മസാല ബോണ്ട് ഇടപാട്; മുഖ്യമന്ത്രിക്കും തോമസ് ഐസകിനും ഇഡിയുടെ നോട്ടീസ്

ഇടപാടിൽ വിദേശനാണ്യ വിനിമയ ചട്ടം ലംഘിച്ചുവെന്ന് കണ്ടെത്തൽ
മുഖ്യമന്ത്രിക്കും തോമസ് ഐസകിനും ഇഡിയുടെ നോട്ടീസ്

മസാല ബോണ്ട് ഇടപാട്

Updated on

തിരുവനന്തപുരം: മസാല ബോണ്ട് ഇടപാടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ധനമന്ത്രി തോമസ് ഐസക് ഉൾപ്പെടെ ഉള്ളവർക്ക് ഇഡിയുടെ നോട്ടീസ്.

കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്‍റ് ഫണ്ട് ബോർഡ് ധനസമാഹരണം ലക്ഷ്യമിട്ട് നടത്തിയ മസാല ബോണ്ട് ഇടപാടിൽ വിദേശനാണ്യ വിനിമയ ചട്ടങ്ങൾ ലംഘിച്ചു എന്നായിരുന്നു ഇഡിയുടെ കണ്ടെത്തൽ.

ഇതുമായി ബന്ധപ്പെട്ട അന്തിമ റിപ്പോർട്ട് മൂന്ന് മാസം മുമ്പ് ചെന്നൈയിലെ അഡ്ജ്യൂഡിക്കേറ്റിംഗ് അതോറിറ്റിക്ക് സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ടിന്‍റെ തുടർച്ചയായിട്ടാണ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുന്നത്. മുഖ്യമന്ത്രി ഉൾപ്പെടെ ഉള്ളവർ‌ക്ക് നേരിട്ടോ, പ്രതിനിധി വഴിയോ, അഭിഭാഷകൻ വഴിയോ നിയമപരമായി നോട്ടീസിന് മറുപടി നൽകാൻ അവസരമുണ്ട്. കേസിൽ തുടർ നടപടികൾ ഉടൻ ഉണ്ടാകുമെന്നാണ് സൂചന.

നീണ്ട അന്വേഷണത്തിനൊടുവിലാണ് അഡ്ജ്യൂഡിക്കേറ്റിംഗ് അതോറിറ്റി മുൻപാകെ ഇഡി പരാതി സമർപ്പിച്ചത്. മസാല ബോണ്ട് വഴി സമാഹരിച്ച പണം അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് വിനിയോഗിച്ചത് ഫെമ ചട്ടലംഘനമാണെന്നാണ് ഇഡിയുടെ കണ്ടെത്തൽ. 2019 ൽ 9.72 ശതമാനം പലിശയ്ക്കാണ് ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ മസാല ബോണ്ട് ഇറക്കി 2150 കോടി സമാഹരിച്ചത്.

2019 ജനുവരി 17ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് ബോണ്ടിറക്കാനുള്ള നടപടികൾ പൂർത്തിയാക്കാൻ തീരുമാനിച്ചത്. അന്വേഷണത്തിന്‍റെ ഭാഗമായി നേരത്തെ രണ്ടുതവണ അന്നത്തെ ധനമന്ത്രിയായിരുന്ന തോമസ് ഐസകിന് ഇഡി നോട്ടീസ് നൽകിയിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com