director ranjith may be resigns from chalachitra academy chairman
രഞ്ജിത്ത്file image

രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം ഒഴിഞ്ഞേക്കും; ഔദ്യോഗിക വാഹനത്തിന്‍റെ ബോര്‍ഡ് നീക്കം ചെയ്തു

15 വർഷങ്ങൾക്കു മുന്നേ പാലേരി മാണിക്കത്തിൽ അഭിനയിക്കാനെത്തിയപ്പോൾ സംവിധായകൻ രഞ്ജിത്ത് തന്നോട് മോശമായി പെരുമാറിയെന്നാണ് ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തൽ
Published on

തിരുവനന്തപുരം: സംവിധായകൻ രഞ്ജിത്ത് സംസ്ഥാന ചലച്ചിത്ര അക്കാദമി സ്ഥാനം ഒഴിഞ്ഞേക്കുമെന്ന് സൂചന. ബം​ഗാളി നടിയിൽ നിന്ന് ആരോപണം ഉയർന്നതോടെ രഞ്ജിത്ത് ഔദ്യോഗിക വാഹനത്തിന്‍റെ ബോര്‍ഡ് നീക്കം ചെയ്തു. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ എന്ന ബോര്‍ഡ് നീക്കം ചെയ്ത ഔദ്യോഗിക വാഹനം രഞ്ജിത്തിന്‍റെ വയനാട്ടിലെ റിസോര്‍ട്ടില്‍ നിന്നും കൊണ്ടു പോവുകയും ചെയ്തു. പിന്നാലെയാണ് രാജി സാധ്യത ശക്തമാവുന്നത്.

ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ ബംഗാളി നടി പരാതിയുമായെത്തിയതോടെ രഞ്ജിത്ത് രാജിവയ്ക്കെണമെന്ന ആവശ്യം വിവിധ കോണുകളിൽ നിന്നും ഉയർന്നിരുന്നു. എന്നാൽ ഇതിനോട് പ്രതികരിക്കാൻ രഞ്ജിത്ത് ഇത് വരെ പ്രതികരിക്കാൻ തയാറായിരുന്നില്ല. പദവിയിൽ നിന്ന് രാജിവെക്കാൻ രഞ്ജിത്തിന് മേൽ സമ്മർദം ശക്തമാണ്. ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ രഞ്ജിത്ത് രാജി വെക്കുന്നതാണ് നല്ലതെന്നാണ് എൽ‌ഡിഎഫിൽ നിന്നുള്ള ഒരു വിഭാഗത്തിന്‍റെ ആവശ്യം. രാജിവച്ച് അന്വേഷണത്തെ നേരിടുന്നതാണ് മാന്യമായ രീതിയെന്ന് സിനിമ മേഖലയുടെ വിവിധ കോണുകളിൽ നിന്നും അഭിപ്രായമുയർന്നിരുന്നു.

15 വർഷങ്ങൾക്കു മുന്നേ പാലേരി മാണിക്കത്തിൽ അഭിനയിക്കാനെത്തിയപ്പോൾ സംവിധായകൻ രഞ്ജിത്ത് തന്നോട് മോശമായി പെരുമാറിയെന്നാണ് ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തൽ. ഓഡിഷനായി കേരളത്തിൽ എത്തിയ തന്നെ പാലേരി മാണിക്യത്തിന്‍റെ നിർമാതാവ് ഉൾപ്പെടെയുള്ളവരെ പരിചയപ്പെടുത്താമെന്ന് പറഞ്ഞാണ് സംവിധായകൻ ഹോട്ടൽ റൂമിലേക്ക് വിളിച്ചു വരുത്തിയത്. സംസാരത്തിനിടെ അടുത്തേക്കു വന്ന രഞ്ജിത് ആദ്യം വളകളിൽ തൊട്ടു. വളകളോടുള്ള കൗതുകമാണെന്നാണ് ആദ്യം ധരിച്ചത്. പിന്നീട് മുടിയിലും കഴുത്തിലും സ്പർശിക്കാനൊരുങ്ങിയതോടെ പെട്ടെന്ന് തന്നെ മുറിയിൽ നിന്ന് പുറത്തിറങ്ങിപ്പോയെന്നും ആ രാത്രി മുഴുവൻ ഭയന്നാണ് കേരളത്തിൽ കഴിച്ചു കൂട്ടിയതെന്നും നടി പറയുന്നു.

തിരിച്ച് ഹോട്ടൽ മുറിയിലെത്തിയിട്ടും ഭയം മാറിയിരുന്നില്ല. വാതിൽ ആരെങ്കിലും തള്ളിത്തുറക്കുമോയെന്ന് ഭയന്ന് സോഫ വാതിലിനോട് ചേർത്തിട്ടാണ് ഇരുന്നത്. തിരിച്ചു പോകാനായി ടിക്കറ്റ് എടുത്തു തരാൻ പോലും സിനിമാ നിർമാതാവ് തയാറായില്ല. സംഭവത്തെക്കുറിച്ച് ഡോക്യുമെന്‍ററി സംവിധായകൻ ജോഷി ജോസഫിനോട് പരാതിപ്പെട്ടിരുന്നു. എന്നാൽ മറ്റു നടപടികൾ ഒന്നും ഉണ്ടായില്ല. പ്രതികരിച്ചതിനാൽ പാലേരി മാണിക്യത്തിലും മറ്റൊരു മലയാള സിനിമയിലും തനിക്ക് അവസരം ലഭിച്ചില്ലെന്നും അവർ വ്യക്തമാക്കി.

logo
Metro Vaartha
www.metrovaartha.com