മുന്നൊരുക്കങ്ങളായില്ല; ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം അനിശ്ചിതത്വത്തിൽ

മോട്ടോർ വെഹിക്കിൾ ഇൻസ്പെക്‌ടറുടെ ടെസ്റ്റ് നാളെ
representational image
representational image

തിരുവനന്തപുരം: സംസ്ഥാനത്ത് മേയ് ഒന്നു മുതല്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം അനിശ്ചിതത്വത്തിൽ. മുന്നൊരുക്കങ്ങള്‍ മന്ദഗതിയിലായതോടെ ടെസ്റ്റ് നടത്തുന്നതിനുള്ള ട്രാക്കുകള്‍ പോലും പൂര്‍ണമായും സജ്ജമാക്കാന്‍ മോട്ടോര്‍ വാഹനവകുപ്പിന് കഴിഞ്ഞിട്ടില്ല. ടെസ്റ്റ് നടത്തുന്ന 86 ഗ്രൗണ്ടുകള്‍ പുതിയ പരിഷ്‌കരണത്തിന് അനുസരിച്ച് നവീകരിക്കാന്‍ ഗതാഗതമന്ത്രി കെ.ബി ഗണേഷ് കുമാര്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാൽ, തുടർനടപടികള്‍ എങ്ങുമെത്താത്ത നിലയിലാണിപ്പോൾ.

സംസ്ഥാനത്ത് ആകെ ഒന്‍പതിടത്ത് മാത്രമാണ് മോട്ടോര്‍ വാഹനവകുപ്പിന് സ്വന്തമായി ഭൂമിയുള്ളത്. മറ്റിടങ്ങളില്‍ തദ്ദേശ സ്ഥാപനങ്ങളുടെയും ഡ്രൈവിങ് സ്‌കൂളുകളുടെയും സ്വകാര്യ വ്യക്തികളുടെയുമൊക്കെ ഭൂമിയിലാണ് ഡ്രൈവിങ് ടെസ്റ്റ് നടന്നുവരുന്നത്. ഇവിടെ പുതിയ സംവിധാനങ്ങൾ ഏർപ്പെടുത്താനാകുമോ, നവീകരണത്തിന്‍റെ തുക തുക ആരു വഹിക്കും എന്നതിലൊന്നും വ്യക്തത വന്നിട്ടില്ല.

മാവേലിക്കരയില്‍ ഒഴികെ മറ്റൊരു സ്ഥലത്തും പുതിയ ട്രാക്കുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. ഡ്രൈവിങ് സ്‌കൂളുകള്‍ ചേര്‍ന്നാണ് മാവേലിക്കരയില്‍ ട്രാക്ക് ഒരുക്കിയത്. വകുപ്പിന്‍റെ കൈവശമുള്ള എട്ട് ഓട്ടോമേറ്റഡ് ടെസ്റ്റിങ് ട്രാക്കുകള്‍ പോലും പൂര്‍ണസജ്ജമല്ല. മന്ത്രിയുടെ നിര്‍ദേശപ്രകാരം 77 ഓഫിസുകളില്‍ ടെസ്റ്റിനു സ്ഥലമൊരുക്കാന്‍ ഉദ്യോഗസ്ഥര്‍ പദ്ധതി തയാറാക്കിയിരുന്നു. എന്നാല്‍, ഒന്നരമാസം കാത്തിരുന്നിട്ടും തുക അനുവദിച്ചില്ല. ഇതിനിടെയാണ് മേയ് മുതല്‍ റിവേഴ്‌സ് പാര്‍ക്കിങ്ങും, ഗ്രേഡിയന്‍റ് പരീക്ഷണവും ഉള്‍പ്പെടെ ഡ്രൈവിങ് ടെസ്റ്റ് കര്‍ശനമാക്കാന്‍ നിര്‍ദേശം നല്‍കി ഉത്തരവിറങ്ങിയത്.

നിര്‍ദേശം നല്‍കുന്നതല്ലാതെ പ്രായോഗിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ ഗതാഗത മന്ത്രി താത്പര്യം കാണിക്കുന്നില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പിലെ ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നു. മുന്നൊരുക്കങ്ങള്‍ നടത്താതെ ടെസ്റ്റ് പരിഷ്‌കരണം മേയ് ഒന്നു മുതല്‍ വേണമെന്ന് കര്‍ശന നിര്‍ദേശം നല്‍കുന്നതിലെ അപ്രായോഗികത മോട്ടോര്‍ വാഹന വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും മന്ത്രി പിടിവാശി തുടരുകയാണ്. മേയ് ഒന്നു മുതല്‍ പ്രതിദിനം 30 ലൈസന്‍സ് മാത്രം നല്‍കിയാല്‍ മതിയെന്ന നിര്‍ദേശവും മന്ത്രി നല്‍കിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ പരിഷ്‌കരണ നടപടികള്‍ ടെസ്റ്റുകളുടെ എണ്ണം കുറയ്ക്കുന്നത് മാത്രമായി ചുരുങ്ങാനാണ് സാധ്യത. ദിവസം 20 പുതിയ അപേക്ഷകരെയും പത്ത് പരാജയപ്പെട്ടവരെയും മാത്രമാകും ഡ്രൈവിങ് ടെസ്റ്റിന് പങ്കെടുപ്പിക്കുക. എണ്ണം കുറയ്ക്കുന്നതോടെ ഡ്രൈവിങ് ലൈസന്‍സിനുള്ള ജനത്തിന്‍റെ കാത്തിരിപ്പ് കൂടുതല്‍ നീളുകയും ചെയ്യും. അതിനിടെ പ്രതിദിനം നൂറിലധികം ഡ്രൈവിങ് ടെസ്റ്റ് നടത്തിയ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്റ്റര്‍മാര്‍ക്കുള്ള ടെസ്റ്റ് ഇന്ന് മുട്ടത്തറയിലെ ഡ്രൈവിങ് ടെസ്റ്റിങ് കേന്ദ്രത്തില്‍ നടക്കും. ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറുടെ നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ട് നിശ്ചിത സമയത്തിനുള്ളില്‍ 100 ഡ്രൈവിങ് ടെസ്റ്റ് നടത്താന്‍ കഴിയുമോ എന്നാണ് പരിശോധിക്കുന്നത്. 15 ഉദ്യോഗസ്ഥരെയാണ് പരീക്ഷണത്തിന് വിധേയരാക്കുന്നത്. ഇവര്‍ ടെസ്റ്റ് നടത്തുന്നത് മേലുദ്യോഗസ്ഥര്‍ നിരീക്ഷിക്കും.

ഇവര്‍ എങ്ങനെയാണ് ഇത്രയധികം ലൈസന്‍സ് ഒരു ദിവസം നല്‍കുന്നതെന്നറിയാനാണ് ഇവര്‍ക്കായി പ്രത്യേകമായി ടെസ്റ്റ് നടത്തുന്നത്. പ്രതിദിനം നൂറിലധികം ടെസ്റ്റ് നടത്തുന്നതിനു പിന്നില്‍ ഡ്രൈവിങ് സ്‌കൂളുകളുമായുള്ള ഒത്തുകളിയുണ്ടെന്നാണ് മന്ത്രിയുടെ നിരീക്ഷണം. പുതിയ തീരുമാനത്തിനെതിരേ ഡ്രൈവിങ് സ്‌കൂളുകള്‍ ഹൈക്കോടതിയെ സമീപിക്കുക കൂടി ചെയ്തതോടെ സംസ്ഥാനത്തെ ഡ്രൈവിങ് ടെസ്റ്റ് നടപടികള്‍ കൂടുതല്‍ കുരുക്കുകളിലേക്ക് നീങ്ങുമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com