പാലോളി അഴിമതിയുടെ നിഴൽ വീഴാത്ത നേതാവ്: ഡോ. സിദ്ദീഖ് അഹമ്മദ്

തന്‍റെ ക്ഷണം സ്വീകരിച്ച് വീട്ടിൽ പാലോളി എത്തിയ വിവരം ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് വിശേഷണം
പാലോണി മുഹമ്മദ് കുട്ടിയും ഡോ. സിദ്ദീഖ് അഹമ്മദും
പാലോണി മുഹമ്മദ് കുട്ടിയും ഡോ. സിദ്ദീഖ് അഹമ്മദും
Updated on

കോഴിക്കോട്: രണ്ട് തവണ മന്ത്രിയായിട്ടും അഴിമതിയുടെ നിഴൽ വീഴാത്ത ജനനായകനാണ് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം പാലോളി മുഹമ്മദ് കുട്ടിയെന്ന് പ്രമുഖ വ്യവസായി ഡോ. സിദ്ദീഖ് അഹമ്മദ്. ഉയിരും ഉശിരും പാർട്ടിക്കുവേണ്ടി ഉഴിഞ്ഞുവെച്ച ജനനായകനായ അദ്ദേഹം ഇഎംഎസ്, എകെജി, ഗൗരിയമ്മ തുടങ്ങിയ മുൻനിര നേതാക്കളുടെ പിൻഗാമിയാണെന്നും സിദ്ദീഖ് അഹമ്മദ് പറഞ്ഞു.

തന്‍റെ ക്ഷണം സ്വീകരിച്ച് വീട്ടിൽ പാലോളി എത്തിയ വിവരം ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിലാണ് ഡോ. സിദ്ദീഖ് പാലോളിയുടെ കറ പുരളാത്ത പൊതുജീവിതത്തെക്കുറിച്ച് സൂചിപ്പിച്ചത്.

ജീവിതത്തിന്‍റെ മുഖ്യ ധാരയിൽ നിന്ന്​ ആട്ടിയകറ്റപ്പെടുന്ന, ചൂഷണം ചെയ്യപ്പെടുന്ന മനുഷ്യരുടെ വേദനയായിരുന്നു അദ്ദേഹത്തിന്‍റെ ആശങ്ക. അവർക്കു വേണ്ടി സമർപ്പിക്കുകയായിരുന്നു ആ ജീവിതം. സ്വന്തമായി ഒന്നും കൂട്ടിവയ്ക്കാതെ മറ്റുള്ളവന്​ വേണ്ടി ഉരുകിത്തീരുന്ന ജീവിതത്തിന്​ ഇന്നും കത്തുന്ന വിളക്കിന്‍റെ തെളിച്ചമുണ്ട്​. മലപ്പുറത്ത്​ ഇടതു രാഷ്​ട്രീയം അപ്രാപ്യമായിരുന്ന കാലത്താണ്​ പാലോളി പാർട്ടിയിൽ ചേരുന്നത്. പാലോളി മുഹമ്മദ് കുട്ടി കമ്മ്യൂണിസ്റ്റ് പാർട്ടിയിലേക്ക് കടന്നുവന്ന കാലത്തെ സ്ഥിതിഗതികൾ വ്യത്യസ്തമായിരുന്നു.

1946 ൽ വിദ്യാർഥിയായിരിക്കുമ്പോഴാണ് സ്റ്റുഡന്‍റ്സ് ഫെഡറേഷനിൽ അംഗത്വമെടുക്കുന്നത്. അന്ന്, കമ്മ്യൂണിസ്റ്റ് അനുഭാവിയാവുക എന്നാൽ, കുടുംബത്തിൽ നിന്ന് പുറത്താക്കപ്പെടുക, സമുദായം ഭ്രഷ്ട് കൽപ്പിക്കുക തുടങ്ങിയ സാമൂഹിക ശിക്ഷകൾക്ക് വിധേയരാകേണ്ടിവന്നിരുന്നു. പാലോളിയും അത്തരം ശിക്ഷകൾക്ക് വിധേയനായിട്ടുണ്ടെന്നും സിദ്ദീഖ് ഫേസ് ബുക്കിൽ പങ്കുവെച്ച പോസ്റ്റിൽ പറയുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com