
ന്യൂഡൽഹി: സ്വർണ വ്യാപാര രംഗത്തെ പ്രമുഖരായ ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ (Joy Alukkas group) 305 കോടി രൂപയുടെ ആസ്തി എൻഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റ് (ഇഡി) (ED) കണ്ടുകെട്ടി. ഹവാല ഇടപാടിലൂടെ കോടികൾ ദുബായിയിലേക്കു കടത്തിയതുമായി ബന്ധപ്പെട്ട ഫെമ കേസിലാണു നടപടിയെന്ന് ഇഡി ട്വിറ്ററിലൂടെ അറിയിച്ചു. തൃശൂർ ആസ്ഥാനമായുള്ള ഗ്രൂപ്പിന്റെ സ്ഥാപനങ്ങളിൽ രണ്ടു ദിവസമായി ഇഡി പരിശോധനകൾ തുടരുകയായിരുന്നു.
തൃശൂർ ശോഭ സിറ്റിയിലെ വലിയ വീടും ഭൂമിയുമുൾപ്പെടെ 33 സ്ഥാവര ആസ്തികൾ (81.54 കോടി), 3 ബാങ്ക് അക്കൗണ്ടുകൾ (91.22 ലക്ഷം), 3 സ്ഥിര നിക്ഷേപങ്ങൾ (5.58 കോടി), ജോയ് ആലുക്കാസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ഓഹരികൾ (217.81 കോടി) എന്നിവയാണു കണ്ടുകെട്ടിയതെന്ന് ഇഡി പ്രസ്താവനയിൽ അറിയിച്ചു.
വിദേശ വിനിമയ പരിപാലന നിയമം അഥവാ ഫെമയുടെ 37 എ വകുപ്പു പ്രകാരം ആകെ 305.84 കോടിയുടെ ആസ്തികളാണു കണ്ടുകെട്ടിയത്. കഴിഞ്ഞ ദിവസം ജോയ് ആലുക്കാസ് ഗ്രൂപ്പ് വിശദീകരണമൊന്നും നൽകാതെ 2,300 കോടിയുടെ ഐപിഒ പിൻവലിച്ചിരുന്നു.
ഹവാല വഴി ഇന്ത്യയിൽ നിന്നു ദുബായിയിലേക്ക് മാറ്റുകയും പിന്നീട് ഈ കള്ളപ്പണം ജോയ് ആലുക്കാസ് വർഗീസിന്റെ പൂർണ ഉടമസ്ഥതയിലുള്ള ദുബായിലെ ജോയ് ആലുക്കാസ് ജ്വല്ലറി എൽഎൽസിയിൽ നിക്ഷേപിക്കുകയും ചെയ്തതിനാണു നടപടിയെന്നും ഇഡി പറഞ്ഞു.