എം.കെ. കണ്ണനെ പൂട്ടാൻ ഇഡി; വെള്ളിയാഴ്ച വീണ്ടും ചോദ്യം ചെയ്യും

നേരത്തെ കണ്ണനെ ഏഴ് മണിക്കൂറോളം ഇഡി ചോദ്യം ചെയ്തിരുന്നു
MK Kannan
MK Kannan
Updated on

തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ കേസിൽ സിപിഎം സംസ്ഥാന കമ്മിറ്റിയംഗവും കേരള ബാങ്ക് വൈസ് ചെയർമാനും തൃശൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്‍റുമായ എം.കെ. കണ്ണനെ വെള്ളിയാഴ്ച എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്യും. നേരത്തെ കണ്ണനെ ഏഴ് മണിക്കൂറോളം ഇഡി ചോദ്യം ചെയ്തിരുന്നു. ഇതിന് ശേഷം പുറത്തിറങ്ങിയ കണ്ണൻ ഇഡി ഭീഷണിപ്പെടുത്തിയെന്നും തന്നെയും എ.സി. മൊയ്തീനെയും കൂട്ടിയിണക്കാൻ ശ്രമിക്കുകയാണെന്നും ആരോപിച്ചിരുന്നു. ഇതിന് ശേഷമുള്ള രണ്ടാമത്തെ ചോദ്യം ചെയ്യലാണ് വെള്ളിയാഴ്ചയിലേത്.

ഇന്നത്തെ ചോദ്യം ചെയ്യൽ നിർണായകമാണെന്നാണ് ഇഡി വൃത്തങ്ങളും സിപിഎം കേന്ദ്രങ്ങളും നൽകുന്ന സൂചന. എം.കെ.കണ്ണനെയും മുൻ മന്ത്രി എ.സി.മൊയ്തീനെയും കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ പ്രതികളാക്കാനാണ് ആലോചിച്ചിരിക്കുന്നതെന്നും ഇതിന് ഡൽഹി ഹെഡ്ക്വാർട്ടേഴ്സിൽ നിന്നുള്ള അനുമതിക്കായുള്ള കാത്തിരിപ്പിലാണെന്നാണ് ഇഡി ഉദ്യോഗസ്ഥർ വൃത്തങ്ങൾ നൽകിയത്. കണ്ണനും എ.സി. മൊയ്തീനുമായി പ്രത്യേക ചോദ്യാവലിയും തയ്യാറാക്കിയിട്ടുണ്ടത്രെ.

കണ്ണനൊപ്പം ഇന്ന് തൃശൂർ കോർപ്പറേഷൻ കൗൺസിലറും സിപിഎം തൃശൂർ ഏരിയാ കമ്മിറ്റിയംഗവും കൂടിയായ അനൂപ് ഡേവീസ് കാടയെയും വിളിപ്പിച്ചിട്ടുണ്ട്. ഒരാഴ്ചയോളം തുടർച്ചയായി ചോദ്യം ചെയ്യലിലായിരുന്ന അനൂപിനെ കഴിഞ്ഞ രണ്ട് ദിവസമായിട്ടാണ് അവധിയിലായിരുന്നത്.

വെള്ളിയാഴ്ച ഹാജരാവാൻ ആവശ്യപ്പെട്ടിട്ടുണ്ട്. കണ്ണൻ പ്രസിഡന്‍റായുള്ള തൃശൂർ സഹകരണ ബാങ്കിലെ പി. സതീഷ്കുമാറിന് നിക്ഷേപമുണ്ടെന്ന വിവരം അനൂപിൽ നിന്നാണ് ലഭിച്ചതെന്ന് പറയുന്നു. ഇതോടൊപ്പം തൃശൂരിൽ കണ്ണനും മൊയ്തീനുമായും ഏറെ അടുപ്പവും നിരവധി വ്യവസായ പ്രമുഖരുമായുള്ള ഇടനിലക്കാരനും അനൂപാണ്. സതീഷ്കുമാറുമായും അനൂപിന് അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അനൂപിന്‍റെയും കണ്ണനെയും ഇരുത്തിയുള്ള ചോദ്യം ചെയ്യലും നിർണായകമാകുന്നത്. ഇതോടൊപ്പം അറസ്റ്റിലായ വടക്കാഞ്ചേരി സിപിഎം കൗൺസിലർ പി.ആർ അരവിന്ദാക്ഷനെയും ബാങ്ക് അക്കൗണ്ടന്‍റ് ജിൽസനേയും ചോദ്യം ചെയ്യലിന് ശേഷം റിമാൻഡ് ചെയ്യലിനായി കോടതിയിൽ നൽകിയ റിപ്പോർട്ടിൽ ഗൗരവകമായ കണ്ടെത്തൽ ഇഡി വിശദീകരിക്കുന്നു. അരവിന്ദാക്ഷന്‍റെ കൂടുതൽ ബാങ്ക് അക്കൗണ്ടുകൾ വിവരങ്ങൾ ലഭിച്ചതായി ഇഡി വ്യക്തമാക്കുന്നു.

അക്കൗണ്ടിന്‍റെ അനന്തരാവകാശിയായി വച്ചത് ഒന്നാം പ്രതി സതീഷിന്‍റെ സഹോദരനെയാണ്. 90 വയസുള്ള അമ്മയുടെ പേരിലും അരവിന്ദാക്ഷന് അക്കൗണ്ടുണ്ടെന്നും 63 ലക്ഷം രൂപയുടെ നിക്ഷേപം പെരിങ്ങണ്ടൂർ സർവീസ് സഹകരണ ബാങ്കിലുണ്ട്. അരവിന്ദാക്ഷൻ പലതവണ വിദേശയാത്രകൾ നടത്തി. ദുബായ് അടക്കം പല സ്ഥലങ്ങളിൽ സ്ഥല കച്ചവടങ്ങൾ നടത്തിയാതായാണ് ഇഡി കണ്ടെത്തൽ. 2013 -14 കാലയളവിൽ അരവിന്ദാക്ഷനും ഒന്നാംപ്രതി സതീഷ് കുമാറും വസ്തു വിൽപ്പനയ്ക്കായി ദുബൈ യാത്ര നടത്തി.

ദുബൈ യാത്രയുടെ വിശദാംശങ്ങൾ ചോദ്യം ചെയ്യലിൽ അരവിന്ദാക്ഷൻ വെളിപ്പെടുത്തിയിട്ടില്ല. 2011നും 2019നും ഇടയിൽ സി.കെ ജിൽസ് 11 ലക്ഷത്തിന്‍റെ ഭൂമി വിൽപന നടത്തി. അതിൽ ആറെണ്ണം ഭാര്യയുടെ പേരിലാണ്. അരവിന്ദാക്ഷന്‍റെ ഭാര്യയുടെ പേരിലുള്ള വസ്തു 85 ലക്ഷം രൂപക്ക് പ്രവാസിയായ അജിത്ത് മേനോന് വിറ്റതായും ഇഡി വ്യക്തമാക്കുന്നു. ഇതോടെ നേരത്തെ നൽകിയ മൊഴികളിൽ നിന്നും ഏറെ വൈരുധ്യമാണ് തെളിവുകളോടെ അരവിന്ദാക്ഷനെതിരെയുള്ളത്.

അക്കൗണ്ടിന്‍റെ അനന്തരാവകാശിയായി സഹോദരനെ വെച്ചതിലൂടെ സതീഷ്കുമാറിന്‍റെ ബെനാമിയാണെന്ന സ്ഥിരീകരണമാണ് ഇഡി നടത്തുന്നത്. അങ്ങനെയെങ്കിൽ ഏറെ അടുപ്പമുള്ള മൊയ്തീനും കണ്ണനും എളുപ്പമാവില്ല കാര്യങ്ങൾ. ഇന്ന് കണ്ണന്‍റെ ചോദ്യം ചെയ്യലിന് ശേഷം അടുത്ത ദിവസം തന്നെ മൊയ്തീനും നോട്ടീസ് നൽകുമെന്നാണ് വിവരം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com