
ഡോ. വി.പി. ഗംഗാധരന്‍
file image
കൊച്ചി: പ്രമുഖ ക്യാൻസർ സ്പെഷ്യലിസ്റ്റ് ഡോ. വി.പി. ഗംഗാധരന് വധഭീഷണി. 8.25 ലക്ഷം രൂപ ‘ബ്ലഡ് മണി’യായി നൽകണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഭീഷണിക്കത്ത്. ഇത് കിട്ടിയില്ലെങ്കിൽ ഡോക്റ്ററെയും കുടുംബത്തെയും അപായപ്പെടുത്തുമെന്നും കത്തിൽ വ്യക്തമാക്കുന്നു.
മുംബൈയിൽ പ്രവർത്തിക്കുന്നതായി അറിയപ്പെടുന്ന ‘സിറ്റിസൺ ഫോർ ജസ്റ്റിസ്’ എന്ന സംഘടനയുടെ പേരിലാണ് കത്ത് എത്തിയത്. ഡോ. ഗംഗാധരന്‍റെ ചികിത്സയിലെ പിഴവ് ഒരു പെൺകുട്ടിയുടെ മരണത്തിനു കാരണമായെന്നും തുടർന്ന് പെൺകുട്ടിയുടെ അമ്മ ആത്മഹത്യ ചെയ്തെന്നുമാണ് കത്തിലെ ആരോപണം. ഇതിൽ നീതി തേടി പെൺകുട്ടിയുടെ പിതാവാണ് തങ്ങളെ സമീപിച്ചത്.
കത്തിൽ നൽകിയ ക്യുആർ കോഡ് ഉപയോഗിച്ച് 8.25 ലക്ഷം രൂപ ബിറ്റ്‌കോയിൻ ആയി നൽകണമെന്നും അല്ലെങ്കിൽ ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും ഭീഷണി കത്തിൽ പറയുന്നു.
തപാല്‍ വഴി മേയ് 17 ന് ലഭിച്ച കത്തിന്‍റെ പശ്ചാത്തലത്തില്‍ ഡോ. ഗംഗാധരന്‍ മരട് പൊലീസില്‍ നൽകിയ പരാതിയില്‍ അന്വേഷണം ആരംഭിച്ചു. ഭീഷണിപ്പെടുത്തല്‍, വധഭീഷണി, പണം തട്ടിയെടുക്കല്‍ ശ്രമം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു. കത്തിന്‍റെ ഉറവിടം മനസിലാക്കാന്‍ പൊലീസ് തപാല്‍ വകുപ്പിന്‍റെ സഹായം തേടിയിട്ടുണ്ട്.