

ധാരണാപത്രം ഒപ്പുവച്ച് ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരളയും സാംസ്കാരികവകുപ്പും
തിരുവനന്തപുരം: കേരളത്തിന്‍റെ തനത് കലകളെ ഒറ്റ കുടക്കീഴിൽ കൊണ്ടുവരുന്നതിനും ലോകശ്രദ്ധയിലേക്ക് എത്തിക്കുവാനും, സാംസ്കാരിക വകുപ്പുമായി സഹകരിച്ച് ഡിജിറ്റൽ യൂണിവേഴ്സിറ്റി ഇന്‍ററാക്ടിവ് പോർട്ടലുകൾ ഒരുക്കുന്നു. സാംസ്‌കാരിക വകുപ്പുമന്ത്രി സജി ചെറിയാൻ, ഡിജിറ്റൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫ. സജി ഗോപിനാഥ് എന്നിവരുടെ സാന്നിധ്യത്തിൽ കൾച്ചർ ഡയറക്റ്റർ ഡോ. ദിവ്യ എസ് അയ്യർ, ഡിജിറ്റൽ യൂണിവേഴ്സിറ്റി രജിസ്ട്രാർ പ്രൊഫ. എ. മുജീബ് എന്നിവർ ധാരണ പത്രത്തിൽ ഒപ്പുവച്ചു. ഡോ. മാളു ജി, ഹെഡ്, (സെന്‍റർ ഫോർ ഡിജിറ്റൽ ട്രാൻഫോർമേഷൻ ഇൻ കൾച്ചർ), പ്രൊഫ. എലിസബത്ത് ഷേർലി, മനു സി. പുളിക്കൻ, രജനി എം (സാംസ്‌കാരിക വകുപ്പ് ജോയിന്‍റ് സെക്രട്ടറി), സുഷമ ഭായ് എസ് (അഡ്മിനിസ്ട്രേറ്റിവ് ഓഫീസർ, കൾച്ചർ ഡയറക്റ്ററേറ്റ്) എന്നിവർ സന്നിഹിതരായിരുന്നു.
കേരളീയ സാംസ്കാരിക പൈതൃകങ്ങളുടെ സമഗ്ര ശേഖരണവും ഡിജിറ്റൽ വ്യാപനവും കലാകാരന്മാരുടെ ജീവിത ഉന്നതിയും ഗവേഷണവും ലക്ഷ്യമിട്ട് ഡിജിറ്റൽ സർവകലാശാല കേരളയുടെ കീഴിൽ രൂപീകരിച്ച സെന്‍റർ ഫോർ ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ ഇൻ കൾച്ചറാണ് (CDTC) ഇതു പ്രാവർത്തികമാക്കുന്നത്.
നവ സാങ്കേതികതയും കലയും ഇഴചേരുന്ന ഈ പുതുകാല ദൗത്യത്തിൽ വൈവിധ്യമാർന്ന കലാരൂപങ്ങൾ, കലാസമൂഹവുമായി ബന്ധപ്പെട്ട പ്രകൃതി പശ്ചാത്തലങ്ങൾ, ആശയങ്ങൾ, ഐതിഹ്യങ്ങൾ, ആവാസ വ്യവസ്ഥകൾ, പൈതൃകങ്ങൾ, വേഷവിധാനങ്ങൾ, വാദ്യോപകരണങ്ങൾ തുടങ്ങിയ സാംസ്കാരിക വൈവിധ്യങ്ങളെ സംവേദനാത്മകമായ രീതിയിൽ അപഗ്രഥിച്ച് വെബ്-സെമാന്‍റിക്‌സും ഗ്രാഫിക് വിഷ്വലൈസേഷനും ഉപയോഗിച്ച് ദൃശ്യവൽക്കരിക്കും.
കേരള സർക്കാറിന്‍റെ സാംസ്കാരിക കാര്യ വകുപ്പിന്‍റെ നേതൃത്വത്തിലുള്ള അക്കാഡമികളും, ഇതരസ്ഥാപനങ്ങളും വിവിധ സംഘടനകളും കലാപ്രതിഭകളും സാംസ്കാരിക പ്രവർത്തകരും ഈ വിവരശേഖരണത്തിനും കേരളീയ സംസ്‌കൃതിയുടെ കരുതിവെപ്പിനുമായി സഹകരിക്കുവാൻ അവസരമൊരുക്കുന്നുണ്ട്. പൊതുജനങ്ങളുടെ സ്വകാര്യ ശേഖരത്തിലുള്ള ചിത്രങ്ങളും വിഡിയോകളും സ്വീകരിക്കുവാനുള്ള പബ്ലിക് കോൺട്രിബ്യൂഷൻ പോർട്ടലിലൂടെ സി ഡി ടി സി സമാഹരിക്കുന്ന കലാരൂപങ്ങളുടെ വിശദാംശങ്ങൾ തിരഞ്ഞെടുക്കുന്നതും ആധികാരികത ഉറപ്പുവരുത്തുന്നതും സാംസ്കാരിക വകുപ്പിന്‍റെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതിയാണ്. ഈ കൂട്ടായ പ്രവർത്തനം സാധ്യമാക്കുന്നതിലൂടെ ലോക വിജ്ഞാന സമ്പത്ത് വ്യവസ്ഥയിൽ കേരളീയ കലകളുടെ സ്ഥാനം ഊട്ടി ഉറപ്പിക്കാൻ സാധിക്കും.