വിവാദമുണ്ടാക്കുന്നവർ നാടകം കാണണം, അവതരണം നിർത്തണോയെന്നു പൊതുസമൂഹം പറയട്ടെ: കക്കുകളിയുടെ രചയിതാവ്

ഒരു വർഷത്തോളമായി പതിനഞ്ചോളം വേദികളിൽ അവതരിപ്പിച്ചു. ഗുരുവായൂർ മുൻസിപ്പാലിറ്റിയുടെ വേദിയിൽ അവതരിപ്പിക്കാൻ എത്തിയപ്പോഴാണ് പ്രശ്നങ്ങൾ ഉണ്ടായത്
വിവാദമുണ്ടാക്കുന്നവർ നാടകം കാണണം, അവതരണം നിർത്തണോയെന്നു പൊതുസമൂഹം പറയട്ടെ: കക്കുകളിയുടെ രചയിതാവ്

അനൂപ് കെ. മോഹൻ

കക്കുകളി നാടകം നിരോധിക്കണോ വേണ്ടയോ എന്നു പൊതുസമൂഹം തീരുമാനിക്കട്ടേയെന്നു നാടകാവിഷ്കാരത്തിന്‍റെ രചയിതാവ് കെ. ബി. അജയകുമാർ. ഫ്രാൻസിസ് നൊറോണയുടെ കക്കുകളി എന്ന കഥയെ ആസ്പദമാക്കി അതേപേരിൽ സ്വതന്ത്രനാടകാവിഷ്കാരം ഒരുക്കിയത് അജയകുമാറാണ്. ആലപ്പുഴ പരവൂർ നെയ്തൽ നാടകസംഘം രംഗത്തവതരിപ്പിച്ചു വരുന്നതിനിടെയാണ് വിവാദങ്ങളുടെ കർട്ടനുയരുന്നത്. നാടകം നിരോധിക്കാൻ സർക്കാർ ഇടപെടണമെന്ന ആവശ്യവുമായി കെസിബിസി രംഗത്തെത്തി. അരികുവത്ക്കരിക്കപ്പെട്ടവരുടെ കഥ പറയുന്ന നാടകം, സമൂഹത്തിലെ പ്രതിലോമകരമായ കാര്യങ്ങളെ കുറച്ചുകൊണ്ടുവരാനും, തിരിച്ചറിവുണ്ടാക്കാനും, മെച്ചപ്പെട്ട സമൂഹം സൃഷ്ടിക്കാനും കല എന്ന രീതിയിൽ ഇടപെടൽ നടത്തുക മാത്രമാണു ചെയ്യുന്നതെന്നും അജയകുമാർ പറയുന്നു. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ആലപ്പുഴ സ്വദേശിയായ സാംസ്കാരിക പ്രവർത്തകൻ അജയകുമാർ മെട്രൊ വാർത്തയോട് സംസാരിക്കുന്നു.

വസ്തുതകൾ തുറന്നു പറയാൻ ശ്രമിച്ചു

ഫ്രാൻസിസ് നൊറോണയുടെ കക്കുകളി എന്ന കഥയുടെ ആന്തരികമായ വായന നാടകത്തിലൂടെ നടത്തിയിട്ടുണ്ട്. അരികുവത്ക്കരിക്കപ്പെട്ട തീരദേശത്തു ജീവിക്കുന്ന കുട്ടിയുടെ കഥയാണു കക്കുകളി. നാടകം കണ്ട വിശ്വാസി സമൂഹത്തിൽപ്പെട്ട ധാരാളം പേർ സംസാരിച്ചിരുന്നു. ഇപ്പോൾ വിവാദമുണ്ടായ തരത്തിലുള്ള എന്തെങ്കിലും നാടകത്തിലുള്ളതായി ആരും സൂചിപ്പിച്ചിട്ടില്ല. ചില വസ്തുതകൾ തുറന്നു പറയാൻ ശ്രമിച്ചിട്ടുണ്ട്. ആരെയും വേദനിപ്പിക്കാൻ ബോധപൂർവ്വം ശ്രമിച്ചിട്ടില്ല.

നാടകം കണ്ടവർ പറയട്ടെ

ആശയപരമായി ആ നാടകത്തിന്‍റെ ഉള്ളടക്കം വിശ്വാസസമൂഹത്തിന്‍റെ വിശ്വാസത്തെ മുറുകെപിടിച്ചാണ് അവതരിപ്പിച്ചിരിക്കുന്നത്. ഒരു കഥയുടെ ആന്തരികമായ സൗന്ദര്യത്തെ ദൃശ്യവത്കരിക്കുകയായിരുന്നു. ഒരു തരത്തിലുള്ള പ്രകോപനവും സൃഷ്ടിക്കാൻ ശ്രമിച്ചിട്ടില്ല. അതു ലക്ഷ്യവുമല്ല. കണ്ട ആളുകൾ പറയട്ടേ, കാണാത്തവർ പറഞ്ഞുകേട്ടു പറയുന്നതാണ് ഇപ്പോൾ സംഭവിക്കുന്നത്.

പെട്ടെന്നുണ്ടായ വിവാദം

പെട്ടെന്നാരു വിവാദം ഉണ്ടാകാനുള്ള കാരണം വ്യക്തമല്ല. ഒരു വർഷത്തോളമായി പതിനഞ്ചോളം വേദികളിൽ അവതരിപ്പിച്ചു. ഗുരുവായൂർ മുൻസിപ്പാലിറ്റിയുടെ വേദിയിൽ അവതരിപ്പിക്കാൻ എത്തിയപ്പോഴാണ് പ്രശ്നങ്ങൾ ഉണ്ടായത്. അതിനു മുമ്പ് പയ്യന്നൂരും, കരിവെള്ളൂരും അവതരിപ്പിച്ചിരുന്നു. ആ‌യിരക്കണക്കിനു പേരാണ് നാടകം വീക്ഷിച്ചത്. അവിടെയൊന്നും ഇത്തരത്തിലുള്ള വിവാദം ഉണ്ടായില്ല.

പൊതുസമൂഹം നാടകം കണ്ട ശേഷം അവതരിപ്പിക്കാൻ കൊള്ളില്ലെന്നു പറഞ്ഞാൽ അവതരണം നിർത്താൻ തയാറാണ്. ഒരു തരത്തിലുള്ള വിവാദങ്ങൾക്കും ആഗ്രഹമില്ല. കഴിഞ്ഞ പത്തു വർഷത്തിനിടയിൽ മലയാളത്തിലുണ്ടായ ഏറ്റവും മികച്ച കഥകളിലൊന്നാണ് കക്കുകളി. ആ കഥയ്ക്കു നാടകരൂപം നൽകി അരങ്ങിലെത്തിക്കുകയായിരുന്നു.

തീരജീവിതത്തിന്‍റെ കഥ

ആലപ്പുഴയുടെ തീരജീവിതവുമായി നേരിട്ടുള്ള ബന്ധമുള്ളയാണ് നാടകത്തിന്‍റെ സംവിധായകൻ ജോബി മഠത്തിൽ. അത്തരം പശ്ചാത്തലത്തിലുള്ള കഥ രംഗത്ത് അവതരിപ്പിക്കുക മാത്രമായിരുന്നു ലക്ഷ്യം. 2019-ൽ സ്കൂൾ കലോത്സവത്തിലും, കേരള യൂണിവേഴ്സിറ്റിയിൽ അവതരിപ്പിച്ചു. അവിടെയെല്ലാം ഈ വിഷയം ഇങ്ങനെ തന്നെയാണ് അവതരിപ്പിച്ചത്. അപ്പോഴൊന്നും ഇല്ലാത്ത വിവാദം ഇപ്പോഴുണ്ടാകുന്നതിന്‍റെ കാരണം അജ്ഞാതം. പതിനാലു വേദികളിലും ഇല്ലാത്ത വിവാദം പതിനഞ്ചാമത്തെ വേദിയിൽ ഉണ്ടാവുകയായിരുന്നു.

പുരോഹിതന്മാർക്കു വേണ്ടി ഈ നാടകം അവതരിപ്പിക്കാമോ എന്ന ആവശ്യവുമായി ഒരു സംഘം പുരോഹിതന്മാർ എത്തിയ സംഭവം വരെ ഉണ്ടായിട്ടുണ്ട്. കലാകാരന്മാർ എങ്ങനെയാണ് ഇതൊക്കെ കാണുന്നതെന്നു സന്യാസിസമൂഹം മനസിലാക്കുന്നതു നല്ലതായിരിക്കും എന്നതായിരുന്നു അവരുടെ പക്ഷം. നാടകം കണ്ട ശേഷമായിരുന്നു അവരുടെ പ്രതികരണം. അവർക്കൊന്നും തോന്നാത്ത പ്രശ്നം ഇപ്പോൾ എങ്ങനെയുണ്ടായി എന്നത് അതിശയിപ്പിക്കുന്നുണ്ട്. ഇറ്റ്ഫോക്കിൽ ഏറ്റവും കൂടുതൽ പേർ കണ്ട നാടകങ്ങളിലൊന്നായിരുന്നു കക്കുകളി. മതനിന്ദയുടെ വിഷയമൊന്നും അവിടെ ഉയർന്നു വന്നതേയില്ല.

കലയുടെ ലക്ഷ്യം നവീകരണം

വിവാദമുണ്ടാക്കുന്നവർ നാടകം കണ്ടു കഴിയുമ്പോൾ പ്രശ്നങ്ങൾ അവസാനിക്കുമെന്നാണു പ്രതീക്ഷ. ഏതൊരു കലാരൂപത്തിലും പ്രത്യക്ഷപ്പെടുന്നത് സമൂഹത്തിന്‍റെ ചലനങ്ങളാണ്. സമകാലികമായി കേരളത്തിൽ ഉണ്ടായിട്ടുള്ള പലതരം വിഷയങ്ങൾ നാടകത്തിൽ പ്രതിഫലിക്കുന്നുണ്ട്. അതൊരു പ്രതിഫലനം മാത്രമാണ്. കലയുടെ ലക്ഷ്യം നവീകരണമാണ്. നിങ്ങളിത് തുടരൂ എന്നല്ല, നിങ്ങളിത് തുടരാതിരിക്കൂ എന്നാണു കലയുടെ സന്ദേശം. സമൂഹത്തിലെ പ്രതിലോമകരമായ കാര്യങ്ങളെ കുറച്ചുകൊണ്ടുവരാനും, തിരിച്ചറിവുണ്ടാക്കാനും മെച്ചപ്പെട്ട സമൂഹം സൃഷ്ടിക്കപ്പെടാനുമാണ് കല എപ്പോഴും പ്രവർത്തിക്കുന്നത്. അതുകൊണ്ടു തന്നെ ഉദ്ദേശ്യം തിരിച്ചറിയുമ്പോൾ പൊതുസമൂഹം നാടകത്തെ സ്വീകരിക്കും എന്നുതന്നെയാണു പ്രതീക്ഷ.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com