മേയർ ആര്യക്കെതിരേ നിയമ നടപടിക്കൊരുങ്ങി ഡ്രൈവർ യദു

കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ വി​തു​മ്പി മേ​യ​ർ
Driver Yadu is preparing to take legal action against Mayor Arya
Driver Yadu | Mayor Arya Rajendran

തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രൻ സഞ്ചരിച്ച കാർ ഉപയോഗിച്ച് കെഎസ്ആർടിസി ബസ് തടയുകയും ഗതാഗത തടസം ഉണ്ടാക്കുകയും ചെയ്തതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടും പൊലീസ് കേസെടുക്കുന്നില്ലെന്നാരോപിച്ച് ഡ്രൈവർ എൽ.എച്ച്. യദു നിയമനടപടിക്കൊരുങ്ങുന്നു.

തങ്ങൾക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചുവെന്ന മേയറുടെ പരാതി‍യിൽ കന്‍റോൺമെന്‍റ് പൊലീസ് ഡ്രൈവർ യദുവിനെതിരേ കേസെടുത്തെങ്കിലും ബസ് തടഞ്ഞത് ചൂണ്ടിക്കാട്ടി മേയര്‍ക്കും ഭർത്താവ് സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരേ ഡ്രൈവര്‍ നല്‍കിയ പരാതിയില്‍ കേസെടുത്തിരുന്നില്ല. ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി യാത്രക്കാരെ വഴിയിൽ ഇറക്കിവിട്ടെന്നാണ് യദുവിന്‍റെ പരാതി. എന്നാൽ ഡ്രൈവര്‍ മോശമായി പെരുമാറിയതുകൊണ്ടാണ് ബസ് തടഞ്ഞതെന്നാണ് പൊലീസ് വാദം.

മേയറുടെ പരാതി പ്രതിരോധിക്കാനാണ് ഡ്രൈവറുടെ പരാതിയെന്നാണ് പൊലീസ് പറയുന്നത്. മേയറുടെ പരാതിയിൽ വിശദമായ അന്വേഷണം നടക്കുമ്പോൾ യദുവിന്‍റെ പരാതിയും പരിഗണിക്കാമെന്നാണ് പൊലീസ് നിലപാട്. ഇതോടെ, ഡ്യൂട്ടി തടസപ്പെടുത്തിയതിനും മേയർക്കും എംഎൽഎയ്ക്കും എതിരെ കേസെടുക്കാത്തതിനെതിരേയും തനിക്കുണ്ടായ മാനനഷ്ടത്തിനും ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്യാനാണ് യദുവിന്‍റെ തീരുമാനം.

തിരുവനന്തപുരം നഗരത്തിൽ ഞായറാഴ്ച രാത്രിയുണ്ടായ സംഭവത്തെ തുടര്‍ന്ന് ഡ്രൈവറെ കെഎസ്ആര്‍ടിസി ഡ്യൂട്ടിയില്‍ നിന്ന് വിലക്കിയിരുന്നു. പ്രഥമിക അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചശേഷമായിരിക്കും തുടര്‍ നടപടി. സംഭവമുണ്ടായ ബസിലെ ക്യാമറ ദൃശ്യങ്ങള്‍ പരിശോധിക്കാനുള്ള നീക്കം പൊലിസ് തുടങ്ങി. ഇതിന് അനുമതി തേടി കന്‍റോണ്‍മെന്‍റ് പൊലിസ് കെഎസ്ആർടിസി തമ്പാനൂര്‍ യൂണിറ്റ് ഓഫിസര്‍ക്ക് കത്ത് നല്‍കി.

ക്യാമറാ ദൃശ്യം നിര്‍ണായക തെളിവായേക്കും. ഡ്രൈവര്‍ ക്യാബിനില്‍ നിന്ന് മുന്നിലേക്കും യാത്രക്കാരുടെ ഭാഗത്തേക്കും ബസിന് പിന്നിലുമായി മൂന്ന് ക്യാമറകളാണുള്ളത്. ബസും മേയറുടെ കാറും തമ്മില്‍ മത്സരിച്ച് ഓടിയെന്ന് പറയപ്പെടുന്ന പട്ടം മുതല്‍ പാളയം വരെയുള്ള ദൃശ്യങ്ങള്‍ പരിശോധിക്കാനാണ് പൊലിസ് നീക്കം. ബസ് ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചു, ബസ് ഇടിപ്പിക്കാന്‍ ശ്രമിച്ചു എന്നിവയാണ് മേയര്‍ ആര്യ രാജേന്ദ്രന്‍റെ പരാതി. ഇതിനുള്ള തെളിവും ദൃശ്യങ്ങളില്‍ നിന്ന് ലഭിക്കുമെന്ന് പ്രതീക്ഷ.

ഇന്നലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മേയര്‍ക്കെതിരേ കോര്‍പ്പറേഷന്‍ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. കോര്‍പ്പറേഷന് മുന്നില്‍ 'ഓവര്‍ ടേക്കിങ് നിരോധിത മേഖല, മേയറുണ്ട് സൂക്ഷിക്കുക' എന്നെഴുതിയ ഫ്ലക്‌സ് ബോര്‍ഡും സ്ഥാപിച്ചു. മേയര്‍ക്കെതിരെ പ്രതിഷേധ മുദ്രാവാക്യങ്ങളുള്ള പോസ്റ്ററുകള്‍ കെഎസ്ആര്‍ടിസി ബസുകളിലും പതിപ്പിച്ചു. മേയര്‍ക്കെതിരേ കേസെടുക്കാത്ത നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ കെഎസ്ആർടിസി യൂണിയനായ ടിഡിഎഫ് കെഎസ്ആര്‍ടിസി ചീഫ് ഓഫീസിലേക്കും മാര്‍ച്ച് നടത്തി.

ബിജെപി കൗൺസിലർമാരുടെ പ്രതിഷേധം നടക്കുന്നതിനിടെ മേയര്‍ക്ക് അനുകൂലമായി തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സില്‍ പ്രമേയം പാസാക്കി. കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെ പിരിച്ചുവിടണമെന്നും നിയമ നടപടി സ്വീകരിക്കണമെന്നുള്ള പ്രമേയമാണ് കൗണ്‍സില്‍ പാസാക്കിയത്. പ്രമേയ ചര്‍ച്ചക്കിടെ വിതുമ്പി കൊണ്ടാണ് മേയര്‍ മറുപടി നല്‍കിയത്. താന്‍ പ്രതികരിച്ചത് തെറ്റായ പ്രവണതക്കെതിരെയാണെന്നും വലിയ രീതിയിലുള്ള സൈബര്‍ ആക്രമണം ആണ് നേരിടുന്നതെന്നും ഒരു മാധ്യമങ്ങളും ഇക്കാര്യങ്ങളൊന്നും ചൂണ്ടിക്കാട്ടിയില്ലെന്നും മാധ്യമങ്ങള്‍ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നും മേയര്‍ പറഞ്ഞു.

Trending

No stories found.

Latest News

No stories found.