
പത്തനംതിട്ട : വനാതിര്‍ത്തി പ്രദേശങ്ങളില്‍ താമസിക്കുന്ന ജനങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് മനസിലാക്കുന്നതിനും പരിഹാരം കണ്ടെത്തുന്നതിനുമായി സര്‍ക്കാര്‍ ആവിഷ്‌കരിച്ച ജില്ലാ തല വന സൗഹൃദസദസ് 24 ന് ചിറ്റാറിൽ നടക്കും. വനാതിര്‍ത്തി പങ്കിടുന്ന റാന്നി, കോന്നി മണ്ഡലങ്ങളിലെ പ്രശ്നങ്ങള്‍ ഈ സദസില്‍ ചര്‍ച്ച ചെയ്യും. വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രനും ആരോഗ്യമന്ത്രി വീണാ ജോര്‍ജും പങ്കെടുക്കും
സംസ്ഥാന സര്‍ക്കാരിന്‍റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ചിറ്റാര്‍ ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അങ്കണത്തില്‍ ആണ് പരിപാടി.ഏപ്രില്‍ 23 ന് രാവിലെ 10ന് വനം, വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്റെ നേതൃത്വത്തില്‍ വനസൗഹൃദ ചര്‍ച്ച സംഘടിപ്പിക്കും. ഇതിനൊപ്പം നിവേദനങ്ങളും നിര്‍ദേശങ്ങളും സ്വീകരിക്കും. ത്രിതല പഞ്ചായത്ത് പ്രതിനിധികളെ ഉള്‍ക്കൊള്ളിച്ചു കൊണ്ട് പഞ്ചായത്ത് തലത്തിലുള്ള വനവുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. എംഎല്‍എമാരായ അഡ്വ. കെ.യു. ജനീഷ്‌കുമാര്‍, അഡ്വ. പ്രമോദ് നാരായണ്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ജില്ലാതല വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
തുടർന്ന് രാവിലെ 11ന് പത്തനംതിട്ട ജില്ലയിലെ വനസൗഹൃദ സദസ് വനം, വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ആരോഗ്യ, വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മുഖ്യാതിഥിയാകും. അഡ്വ. കെ.യു. ജനീഷ്‌കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. വിവിധ ധനസഹായങ്ങളുടെയും ആനൂകൂല്യങ്ങളുടെയും വിതരണം അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ നിര്‍വഹിക്കും.
ആന്റോ ആന്റണി എംപി അതിഥിയാകുന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ സതേണ്‍ സര്‍ക്കിള്‍ കൊല്ലം ഡോ. സഞ്ജയന്‍ കുമാര്‍, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍, പി.സി.സി.എഫ് ആന്‍ഡ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഗംഗാസിങ്, റാന്നി ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ പി.കെ. ജയകുമാര്‍ ശര്‍മ്മ, കൊല്ലം സാമൂഹ്യ വനവത്കരണ വിഭാഗം ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എ.പി. സുനില്‍ ബാബു, കോന്നി ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ ആയുഷ്‌കുമാര്‍ കോറി, അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് സി.കെ. ഹാബി, റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഗോപി, കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. തുളസീധരന്‍പിള്ള, മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹന്‍, ജില്ലാ പഞ്ചായത്ത് അംഗം ലേഖ സുരേഷ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ജനപ്രതിനിധികള്‍, ജില്ലാതല വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
വയനാട് മാനന്തവാടിയില്‍ ഏപ്രില്‍ രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത് തുടക്കം കുറിച്ച വന സൗഹൃദസദസ് സംസ്ഥാനത്ത് 20 വേദികളിലായി സംഘടിപ്പിക്കുന്നുണ്ട്. ഏപ്രില്‍ 28 ന് തിരുവനന്തപുരത്ത് സമാപിക്കും.
മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ വിദഗ്ധരില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും സ്വീകരിക്കുന്നതിനും വനംവകുപ്പ് കൈകൊണ്ടതും സ്വീകരിച്ച് വരുന്നതുമായ പദ്ധതികളെക്കുറിച്ച് വിശദീകരണം നല്‍കുന്നതിനുമാണ് വനസൗഹൃദസദസ് സംഘടിപ്പിക്കുന്നത്. വനത്തിനുള്ളിലും വനാതിര്‍ത്തിയിലും താമസിക്കുന്ന ജനങ്ങളുടെ അഭിപ്രായങ്ങളും ആവശ്യങ്ങളും പരിഗണിച്ച്, പ്രാദേശിക പരിഗണന നല്‍കി നൂതനപദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിനും പൊതുജനപങ്കാളിത്തത്തിലൂടെ വനപരിപാലനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും വനസദസ് ലക്ഷ്യമിടുന്നു.
വനാതിര്‍ത്തി പങ്കിടുന്ന റാന്നി, കോന്നി നിയോജകമണ്ഡലങ്ങളില്‍ ഉള്‍പ്പെട്ട പഞ്ചായത്തുകളായ അങ്ങാടി, കൊറ്റനാട്, കോട്ടങ്ങല്‍, നാറാണമൂഴി, പഴവങ്ങാടി, പെരുനാട്, വടശേരിക്കര, അരുവാപ്പുലം, ചിറ്റാര്‍, കലഞ്ഞൂര്‍, കോന്നി, മലയാലപ്പുഴ, സീതത്തോട്, തണ്ണിത്തോട്, റാന്നി, വെച്ചൂച്ചിറ എന്നിവിടങ്ങളിലെ പ്രശ്നങ്ങള്‍ വനസൗഹൃദസദസില്‍ ചര്‍ച്ച ചെയ്യും.