തിരുവനന്തപുരം: അടുത്ത സംസ്ഥാന ചീഫ് സെക്രട്ടറിയായി പ്ലാനിങ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരനെ നിയമിക്കാൻ മന്ത്രിസഭായോഗ തീരുമാനം. നിലവിലെ ചീഫ് സെക്രട്ടറി ഡോ. വി. വേണു 31ന് ഒഴിയുന്ന മുറയ്ക്കാവും ഇത്. ഡോ. വേണുവിന്‍റെ ഭാര്യയാണ് ശാരദ. ഇതാദ്യമായാണ് ഭര്‍ത്താവിനു പിന്നാലെ ഭാര്യചീഫ് സെക്രട്ടറി സ്ഥാനത്ത് എത്തുന്നത്. 1990 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥരാണ് ഇരുവരും.
നേരത്തേയും ദമ്പതികള്‍ ചീഫ് സെക്രട്ടറിമാരായായിട്ടുണ്ട്. വി. രാമചന്ദ്രന്‍ – പദ്മ രാമചന്ദ്രന്‍, ബാബു ജേക്കബ് – ലിസി ജേക്കബ് എന്നിവർ ചീഫ് സെക്രട്ടറിമാരായ ദമ്പതിമാരാണ്. എന്നാൽ ഭർത്താവു വിരമിച്ചതിനു തൊട്ടുപിന്നാലെ ഭാര്യ ചീഫ് സെക്രട്ടറിയാവുന്നത് ഇതാദ്യം.
സംസ്ഥാനത്തെ ആദ്യ വനിതാ ചീഫ് സെക്രട്ടറിയായിരുന്നു പദ്മ രാമചന്ദ്രന്‍. ആ സ്ഥാനത്ത് എത്തുന്ന അഞ്ചാമത്തെ വനിതയാണ് ശാരദ. 2025 ഏപ്രില്‍ വരെകാലാവധിയുണ്ട്. 50ാമത് ചീഫ് സെക്രട്ടറിയാണ്.
ഇന്ത്യന്‍ വിനോദസഞ്ചാരത്തിന്‍റെ ടാഗ് ലൈനായി അറിയപ്പെട്ട "ഇന്‍ക്രെഡിബിള്‍ ഇന്ത്യ' എന്ന പരസ്യവാചകം സൃഷ്ടിച്ചത് കേന്ദ്രത്തില്‍ ടൂറിസം ഡയറക്റ്ററായിരിക്കുമ്പോള്‍ വേണുവാണ്. നോര്‍ക്കയുടെ പ്രോജക്റ്റ് റിപ്പോര്‍ട്ട് തയാറാക്കി. അതിനെ ആദ്യം നയിച്ചു. റീബിൽഡ് കേരളയിൽ സിഇഒ, കണ്ണൂർ എയർ പോർട്ട് എംഡി എന്നീ നിലകളിലും പ്രവർത്തിച്ചു. കേന്ദ്ര ടൂറിസം ഡെപ്യൂട്ടി സെക്രട്ടറി, സാംസ്‌കാരിക വകുപ്പ് ജോയിന്‍റ് സെക്രട്ടറി, ഡല്‍ഹി നാഷണല്‍ മ്യൂസിയം തലവന്‍ തുടങ്ങിയ നിലകളില്‍ കേന്ദ്ര ഡെപ്യൂട്ടേഷനിലും പ്രവര്‍ത്തിച്ചു. നാഷണല്‍ മ്യൂസിയത്തെ നവീകരിച്ചതും ഒട്ടേറെ പുതിയ ഗാലറികള്‍ തുറന്നതും ഇക്കാലത്താണ്. നാഷണല്‍ മ്യൂസിയം ഇന്‍സ്റ്റിറ്റ്യൂട്ട് വൈസ് ചാന്‍സലറുടെ ചുമതലയുമുണ്ടായിരുന്നു.
തിരുവനന്തപുരം തൈക്കാടാണ് ശാരദ മുരളീധരന്‍റെ സ്വദേശം. അച്ഛന്‍ ഡോ. കെ.എ. മുരളീധരനും അമ്മ കെ.എ. ഗോമതിയും എന്‍ജിനീയറിങ് കോളെജില്‍ അധ്യപകരായിരുന്നു. എസ്എസ്എല്‍സി പരീക്ഷയില്‍ ഒന്നാം റാങ്ക്. പിന്നീട് തിരുവനന്തപുരം വിമന്‍സ് കോളെജില്‍. എംഎയ്ക്ക് 1988ല്‍ കേരളാ യൂണിവേഴ്സിറ്റിയില്‍ ഒന്നാം റാങ്ക്. പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയില്‍ പിഎച്ച്ഡിക്ക് പഠിക്കുന്നതിനിടെയാണ് സിവില്‍ സര്‍വീസ് പരീക്ഷയും അഭിമുഖവും. ഐഎഎസ് ട്രെയ്‌നിങ് സമയത്താണ് ജീവിത പങ്കാളിയായി ഡോ. വി. വേണുവിനെ കണ്ടെത്തിയത്.
കുടുംബശ്രീ മിഷന് നേതൃത്വം വഹിച്ച ശാരദ നഗരാസൂത്രണത്തിലും മികവ് കാട്ടി. നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ ഡയറക്റ്റര്‍ ജനറലായി. മകള്‍ കല്യാണി നര്‍ത്തകിയാണ്. മകന്‍ ശബരി കാര്‍ട്ടൂണിസ്റ്റും ചിത്രകാരനുമാണ്.