പ്ലസ് വൺ സീറ്റ് ക്ഷാമം: അധിക ബാച്ചുകൾ വേണമെന്ന് വിദ്യാഭ്യാസ വകുപ്പ്

ജില്ലകളിലെ നിലവിലെ സീറ്റുകളുടെ എണ്ണം അടക്കം ചൂണ്ടിക്കാട്ടിയുള്ള ശുപാർശ വകുപ്പ് മുഖ്യമന്ത്രിക്ക് കൈമാറി
പ്ലസ് വൺ സീറ്റ് ക്ഷാമം.
പ്ലസ് വൺ സീറ്റ് ക്ഷാമം.പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: പ്ലസ് വണ്‍സീറ്റ് ക്ഷാമം പരിഹരിക്കാന്‍ അധിക ബാച്ചുകള്‍ അനുവദിക്കണമെന്ന് ‌വിദ്യാഭ്യാസ വകുപ്പിന്‍റെ ശുപാര്‍ശ. ജില്ലകളിലെ നിലവിലെ സീറ്റുകളുടെ എണ്ണം അടക്കം ചൂണ്ടിക്കാട്ടിയുള്ള ശുപാർശ വകുപ്പ് മുഖ്യമന്ത്രിക്ക് കൈമാറി. ബുധനാഴ്ച നടക്കുന്ന മന്ത്രിസഭാ യോഗം ഇക്കാര്യത്തില്‍ തീരുമാനമെടുത്തേക്കുമെന്നാണ് വിവരം.

പ്ലസ് വണ്‍ സീറ്റ് ക്ഷാമം രൂക്ഷമായി തുടരുന്നതിനിടെ 97 അധിക ബാച്ചുകള്‍ കൂടി അനുവദിക്കണമെന്നാണ് വിദ്യാഭ്യാസ വകുപ്പ് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തത്. വിദ്യാഭ്യാസ മന്ത്രി ഇക്കാര്യം മുഖ്യമന്ത്രിയെ നേരിട്ട് ധരിപ്പിച്ചു. 97 ബാച്ചുകളിലൂടെ അയ്യായിരത്തോളം അധിക സീറ്റുകള്‍ ലഭിക്കുമെന്നാണ് കരുതുന്നത്. ഇന്ന് വൈകുന്നേരത്തോടെ രണ്ടാം സപ്ലിമെന്‍ററി അലോട്ട്മെന്‍റില്‍ പരിഗണിച്ച 19247 സീറ്റുകളിലേക്കുള്ള പ്രവേശനം പൂര്‍ത്തിയാകും. പാലക്കാട് മുതല്‍ കാസര്‍ഗോഡ് വരെയുള്ള ജില്ലകളിലാണ് നിലവിൽ സീറ്റുകളുടെ കുറവുള്ളത്. ഇതില്‍ മലപ്പുറം ജില്ലയില്‍ സീറ്റ് ക്ഷാമം അതിരൂക്ഷമാണ്. താലൂക്ക് അടിസ്ഥാനത്തില്‍സീറ്റുകളുടെ കുറവ് പരിഗണിച്ചാണ് അധിക ബാച്ച് അനുവദിക്കുക. മലപ്പുറം, കോഴിക്കോട് ജില്ലകൾക്ക് കൂടുതല്‍ ബാച്ചുകള്‍ ലഭിക്കാനാണ് സാധ്യത.

പാലക്കാട് മുതല്‍ കാസര്‍കോടുവരെ 15000 നും 16,000 നും ഇടയില്‍ വിദ്യാര്‍ഥികള്‍ പ്രവേശനത്തിന് കാത്തിരിക്കുന്നുണ്ടെന്നാണ് കണക്കുകള്‍. കഴിഞ്ഞ അധ്യയന വര്‍ഷത്തെ 81 താല്‍ക്കാലിക ബാച്ചുകള്‍ ഈ വര്‍ഷവും തുടര്‍ന്നിരുന്നു. ഇതുകൂടാതെ അധിക സീറ്റും അനുവദിച്ചു. കുട്ടികള്‍ കുറവായ 14 പ്ലസ് വണ്‍ ബാച്ചുകള്‍ മറ്റുജില്ലകളില്‍ നിന്ന് മലബാറിലേക്ക് മാറ്റുകയും ചെയ്തു. ഇതെല്ലാമായിട്ടും സീറ്റ് ക്ഷാമം തുടരുന്നതിനാലാണ് 97 ബാച്ചുകള്‍ കൂടി അനുവദിക്കുന്നത് സര്‍ക്കാര്‍ പരിഗണിക്കുന്നത്. പുതിയ ബാച്ചുകൾ വരികയാണെങ്കിൽ ഇഷ്ടവിഷയങ്ങളിലേക്ക്‌ വിദ്യാർഥികൾക്ക് മാറിയെത്താനും അവസരം ലഭിക്കും.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com