

കൊച്ചി : ലൈഫ് മിഷൻ കോഴയിടപാട് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെതിരെ എൻഫോഴ്സ്മെന്‍റ് ഡയറക്‌ട്രേറ്റ് ( ഇഡി ) കുറ്റപത്രം സമർപ്പിച്ചു. കൊച്ചിയിലെ പ്രത്യേക കോടതിയിലാണു കുറ്റപത്രം സമർപ്പിച്ചത്. കേസിലെ മുഖ്യപ്രതി ശിവശങ്കറാണെന്നാണു ഇഡിയുടെ ആരോപണം.
കേസിലെ ഒമ്പതാം പ്രതിയായ ശിവശങ്കർ നിലവിൽ കാക്കനാട് ജില്ലാ ജയിലിൽ റിമാൻഡിലാണ്. കോഴക്കേസിൽ ശിവശങ്കറിന്‍റെ ജാമ്യഹർജി ഹൈക്കോടതി തള്ളിയിരുന്നു. അറസ്റ്റിലായി അറുപതു ദിവസത്തിനകം കുറ്റപത്രം സമർപ്പിച്ചില്ലെങ്കിൽ പ്രതിക്ക് സ്വാഭാവിക ജാമ്യം ലഭിക്കും. ഇതു തടയാനുള്ള നീക്കം എന്ന നിലയിലാണു അന്തിമറിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചത്.
എം. ശിവശങ്കർ സ്വാധീനമുള്ള വ്യക്തിയാണെന്നും തെളിവുകൾ നശിപ്പിക്കാനുള്ള സാധ്യതയുണ്ടെന്നും ഹൈക്കോടതി ഇന്നലെ നിരീക്ഷിച്ചിരുന്നു. ശിവശങ്കറിന്‍റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഉത്തരവിലാണു ഹൈക്കോടതിയുടെ നിരീക്ഷണം. നേരത്തെ കുറ്റകൃത്യത്തിൽ ഉൾപ്പെട്ടിട്ടും ശിവശങ്കറിന്‍റെ ഔദ്യോഗിക ജീവിതത്തെ ഒരു തരത്തിലുമതു ബാധിച്ചിട്ടില്ല. അറസ്റ്റിനും ജയിൽവാസത്തിനും ശേഷം സർക്കാർ പദവിയിൽ തിരിച്ചെത്തുകയും ചെയ്തു. ശിവശങ്കറിന്‍റെ സ്വാധീനമാണതു വ്യക്തമാക്കുന്നതെന്നും ഹൈക്കോടതി നിരീക്ഷിച്ചു.