ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ കേസ്; ഡോക്‌ടറെയും 2 നഴ്സുമാരെയും അറസ്റ്റു ചെയ്ത് വിട്ടയച്ചു

സിആർപിസി 41 എ പ്രകാരം 7 ദിവസത്തിനകം ഹാജരാകണമെന്നാവശ്യപ്പെട്ട് പ്രതികൾക്ക് പൊലീസ് നോട്ടീസയച്ചിരുന്നു
ഹർഷിന
ഹർഷിന

കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ പന്തീരാങ്കാവ് സ്വദേശി കെ.കെ. ഹർഷീനയുടെ വയറ്റിൽ കത്രിക കുടുങ്ങിയതുമായി ബന്ധപ്പെട്ട കേസിൽ മൂന്നു പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. ഒന്നാം പ്രതി ഡോ സി.കെ. രമേശൻ, മൂന്നും നാലും പ്രതികളായ നേഴ്‌സുമാർ എം.രഹന, കെ.ജി. മഞ്ജു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. എസിപി സുദർശൻ മുൻപാകെയാണ് പ്രതികൾ ഹാജരായത്. ചോദ്യം ചെയ്യലിനു പിന്നാലെയായിരുന്നു അറസ്റ്റ്.

സിആർപിസി 41 എ പ്രകാരം 7 ദിവസത്തിനകം ഹാജരാകണമെന്നാവശ്യപ്പെട്ട് പ്രതികൾക്ക് പൊലീസ് നോട്ടീസയച്ചിരുന്നു. ഇത് പ്രകാരമാണ് ഏഴാം ദിവസമായ വ്യാഴാഴ്ച പ്രതികൾ ഹാജരായത്. രണ്ടാം പ്രതി കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്തു വരുന്ന ഗൈനക്കോളജിസ്റ്റ് ഡോ. എം.ഷഹാന ഇതുവരെ ഹാജരായിട്ടില്ലെന്നാണ് വിവരം.

കേസിൽ കരട് കുറ്റപത്രം തയ്യാറാക്കി സർക്കാരിന് നൽകും. ശേഷം വിചാരണ ചെയ്യാൻ സർക്കാരിന്‍റെ അനുമതി തേടും. എന്നാൽ മെഡിക്കൽ കോളെജിൽ നിന്നല്ല കത്രിക കുടുങ്ങിയത് എന്ന വാദത്തിൽ ഉറച്ച് നിൽക്കുകയാണ് പ്രതികൾ.

ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയെന്നാരോപിച്ച് കഴിഞ്ഞ ഫെബ്രുവരി 26നാണ് ഹർഷിന സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയത്. 2017 നവംബർ 30 നാ‍യിരുന്നു കോഴിക്കോട് മെഡിക്കൽ കോളെജിൽ ഹർഷിനയുടെ മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയ്ക്കു ശേഷം തുടർച്ചയായി വേദനയും രക്തസ്രാവവും ഉണ്ടായിരുന്നു. തുടർന്ന് വിവിധ ആശുപത്രികളിൽ ചികിത്സ തേടി. പിന്നീട് 2022 ൽ നടത്തിയ സിടി സ്കാനിലാണ് വയറ്റിൽ കത്രിക ഉള്ളതായി കണ്ടെത്തിയത്. 2022 സെപ്റ്റംബർ 17ന് മെഡിക്കൽ കോളെജിൽ നടന്ന ശസ്ത്രക്രിയയിൽ 6.1 സെന്‍റീമീറ്റർ നീളവും 5.5 സെന്‍റീമീറ്റർ വീതിയുമുള്ള കത്രിക പുറത്തെടുത്തു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com