
തിരുവനന്തപുരം: മദ്യപിച്ച് കെഎസ്ആര്‍ടിസി ബസ് ഓടിച്ച മൂന്നു ഡ്രൈവര്‍മാരെയും മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയ ഡിപ്പോ ജീവനക്കാരനെയും സഹപ്രവര്‍ത്തകനെ കൈയേറ്റം ചെയ്ത എടിഒയെയും കോർപ്പറേഷൻ സസ്പെന്‍ഡ് ചെയ്തു.
ഫെബ്രുവരി 13 ന് തൃപ്പൂണിത്തുറ ഹില്‍ പാലസ് പൊലീസ് സ്റ്റേഷന് പരിധിയില്‍ നടത്തിയ വാഹന പരിശോധനയില്‍ മദ്യപിച്ച് ബസ് ഓടിച്ചതായി കണ്ടെത്തിയ വൈക്കം യൂണിറ്റിലെ ഡ്രൈവര്‍ സി.ആര്. ജോഷി, തൊടുപുഴ യൂണിറ്റിലെ ഡ്രൈവര്‍ ലിജോ സി.ജോണ്‍ എന്നിവരെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. പൊലീസ് പരിശോധനയില്‍ പിടിയിലായ ഇവർ പൊലീസ് സ്റ്റേഷനിലിരുന്ന് ഞാന്‍ ഇനി മദ്യപിച്ച് വാഹനം ഓടിക്കില്ല എന്ന് ആയിരം പ്രാവശ്യം എഴുതുന്നതിന്റെ വിഡിയൊ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
ഫെബ്രുവരി 21 ന് മല്ലപ്പള്ളി ഡിപ്പോയിലെ ഡ്രൈവര്‍ വി. രാജേഷ് കുമാര്‍ കോഴഞ്ചേരി- കോട്ടയം സര്‍വീസ് നടത്തവെ കറുകച്ചാല്‍ പൊലീസ് നടത്തിയ വാഹന പരിശോധനയില്‍ മദ്യപിച്ചതായി കണ്ടെത്തി കസ്റ്റഡിയില്‍ എടുത്ത് കേസ് രജിസ്റ്റര്‍ ചെയ്ത സംഭവത്തില്‍ വി.രാജേഷിനെയും അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. മദ്യപിച്ച് വാഹനമോടിച്ച് യാത്രക്കാരുടെ ജീവന് ഭീഷണിയുണ്ടാകുന്ന വിധത്തില്‍ സര്‍വ്വീസ് നടത്തുകയും പൊലീസ് അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് സര്‍വീസ് മുടങ്ങുകയും യാത്രക്കാര്‍ക്ക് യാത്രാക്ലേശം ഉണ്ടാകുകയും കോര്പ്പറേഷന് 7,000 രൂപ വരുമാന നഷ്ടം ഇയാൾ ഉണ്ടാക്കുകയും ചെയ്തു.
പത്തനംതിട്ട ഗ്യാരേജിലെ സ്റ്റോര്‍ ഇഷ്യൂവര്‍ വി.ജെ പ്രമോദാണ് മദ്യപിച്ചു ഡ്യൂട്ടിക്കെത്തിയതിന്റെ പേരിൽ സസ്പെൻഷൻ നേരിട്ട നാലാമൻ. സഹപ്രവർത്തകനെ കൈയേറ്റം ചെയ്തതിന് തൊടുപുഴയിലെ അസിസ്റ്റന്റ് ട്രാൻസ്പോർട്ട് ഓഫിസർ വി.എസ്. സുരേഷിനാണു സസ്പെൻഷൻ. അന്താരാഷ്ട്ര വനിതാ ദിനവുമായി ബന്ധപ്പെട്ട് തൊടുപുഴ ക്ലസ്റ്റര്‍ ഓഫിസര്‍ കൂടിയായ സുരേഷ് തന്റെ ക്യാബിനിൽ നടന്ന യോഗത്തിൽ സഹപ്രവർത്തകൻ ജാക്സന് ദേവസ്യയെയാണു കൈയേറ്റം ചെയ്തത്.