ഡ്രൈവിങ് ടെസ്റ്റ്: സർക്കുലർ റദ്ദാക്കണമെന്ന ഹർജി പരിഗണനയിൽ

ഗ്രൗണ്ടുകളിലേക്കുള്ള പ്രവേശനം മുടക്കിയും ഉദ്യോഗസ്ഥരെ തടഞ്ഞും വ്യാഴാഴ്ച രാവിലെ മുതൽ നടന്ന പ്രതിഷേധം പലയിടത്തും തർക്കങ്ങൾക്ക് വഴിവച്ചു
representational image
representational image

തിരുവനന്തപുരം: ഗതാഗത വകുപ്പ് മന്ത്രിയുടെ നിർദേശ പ്രകാരമുള്ള ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരത്തിനെതിരേ വ്യാപക പ്രതിഷേധം. വിവിധ കേന്ദ്രങ്ങളിൽ ടെസ്റ്റ് തടഞ്ഞ ഡ്രൈവിങ് സ്കൂൾ ഉടമകൾ മോട്ടോർ വാഹന വകുപ്പിന്‍റെ പുതിയ സർക്കുലറിനെതിരേ പ്രതിഷേധിച്ചു. സ്കൂളുകളുടെ വാഹനം ഉപയോഗിച്ച് ലൈസൻസ് ടെസ്റ്റുകൾ നടത്തുന്നതിനാൽ പ്രതിഷേധം മോട്ടോർ വാഹന വകുപ്പിന് തിരിച്ചടിയായി.

സ്കൂൾ ഉടമകൾ വാഹനം വിട്ടു നൽകില്ലെന്നും തങ്ങളുടെ ഉപയോഗത്തിലിരിക്കുന്ന ടെസ്റ്റ് ഗ്രൗണ്ടുകളിൽ ടെസ്റ്റ് നടത്താൻ അനുവദിക്കില്ലെന്നും കർശന നിലപാട് സ്വീകരിച്ചതോടെ സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റുകൾ തടസപ്പെട്ടു. എന്നാൽ, പ്രതിഷേധം കണക്കിലെടുത്തു പരിഷ്കാരത്തിൽ നിന്നു പിന്നോട്ടു പോകില്ലെന്നാണ് ഗതാഗത മന്ത്രി കെ.ബി. ഗണേഷ്‌കുമാറിന്‍റെ നിലപാട്. അതിനിടെ, മന്ത്രിയുടെ മലപ്പുറത്തെ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട പരാമർശവും വിവാദമായി. പരിഷ്കരണത്തിന് നിർദേശിച്ച് ട്രാൻസ്പോർട്ട് കമ്മിഷണർ ഇറക്കിയ സർക്കുലർ റദ്ദാക്കണമെന്ന ഹർജിയിൽ ഹൈക്കോടതി വെള്ളിയാഴ്ച ഇടക്കാല ഉത്തരവിറക്കും.

ഗ്രൗണ്ടുകളിലേക്കുള്ള പ്രവേശനം മുടക്കിയും ഉദ്യോഗസ്ഥരെ തടഞ്ഞും വ്യാഴാഴ്ച രാവിലെ മുതൽ നടന്ന പ്രതിഷേധം പലയിടത്തും തർക്കങ്ങൾക്ക് വഴിവച്ചു. സർക്കുലർ പിൻവലിക്കുന്നതു വരെ അനിശ്ചിത കാലത്തേക്ക് സമരം നടത്താനാണ് സ്കൂളുകളുടെ സംയുക്ത സമരസമിതി തീരുമാനം. പരിഷ്കരിച്ച ഡ്രൈവിങ് ടെസ്റ്റ് ഇന്നലെയാണ് പ്രാബല്യത്തിലെത്തിയത്. ഇതുമായി ബന്ധപ്പെട്ട നിർദേശങ്ങൾക്കെതിരേയാണ് സിഐടിയു, ഐഎന്‍ടിയുസി, ബിഎംഎസ് സംഘടനകളുടെ കീഴിലുള്ള സ്കൂളുകളുടെ സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ സമരം.

പ്രതിദിനം 60 പേര്‍ക്ക് ടെസ്റ്റ് നടത്താൻ പുതുക്കിയ സര്‍ക്കുലര്‍ ഇറക്കാത്തതില്‍ ആര്‍ടിഒമാര്‍ക്കിടയിലും ആശയക്കുഴപ്പം തുടരുകയാണ്. ദിവസം 30 പേര്‍ക്ക് ടെസ്റ്റ് നടത്താനുള്ള സര്‍ക്കുലറാണു നിലവിലുള്ളത്. 60 പേര്‍ക്ക് ടെസ്റ്റ് നടത്താനുള്ള വാക്കാൽ നിർദേശം പാലിക്കേണ്ടെന്നാണ് ഉദ്യോഗസ്ഥരുടെ തീരുമാനമെന്നും ആരോപണമുണ്ട്.

ഓട്ടോമാറ്റിക് ഗിയറുള്ള കാര്‍ ഉപയോഗിക്കാന്‍ പാടില്ല, ഡ്രൈവിങ് സ്‌കൂളുകള്‍ കൊണ്ടുവരുന്ന കാറുകള്‍ക്ക് ഡാഷ് ക്യാമറ നിര്‍ബന്ധം, ടെസ്റ്റ് ക്യാമറയില്‍ റെക്കോഡ് ചെയ്യണം, ക്യാമറയുടെ മെമ്മറി കാര്‍ഡ് ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ വാങ്ങി വീഡിയോ സേവ് ചെയ്ത് സൂക്ഷിക്കണം, 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാഹനങ്ങള്‍ ടെസ്റ്റിന് ഉപയോഗിക്കാന്‍ പാടില്ല എന്നതടക്കമുള്ള നിർദേശങ്ങളാണ് ഡ്രൈവിങ് സ്കൂളുകളെ പ്രകോപിപ്പിച്ചിരിക്കുന്നത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com