

സാമ്പത്തിക അവലോകന റിപ്പോർട്ട് നിയമസഭയിൽ
തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ സാമ്പത്തിക അവലോകന റിപ്പോർട്ട് നിയമസഭയിൽ വച്ചു. 2024-25 വർഷം കേരളം ഉയർന്ന വളർച്ച കൈവരിച്ചതായി റിപ്പോർട്ട്. ജിഎസ്ഡിപിയിൽ 6.19 ശതമാനം വളർച്ച നേടി. എന്നാൽ ധനകമ്മിയും റവന്യൂ കമ്മിയും കൂടി. കേന്ദ്രത്തിൽ നിന്നുള്ള സാമ്പത്തിക സഹായത്തിൽ 6.15 ശതമാനത്തിന്‍റെ കുറവ് വന്നു. സംസ്ഥാനത്തിന്‍റെ മൊത്ത വരുമാനത്തിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 0.3 ശതമാനത്തിന്‍റെ വർധനയുണ്ടായി.
2024-25 ൽ 1,24,861.07 കോടി രൂപയായിരുന്നു മൊത്ത വരുമാനം. ആഭ്യന്തര ഉൽപ്പാദനത്തിൽ 61.9 ശതമാനം വളർച്ച നേടി. ഉയർന്ന പ്രതിശീർഷ ജിഎസ്ഡിപി യുള്ള രാജ്യത്തെ പത്ത് സംസ്ഥാനങ്ങളിലൊന്നായി കേരളം.
തനതു വരുമാന വർധന 2.7 ശതമാനമാണ്. തനതു നികുതി വരുമാന വർധന 3.1 ശതമാനമായി. മൊത്തം ചെലവിന്‍റെ വളർച്ച 2023-24ലെ 0.5 ശതമാനത്തിൽ നിന്ന് 2024-25 ൽ 9 ശതമാനമായി. ധനകമ്മി 3.02 ശതമാനത്തിൽ നിന്ന് 3.86 ശതമാനമായി ഉയർന്നു. റവന്യൂകമ്മി 1.6 ശതമാനത്തിൽ നിന്ന് 2.49 ശതമാനമായി ഉയർന്നിട്ടുണ്ട്. റവന്യൂ ചെലവും, മൂലധനവും വർധിച്ചു. സേവന മേഖലകളിലും അടിസ്ഥാന സൗകര്യ വികസനത്തിലും നേട്ടം കൈവരിച്ചതായും സാമ്പത്തിക അവലോകന റിപ്പോർട്ടിൽ പറയുന്നു. സാമ്പത്തിക അവലോകന റിപ്പോർട്ട് പരിഗണിച്ചാണ് വ്യാഴാഴ്ചത്തെ ബജറ്റ് തയ്യാറാക്കിയിരിക്കുന്നത്.