

'പെട്ടെന്നുണ്ടായ ജനരോക്ഷമായി കാണാൻ സാധിക്കില്ല'; റെയ്ഡിനിടെയുണ്ടായ സിപിഎം ആക്രമണത്തിൽ ഇഡി
file
കൊച്ചി: മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ മകൾ വീണ വിജയന്‍റെ വസതിയിൽ പരിശോധനയ്ക്കെത്തിയ എൻഫോഴ്സ്മെന്‍റ് ഡയറക്‌ട്രേറ്റ് ഉദ‍്യോഗസ്ഥർക്കെതിരേ ഉണ്ടായത് മുൻകൂട്ടി ആസൂത്രണം ചെയ്ത് നടപ്പാക്കിയ ആക്രമണമാണെന്ന് ഇഡി ഹൈക്കോടതിയിൽ പറഞ്ഞു.
കേസിൽ പ്രതികളായ സിപിഎം പ്രവർത്തകരെ എതിർത്തുകൊണ്ട് ഇഡി കോടതിയിൽ സമർപ്പിച്ച സത‍്യവാങ്മൂലത്തിലാണ് ഇക്കാര‍്യം പറഞ്ഞത്. പെട്ടെന്നുണ്ടായ ജനരോക്ഷമായോ സാധാരണയുള്ള ക്രമസമാധാന പ്രശ്നമായോ ഇതിനെ കാണാൻ സാധിക്കില്ലെന്നും ഇഡി വ‍്യക്തമാക്കി.
അന്വേഷണം തടസപ്പെടുത്തൽ, ഔദ‍്യോഗിക കൃത‍്യനിർവഹണം ചെയ്യുന്നതിൽ നിന്നും അന്വേഷണ ഉദ‍്യോഗസ്ഥരെ പിന്തിരിപ്പിക്കുക, ഉദ‍്യോഗസ്ഥരെ ഭയപ്പെടുത്തുക എന്നിവയായിരുന്നു ആക്രമണത്തിനു പിന്നിലെ ലക്ഷ‍്യമെന്നും സിആർപിഎഫ് അംഗങ്ങൾ, പൊലീസ് ഉദ‍്യോഗസ്ഥർ എന്നിവരെയും ആക്രമിച്ചെന്നും ഇഡി കൂട്ടിച്ചേർത്തു. അതേസമയം, കേസിലെ പ്രതികളായ സിപിഎം പ്രവർത്തകർക്ക് ഇതുവരെ ജാമ‍്യം ലഭിച്ചിട്ടില്ല. ഇക്കഴിഞ്ഞ മേയ് 27നായിരുന്നു ഇഡി 8 മണിക്കൂറോളം നീണ്ടു നിന്ന മിന്നൽ പരിശോധന നടത്തിയത്. റെയ്ഡ് കഴിഞ്ഞ് മടങ്ങുകയായിരുന്ന ഇഡി ഉദ‍്യോഗസ്ഥരെ കല്ലുകൾ, ഇഷ്ടികകൾ, മരക്കഷ്ണങ്ങൾ എന്നിവ ഉപയോഗിച്ച് സിപിഎം പ്രവർത്തകർ ആക്രമിക്കുകയായിരുന്നു.