
ഡോക്റ്റർമാർ സമരം ശക്തമാക്കുന്നു.
പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സര്‍ക്കാര്‍ മെഡിക്കല്‍ കോളെജ് ഡോക്റ്റര്‍മാര്‍ പ്രതിഷേധം ശക്തമാക്കുന്നു. തിങ്കളാഴ്ച ഒപി ബഹിഷ്‌കരിക്കാനാണ് തീരുമാനം. നിലവില്‍ നടക്കുന്ന സമരം ശക്തമാക്കുന്നതിനോടനുബന്ധിച്ചാണ് ബഹിഷ്‌കരണം. കെജിഎംസിടിഎയുടെ നേതൃത്വത്തിലാണ് സമരം.
ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കാത്ത സാഹചര്യത്തിലാണ് ഒപി നിര്‍ത്തിവച്ചുള്ള സമരം. ഇത്തരത്തില്‍ ഒരു സമരരീതിയിലേക്കു തങ്ങളെ തള്ളിവിട്ടതിന്‍റെ ഉത്തരവാദിത്വം സര്‍ക്കാരിനു മാത്രമാണെന്ന് കെജിഎംസിടിഎ ആരോപിച്ചു.
പണിമുടക്കുന്ന ഒപി ദിവസങ്ങളിൽ ജൂനിയർ ഡോക്റ്റർമാരുടെയും പിജി ഡോക്റ്റർമാരുടെയും സാന്നിധ്യം മാത്രമേ ഉണ്ടാവുകയുള്ളൂ. അത്യാവശ്യ ചികിത്സ ആവശ്യമുള്ളവർ മാത്രം തിങ്കളാഴ്ച ആശുപത്രിയിൽ എത്തണമെന്നും സംഘടന.
ഇതിനു ശേഷവും സർക്കാരിൽ നിന്നും അധികാരികളിൽ നിന്നും അനുകൂലമായ നടപടി ഉണ്ടായില്ലെങ്കിൽ റിലേ അടിസ്ഥാനത്തിൽ ഒക്റ്റോബർ 28, നവംബർ 5, 13, 21, 29 തീയതികളിൽ ഒപി ബഹിഷ്കരണം തുടരും.
ഈ ദിവസങ്ങളിൽ ക്ലാസുകളും ബഹിഷ്കരിക്കും. ഇതിനോടൊപ്പം ചട്ടപ്പടി സമരം തുടങ്ങുകയും നിസഹകരണ സമരം തുടരുകയും ചെയ്യുമെന്നും സംഘടന അറിയിച്ചു.