മാസപ്പടി കേസ്; സിഎംആര്‍എല്‍ ചീഫ് ഫിനാന്‍സ് ഓഫീസറെ ഇഡി ചോദ്യംചെയ്യുന്നു

ചീഫ് ഫിനാന്‍സ് ഓഫീസറായ സുരേഷ് കുമാറിനെയാണ് ചോദ്യം ചെയ്യുന്നത്. തിങ്കളാഴ്ച കൊച്ചിയിലെ ഇഡി ഓഫീസിലാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്.
Enforcement Directorate

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ്‌

Updated on

കൊച്ചി: പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ മകള്‍ ടി. വീണ പ്രതിയായ മാസപ്പടി കേസില്‍ സിഎംആര്‍എലിന്റെ സാമ്പത്തിക വിഭാഗം മേധാവിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് (ഇഡി) ചോദ്യംചെയ്യുന്നു. ചീഫ് ഫിനാന്‍സ് ഓഫീസറായ സുരേഷ് കുമാറിനെയാണ് ചോദ്യം ചെയ്യുന്നത്. തിങ്കളാഴ്ച കൊച്ചിയിലെ ഇഡി ഓഫീസിലാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്.

സിഎംആര്‍എല്ലും എക്‌സാലോജികും തമ്മില്‍ നടത്തിയ സാമ്പത്തിക കാര്യങ്ങളുടെ ഉത്തരവാദിത്വമുള്ള ആള്‍ എന്ന നിലയിലാണ് സുരേഷ് കുമാറിനെ ചോദ്യംചെയ്യുന്നത്. വരുംദിവസങ്ങളില്‍ സിഎംആര്‍എല്ലിന്റെ മറ്റു മുതിര്‍ന്ന ഉദ്യോഗസ്ഥരെയും ചോദ്യംചെയ്യാന്‍ ഇഡി വിളിപ്പിച്ചിട്ടുണ്ട്.

കേസില്‍ വീണയെ വീണ്ടും ചോദ്യംചെയ്യുന്നുണ്ട്. ജൂണ്‍ 29ന് ഹാജരാവാന്‍ ആവശ്യപ്പെട്ട് വീണയ്ക്ക് ഇഡി നോട്ടീസ് നല്‍കിയിരുന്നു. കഴിഞ്ഞയാഴ്ച വീണയെ ഇഡിയുടെ കൊച്ചി ഓഫീസില്‍വെച്ച് എട്ടു മണിക്കൂറിലധികം ചോദ്യംചെയ്തിരുന്നു. എന്നാല്‍ വീണ നല്‍കിയ മൊഴികളില്‍ പൊരുത്തക്കേടുകള്‍ ഉണ്ടെന്ന സംശയത്തെത്തുടര്‍ന്നാണ് വീണ്ടും ചോദ്യംചെയ്യാന്‍ ഇഡി ഒരുങ്ങുന്നത്.

കേസില്‍ ശക്തമായ നടപടികളുമായി മുന്നോട്ടുപോവുകയാണ് ഇഡി. അന്വേഷണത്തിന്റെ ഭാഗമായി വീണയുടെ ബാങ്ക് അക്കൗണ്ടുകളും ലോക്കറുകളും ഇഡി പരിശോധിച്ചിരുന്നു. സേവനങ്ങളൊന്നും ലഭിക്കാതെ സിഎംആര്‍എല്‍ വീണയുടെ കമ്പനിയായ എക്‌സാലോജിക്കിന് 2.78 കോടി രൂപ കൈമാറിയെന്നാണ് കേസ്.

logo
Metro Vaartha
www.metrovaartha.com