഡയറക്ടര്‍.

സര്‍വെ വകുപ്പിന്റെ മുഖഛായ തന്നെ മാറ്റാനുളള ഒരു ബൃഹത് പദ്ധതിയാണ് ഡിജിറ്റല്‍ സര്‍വെ പദ്ധതിയെന്നും ഇത് നടപ്പാക്കുമ്പോള്‍ പൊതുജനങ്ങള്‍ക്ക് സ്വീകാര്യത വരുത്തുന്ന വിധത്തില്‍ സാങ്കേതിക വശങ്ങള്‍ പറഞ്ഞ് മനസിലാക്കുന്ന വിധത്തിലുളള പെരുമാറ്റം ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നും ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ പറഞ്ഞു.

സംസ്ഥാനത്ത് വ്യക്തികള്‍ക്കോ, സ്ഥാപനങ്ങള്‍ക്കോ ഒറ്റയ്ക്കോ കൂട്ടായോ അവകാശം ലഭിച്ചിട്ടുള്ളതും, കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ അധീനതയിലുള്ളതുമായ ഭൂമി അതാതിന്റെ അവകാശികള്‍ക്ക് നിലവിലെ നിയമങ്ങള്‍ക്ക് വിധേയമായി കുറ്റമറ്റ രീതിയില്‍ സര്‍വെ ചെയ്ത് പേരില്‍ ചേര്‍ത്ത് ഭൂരേഖകള്‍ തയ്യാറാക്കുന്ന ജോലിയാണ് നിലവില്‍ സര്‍വെയും ഭൂരേഖയും വകുപ്പ് നിര്‍വഹിക്കുന്നത്. പൊതു വരുമാനത്തിന്റെ ഗണ്യമായ ഭാഗമാണ് ഭൂമിയുമായി ബന്ധപ്പെട്ട നികുതികള്‍. അടിസ്ഥാന ഭൂനികുതി, ഭൂവിനിയോഗ നികുതി, ഭൂമി പരിവര്‍ത്തന നികുതി എന്നിവ കൃത്യമായ ഭൂരേഖകളുടെ അടിസ്ഥാനത്തില്‍ മാത്രമേ ഈടാക്കാന്‍ സാധിക്കൂ.  ഭൂമി സംബന്ധിച്ച പരാതികള്‍ നീതിയുക്തമായി പരിഹരിക്കുന്നതിനും കൃത്യമായ രേഖകള്‍ അനിവാര്യമാണ്. ഓരോ കൈവശ ഭൂമിയുടെയും സ്ഥാനം, അതിര്‍ത്തി എന്നിവ നിര്‍ണയിച്ച് കൃത്യമായ ഭൂരേഖകള്‍ തയാറാക്കുന്ന ജോലിയാണ് ഇപ്പോള്‍ നിര്‍വഹിച്ചു വരുന്നത്.

എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്നീ പ്രഖ്യാപിത ലക്ഷ്യങ്ങളുമായി സംസ്ഥാനത്തിന്റെ എല്ലാ വില്ലേജുകളുടെയും ഡിജിറ്റല്‍ സര്‍വെ റിക്കാര്‍ഡുകള്‍ (നാലു വര്‍ഷം) തയ്യാറാക്കുന്നതിനുള്ള ബൃഹത് പദ്ധതിയാണ് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ചിട്ടുള്ളത്.

 ഏറ്റവും ആധുനികമായ സാങ്കേതിക വിദ്യകളും നൂതന സര്‍വെ ഉപകരണങ്ങളും ഉപയോഗിച്ച് ബഹുജന പങ്കാളിത്തത്തോടെ എന്റെ ഭൂമി എന്ന പേരില്‍ സംസ്ഥാനത്തെ മുഴുവന്‍  വില്ലേജുകളിലും ഡിജിറ്റല്‍ സര്‍വെ ആരംഭിക്കാനും അത് സമയബന്ധിതമായി പൂര്‍ത്തീകരിക്കാനുമാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടിട്ടുളളത്.  ഭൂഉടമകള്‍ക്ക് സ്വന്തം ഭൂമിയുടെ കൃത്യമായ രേഖകള്‍ ലഭിക്കുന്നതോടൊപ്പം  കേരളത്തിന്റെ ഭാവി വികസന പദ്ധതികള്‍ക്ക്  പ്രയോജനപ്പെടുന്ന  ഭൂമിയുടെ ഒരു ആധികാരിക രേഖയാണ് ഡിജിറ്റല്‍ സര്‍വെയിലൂടെ ലഭ്യമാകുന്നത്. കേരളത്തിന്റെ  വികസന ചരിത്രത്തില്‍ വലിയ ഒരു മുന്നേറ്റം സൃഷ്ടിക്കാന്‍ കഴിയുന്ന ഈ പദ്ധതി രാജ്യത്തിന് തന്നെ മാതൃകയാകാന്‍ കഴിയുന്ന വിധത്തിലാണ് നടപ്പാക്കി വരുന്നത്. വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട കിടക്കുന്ന ഭൂമിസംബന്ധമായ സേവനങ്ങള്‍  എല്ലാം ഒരു കുടകീഴില്‍ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ 'എന്റെ ഭൂമി' എന്ന സമഗ്രമായ പോര്‍ട്ടല്‍ സര്‍വെ വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. ആദ്യഘട്ട ഡിജിറ്റല്‍ സര്‍വെയുടെ ഭാഗമായി 200 വില്ലേജുകളുടെ  ലിസ്റ്റ് ഈ പോര്‍ട്ടലില്‍ ലഭ്യമാക്കിയിട്ടുണ്ട്.

പൊതുജനങ്ങള്‍ക്ക് എന്റെ ഭൂമി എന്ന പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതും തുടര്‍ന്ന് ലഭ്യമാകുന്ന യൂസര്‍ ഐഡിയും പാസ് വേര്‍ഡും ഉപയോഗിച്ച് തങ്ങളുടെ ഭൂവിവരങ്ങള്‍ വില്ലേജ് രേഖകളില്‍ (റിലിസ് ഡേറ്റ) ഉള്‍പ്പെട്ടു വന്നിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതിനുളള സംവിധാനവുമുണ്ട്. സ്വന്തം ഭൂമിയുടെ വിവരങ്ങള്‍ റിലിസ് ഡേറ്റയില്‍ ഉള്‍പ്പെട്ടിട്ടില്ലെങ്കില്‍ ഇതു സംബന്ധിച്ച വിവരം അറിയിക്കുന്നതിനുളള സംവിധാനവും പോര്‍ട്ടലില്‍ ലഭ്യമാകും. യോഗത്തില്‍ സര്‍വെ അഡീഷണല്‍ ഡയറക്ടര്‍  സുരേഷന്‍ കണിചെറിയാന്‍, ദക്ഷിണമേഖലാ ജോയിന്റ്  ഡയറക്ടര്‍ എന്‍ ബി സിന്ധു, അസിസ്റ്റന്റ് ഡയറക്ടര്‍ സിദ്ധയാഗ പ്രസാദിനി പ്രഭാമണി എന്നിവര്‍ പങ്കെടുത്തു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com