
നോക്കുകൂലി ചോദിച്ചിട്ട് നൽകിയില്ല; ഡ്രൈവറെ ഭീഷണിപ്പെടുത്തിയെന്ന് പരാതി
ആലപ്പുഴ: നോക്കുകൂലി ആവശ‍്യപ്പെട്ടിട്ട് നൽകാത്തതിന് ലോറി ഡ്രൈവറെ സിഐടിയു തൊഴിലാളികൾ ഭീഷണിപ്പെടുത്തിയതായി പരാതി. തമിഴ്നാട് സ്വദേശിയായ ഡ്രൈവറാണ് ആലപ്പുഴ പൊലീസിൽ പരാതി നൽകിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം കളർകോട് വച്ചായിരുന്നു സംഭവം. തിരുനെൽവേലിയിൽ നിന്നും എത്തിയ സിമന്‍റ് ലോഡിന് ഇറക്കുകൂലിക്കു പുറമെ സിഐടിയു തൊഴിലാളികൾ 1000 രൂപ നോക്കുകൂലി ആവശ‍്യപ്പെട്ടു.
എന്നാൽ പണം നൽകാനാവില്ലെന്നു പറഞ്ഞ ഡ്രൈവർ സ്വയം ലോഡ് ഇറക്കാൻ ശ്രമിക്കുന്നതിനിടെ തന്നെ മർദിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും ലോഡ് ഇറക്കിയില്ലെന്നുമാണ് പരാതി.
പ്രശന്ം അറിഞ്ഞ് സ്ഥലത്തെത്തിയ സിഐടിയു നേതാക്കൾ ലോഡിറക്കിയ ശേഷം ലോറി വിടണമെന്ന് തൊഴിലാളികളോട് ആവശ‍്യപ്പെട്ടിരുന്നുവെങ്കിലും അനുസരിച്ചില്ല.
അടുത്ത ദിവസം എഐടിയുസി തൊഴിലാളികൾ എത്തിയാണ് ലോഡ് ഇറക്കിയത്. ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡിലടക്കം ഡ്രൈവർ പരാതി നൽകിയിട്ടുണ്ട്.