കൊച്ചി: നെടുമ്പാശേരി കരിയാട് മദ്യലഹരിയിൽ ബേക്കറിയിൽ കയറി ഉടമയെയും കുടുംബത്തെയും മർദിച്ച സംഭവത്തിൽ എസ്ഐക്ക് സസ്പെന്‍ഷന്‍. ആലുവ ട്രാഫിക്ക് പൊലീസ് സ്റ്റേഷനിലെ എസ്ഐ സുനിൽ കുമാറിമനെയാണ് സസ്പെന്‍ഡ് ചെയ്തത്. ഡ്യൂട്ടിക്കിടെ മദ്യപിച്ചിരുന്നതായി വൈദ്യ പരിശോധനയിൽ തെളിഞ്ഞതോടെയായിരുന്നു നടപടി. ഇവർ സഞ്ചരിച്ച വാഹനത്തിൽ ഒപ്പമുണ്ടായിരുന്ന ഡ്രൈവർക്കും സിപിഒക്കുമെതിരെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടെന്നും എന്നാൽ പൊലീസ് വാഹനത്തിൽ മദ്യകുപ്പി കണ്ടെത്തിയിട്ടില്ലെന്നും ആലൂവ റൂറൽ എസ്പി വിവേക് കുമാർ അറിയിച്ചു.
ബുധനാഴ്ച രാത്ര 9.30 യ്ക്കാണ് പൊലീസ് ഉദ്യോഗസ്ഥന്‍ ബേക്കറി അടച്ചുകൊണ്ടിരിക്കുന്നതിനിടെ എത്തി പരാക്രമം കാട്ടിയത്. കരിയാട്ടിൽ കത്തിക്കുത്ത് നടന്നു എന്ന് പറഞ്ഞാണ് എസസ്ഐ ബേക്കറിയിലേക്ക് കയറി വന്നതെന്നാണ് ബേക്കറിയിലുണ്ടായിരുന്നവർ പറയുന്നത്. ശേഷം സംസാരത്തിനിടെ കടയുടമയായ കടയുടമ കുഞ്ഞുമോൻ, ഭാര്യ എൽബി, 10 വയസുകാരിയായ മകൾ, കടയിലെ സഹായി ബൈജു എന്നിവരെ ലാത്തികൊണ്ട് അടിക്കുകയായിരുന്നു. തുടർന്ന് നാട്ടുകാർ ഓടിക്കൂടുകയും എസ്ഐയെ തടഞ്ഞുവയ്ക്കുകയും ചെയ്തു.
നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് നെടുമ്പാശേരി പൊലീസ് സ്ഥലത്തെത്തി ഇയാളെ ആങ്കമാലി താലൂക്ക് ആശുപത്രിയിലെത്തിച്ചു. വൈദ്യപരിശോധനയിൽ ഇയാൾ മദ്യപിച്ചതായി കണ്ടെത്തി. മർദനത്തിൽ കുഞ്ഞുമോനും മകൾക്കും ബൈജുവിനും പരുക്കേറ്റു. ഇവർ അങ്കമാലി സർക്കാർ ആശുപത്രിയിൽ ചികിത്സ തേടി.