
കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പു കേസിൽ ആദ്യ കുറ്റപത്രം സമർപ്പിച്ച് എൻഫോഴ്സ് മെന്റ് ഡയറക്ടറേറ്റ്. 12,000 അധികം പേജുകളുള്ള കുറ്റപത്രമാണ് സമർപ്പിച്ചത്. 55 പ്രതികളാണ് കുറ്റപത്രത്തിലുള്ളത്. ബാങ്ക് മുൻ കമീഷൻ ഏജന്റ് ബിജോയ് ആണ് ഒന്നാം പ്രതി. എറണാകുളം പിഎംഎൽഎ കോടതിയിലാണ് ഇഡി കുറ്റപത്രം സമർപ്പിച്ചത്.
വടക്കാഞ്ചേരി നഗരസഭാ സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് പി ആര് അരവിന്ദാക്ഷന് പതിനഞ്ചാം പ്രതിയും പി .സതീഷ് കുമാര്‍ പതിനാലാം പ്രതിയുമാണ്. ബാങ്കിന്റെ ഏജന്റായി പ്രവർത്തിച്ച ബിജോയ് കോടികൾ തട്ടിയെടുത്തതായാണ് വിവരം. നേരത്തെ വിജിലൻസും ഇക്കാര്യം കണ്ടെത്തിയിരുന്നു. 55 പ്രതികളിൽ 5 എണ്ണം കമ്പനികളാണ്.
കേരളം കണ്ട ഏറ്റവും വലിയ സഹകരണ കൊള്ളയാണ് കരുവന്നൂരിലേത്. 2011-12 മുതല്‍ ബാങ്കില്‍ നടന്ന തട്ടിപ്പില്‍ 219 കോടി രൂപയുടെ ക്രമക്കേട് നടന്നുവെന്നാണു കണ്ടെത്തല്‍. സഹകരണ വകുപ്പ് നടത്തിയ പരിശോധനയിലാണു വന്‍ തട്ടിപ്പ് പുറത്ത് വരുന്നത്. 2021 ജൂലൈ 21നാണു ബാങ്ക് സെക്രട്ടറിയുടെ പരാതിയില്‍ ഇരിങ്ങാലക്കുട പൊലീസ് കേസെടുത്തത്.
കേരള പൊലീസില്‍ രജിസ്റ്റര്‍ ചെയ്ത കേസിന്റെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം തുടരുന്നത്. ബാങ്ക് ഭരണസമിതിയുടെയും രാഷ്ട്രീയ നേതൃത്വത്തിന്റെയും അറിവോടെ 180 കോടിയോളം രൂപയുടെ കളളപ്പണ ഇടപാട് കരുവന്നൂര്‍ ബാങ്ക് കേന്ദ്രീകരിച്ച് നടന്നെന്നാണ് ഇഡിയുടെ കുറ്റപത്രത്തിലുള്ളത്. പ്രതികളുടെ 97 കോടി രൂപയുടെ സ്വത്ത് ഇഡി കണ്ടുകെട്ടിയിട്ടുണ്ട്. കേസില്‍ പ്രതികളായ വ്യക്തികളുടെ ബാങ്ക് നിക്ഷേപങ്ങളും മറ്റു സ്വത്തുക്കളുമാണ് കണ്ടുകെട്ടിയത്. കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കിലെ കള്ളപ്പണ ഇടപാട് കേസില്‍ ഇഡി അന്വേഷണം തുടങ്ങിയിട്ട് ഒരു വര്‍ഷത്തിലധികമായി.