

തിരുവനന്തപുരം: ഐതിഹാസിക ഫുട്ബോൾ താരം ലയണൽ മെസിയെ കേരളത്തിലെത്തിക്കാമെന്ന് പറഞ്ഞ് നടത്തിയ തട്ടിപ്പിൽ വിദേശനാണ‍്യ വിനിമയ ചട്ടപ്രകാരം (ഫെമ) കേസെടുത്ത് എൻഫോഴ്സ്മെന്‍റ് ഡയറക്‌ട്രേറ്റ് (ഇഡി). സ്പോൺസറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി വിദേശത്തേക്ക് കോടികൾ അയച്ചെന്ന വിവരത്തെ തുടർന്നാണ് നടപടി.
സംഭവവുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പിലാണ് നിലവിൽ അന്വേഷണം നടക്കുന്നത്. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി വിഷയവുമായി ബന്ധപ്പെട്ട് 126 കോടിയോളം രൂപ വിദേശ അക്കൗണ്ടിലേക്ക് കൈമാറിയെന്ന തരത്തിലുള്ള വിവരങ്ങൾ പുറത്തുവന്നിരുന്നു.
പണം അയച്ചതിന്‍റെ രേഖകൾ, സ്പോൺസർ അവകാശപ്പെടുന്ന എഗ്രിമെന്‍റ് വിവരങ്ങൾ എന്നിവ ഇഡി ശേഖരിച്ചു. പണം കൈമാറുന്നതിൽ ഫെമ ചട്ടലംഘനം നടന്നതായാണ് ഇഡിയുടെ വിലയിരുത്തൽ. സർക്കാർ ആദ‍്യഘട്ടത്തിൽ നൽകിയ രേഖകൾ പരിശോധിക്കാനും ഇഡി നോട്ടീസ് അയച്ചിട്ടുണ്ട്.
126 കോടി കൈമാറിയതുമായി ബന്ധപ്പെട്ട് ജിഎസ്ടി വകുപ്പും അന്വേഷണം നടത്തുന്നുണ്ട്. 22 കോടിയോളം രൂപ ജിഎസ്ടി സേവന നികുതി അടയ്ക്കണമെന്ന് ആവശ‍്യപ്പെട്ടുകൊണ്ട് കത്ത് നൽകുകയും ചെയ്തിരുന്നു. 2 വിദേശ ധനകാര‍്യ സ്ഥാപനത്തിൽ നിന്നുമാണ് പണം എത്തിയതെന്ന നിഗമനത്തിലാണ് ജിഎസ്ടി വകുപ്പ്. ജിഎസ്ടി വകുപ്പിൽ നിന്നും ഇഡി കേസിന്‍റെ വിശദാംശങ്ങൾ ശേഖരിച്ചിരുന്നു.