
ദുബായ് : ദുബായ് ദെയ്‌റ നായിഫിലുണ്ടായ വൻ തീപിടുത്തത്തിൽ രണ്ടു മലയാളികളടക്കം പതിനാറു പേർ മരിച്ചു. മലപ്പുറം വേങ്ങര സ്വദേശി കാളങ്ങാടൻ റിജേഷ്, ഭാര്യ ജിഷി എന്നിവരാണു മരണപ്പെട്ട മലയാളികൾ. ഇവരുടെ മുറിയോടു ചേർന്നുള്ള മറ്റൊരു മുറിയിലാണു തീപിടുത്തമുണ്ടായത്. പുക ശ്വസിച്ചാണു റിജേഷും ജിഷിയും മരണപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം.
രണ്ടു തമിഴ്‌നാട് സ്വദേശികളും പാകിസ്ഥാൻ, നൈജീരിയൻ സ്വദേശികളും മരണപ്പെട്ടിട്ടുണ്ട്. ശനിയാഴ്ച ഉച്ചയോടെയായിരുന്നു തീപിടുത്തം. ഷോർട്ട് സർക്യൂട്ടാണു കാരണമെന്നാണു പ്രാഥമിക നിഗമനം.
ക്രെയ്‌ൻ ഉപയോഗിച്ചാണു കെട്ടിടത്തിലെ മറ്റുള്ളവരെ രക്ഷപ്പെടുത്തിയത്. പരുക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. മലയാളികൾ തിങ്ങിപ്പാർക്കുന്ന ഇടമാണ് ദെയ്റ നായിഫ്.