ആക്രമിക്കാന്‍ ലക്ഷ്യമിട്ടത് പുരുഷ ഡോക്ടറെ...!: സന്ദീപിന് മാനസിക പ്രശ്നങ്ങളില്ലെന്ന് സ്ഥിരീകരണം

'ആശുപത്രിയിലെത്തി പരിശോധിക്കുന്നതിനിടെ, അവിടെയുള്ളവരുടെ സംസാരം ഇഷ്ടമായില്ല. അവരും എന്നെ ഉപദ്രവിക്കും എന്ന് ഭയന്നതോടെയാണ് കത്രിക എടുത്തത്'
ആക്രമിക്കാന്‍ ലക്ഷ്യമിട്ടത് പുരുഷ ഡോക്ടറെ...!:  സന്ദീപിന് മാനസിക പ്രശ്നങ്ങളില്ലെന്ന് സ്ഥിരീകരണം
Updated on

തിരുവനന്തപുരം: ഡോ. വന്ദന ദാസിന്‍റെ കൊലപാതകത്തിൽ പ്രതി സന്ദീപിന് മാനസിക പ്രശ്നങ്ങൾ ഇല്ലെന്ന് ഡോക്ടർ. പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ അരുണും സംഘവും ജയി ലിലെത്തിയാണ് സന്ദീപിനെ പരിശോധിച്ചത്. മാനസിക കേന്ദ്രത്തിൽ കൊണ്ടു പോയി ചികിത്സിക്കേണ്ട പ്രശ്നങ്ങൾ ഇല്ലെന്നാണ് ഡോക്ടറുടെ റിപ്പോർട്ട്. സന്ദീപ് എല്ലാ കാര്യങ്ങളെക്കുറിച്ചും കൃത്യമായി പ്രതികരിക്കുന്നുണ്ട്.

താൻ ലഹരിക്ക് അടിമയല്ലെന്ന് ജയിൽ അധികൃതരോട് സന്ദീപ് പറഞ്ഞു. സംഭവ ദിവസം മദ്യപിച്ചിരുന്നു. നാട്ടുകാർ തന്നെ മർദിച്ചു. നാട്ടുകാർ പിന്തുടർന്നപ്പോൾ പൊലീസിനെ ആദ്യം വിളിച്ചു. പിന്നെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് കുറ്റിക്കാട്ടിൽ ഒളിച്ചിരുന്നുവെന്നും സന്ദീപ് പറയുന്നു.

ആശുപത്രിയിലെത്തി പരിശോധിക്കുന്നതിനിടെ, അവിടെയുള്ളവരുടെ സംസാരം ഇഷ്ടമായില്ല. അവരും തന്നെ ഉപദ്രവിക്കും എന്ന് ഭയന്നതോടെയാണ് കത്രിക എടുത്തത്. പുരുഷ ഡോക്ടറെ ഉപദ്രവിക്കാനായിരുന്നു ശ്രമമെന്നും വന്ദനയെ ലക്ഷ്യം വച്ചില്ലായിരുന്നു എന്നുമാണ് സന്ദീപിന്‍റെ ഏറ്റുപറച്ചില്‍. രക്ഷപെടാനുള്ള തന്ത്രമാണോ ഈ മൊഴി എന്ന് പൊലീസ് സംശയിക്കുന്നുണ്ട്.

അതേസമയം, പ്രതിയെ കസ്റ്റഡിയിൽ കിട്ടാൻ അന്വേഷണ സംഘം തിങ്കളാഴ്ച കോടതിയിൽ അപേക്ഷ നൽകും. കൊല്ലപ്പെടുമെന്ന് സന്ദീപ് ഭയപ്പെട്ട കാര്യത്തെക്കുറിച്ചും പരിശോധിക്കും. ആശുപത്രിയിലെ സിസിടിവിയുടെ ഹാര്‍ഡ് ഡിസ്കുകൾ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com