

കൊച്ചി: യുവ ഡോക്റ്റർ ഷഹനയുടെ ആത്മഹത്യയിൽ പങ്കില്ലെന്നു ഡോ. റുവൈസ്. ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് റുവൈസ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. പ്രതി ഡോ. റുവൈസ് നൽകിയ ജാമ്യഹർജിയിൽ ഹൈക്കോടതി സർക്കാരിന്‍റെ വിശദീകരണം തേടിയിട്ടുണ്ട്. റുവൈസിന്‍റെ ഹർജി കോടതി തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റി. റുവൈസിന്‍റെ പിതാവ് അബ്ദുൽ റഷീദിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു.
മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് കേസെന്നാണ് റുവൈസ് ആരോപിക്കുന്നത്. പഠനശേഷം വിവാഹം നടത്താനാണു തീരുമാനിച്ചിരുന്നത്. എന്നാൽ വിവാഹം പെട്ടെന്നു വേണമെന്നു ഷഹന നിർബന്ധിച്ചു. ഇതു പറ്റില്ലെന്ന് പറഞ്ഞിരുന്നതായും റുവൈസ് ഹർജിയിൽ പറയുന്നു.
മുമ്പ്, റുവൈസിന്‍റെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. അതീവ ഗൗരവമായ കുറ്റമാണെന്നു നിരീക്ഷിച്ച കോടതി, പ്രതിക്കു ജാമ്യം നൽകിയാൽ കേസന്വേഷണത്തെ ബാധിക്കുമെന്ന പ്രോസിക്യൂട്ടറുടെ വാദം പരിഗണിച്ചു ജാമ്യാപേക്ഷ തള്ളുകയായിരുന്നു.
ഒപി ടിക്കറ്റിനു പുറകിൽ ഷഹന എഴുതിയ ആത്മഹത്യാക്കുറിപ്പിന്‍റെ അടിസ്ഥാനത്തിലാണ് ഡോ. റുവൈസിനെ കേസിൽ പ്രതി ചേർത്തത്. ''അവരുടെ സ്ത്രീധനമോഹം മൂലം എന്‍റെ ജീവിതം അവസാനിപ്പിക്കുന്നു. ഇത്ര പണം ആവശ്യപ്പെടുന്നത് അവന്‍റെ സദോഹരിക്ക് വേണ്ടിയാണോ. ഞാൻ വഞ്ചിക്കപ്പെട്ടു,'' എന്നായിരുന്നു ആത്മഹത്യാക്കുറിപ്പിൽ എഴുതിയിരുന്നത്. ഈ വരികളുടെയും ബന്ധുക്കളുടെ മൊഴികളുടെയും സാഹചര്യത്തെളിവുകളുടെയും പശ്ചാത്തലത്തിലാണ് റുവൈസിനെ കേസില്‍ പ്രതി ചേര്‍ത്തതും പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തിയതും. കത്തിൽ റുവൈസിന്‍റെ പേരും സൂചിപ്പിച്ചിട്ടുണ്ട്.
എന്നാൽ ആത്മഹത്യക്കുറിപ്പിൽ റുവൈസിന്‍റെ പേരില്ലെന്നായിരുന്നു ആദ്യഘട്ടത്തിൽ പൊലീസ് പറഞ്ഞിരുന്നത്. റുവൈസ് സ്ത്രീധനം ചോദിച്ചെന്ന ബന്ധുക്കളുടെ മൊഴിയും മറച്ചുവച്ചു.
പിന്നീട് ഷഹനയുടെ ആത്മഹത്യ ചർച്ചയായതിന് ശേഷമാണ് പൊലീസ് റുവൈസിനെതിരേ കേസെടുക്കാൻ തയാറായത്. ആത്മഹത്യ ചെയ്യുകയാണെന്ന് കാണിച്ചു ഷഹന റുവൈസിന് വാട്സ്ആപ്പ് സന്ദേശം അയച്ചിരുന്നു. ഇത് അറിഞ്ഞിട്ടും റുവൈസ് തടയാനോ സംസാരിക്കാനോ കൂട്ടാക്കിയില്ല. സന്ദേശം എത്തിയതിന് പിന്നാലെ റുവൈസ് ഷഹനയുടെ നമ്പർ ബ്ലോക്കും ചെയ്തു. ഇത് ഷഹനയുടെ മനോനില കൂടുതൽ തകർക്കാൻ ഇടയാക്കിയിട്ടുണ്ടെന്നാണ് പൊലീസിന്‍റെ വിലയിരുത്തൽ. അറസ്റ്റിലാകുന്നതിന് മുമ്പ് ഷഹന അയച്ച സന്ദേശം റുവൈസ് ഡിലീറ്റ് ചെയ്തിരുന്നു. പക്ഷെ കഴക്കൂട്ടം അസി.കമ്മീഷണറുടെ ചോദ്യം ചെയ്യലിൽ ഷഹന സന്ദേശം അയച്ചിരുന്നതായി റുവൈസ് സമ്മതിച്ചു.