

എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുമായി കൂടിക്കാഴ്ച നടത്തുന്ന വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദീൻ
കോട്ടയം: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുമായി കൂടിക്കാഴ്ച നടത്തി വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. തിങ്കളാഴ്ച പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്തെത്തിയാണ് കൂടിക്കാഴ്ച നടത്തിയത്.
യുഡിഎഫ് സർക്കാർ കേരളത്തിൽ അധികാരത്തിലെത്തിയതിന് പിന്നാലെ വിദ്യാഭ്യാസ വകുപ്പ് മുസ്ലിം ലീഗിന് നൽകിയതിനെതിരേ ചില ഹിന്ദു സംഘടനകളും ബിജെപിയും ആശങ്ക ഉയർത്തിയ സാഹചര്യത്തിലാണ് മന്ത്രിയുടെ എൻഎസ്എസ് ആസ്ഥാന സന്ദർശനം. എൻഎസ്എസ് ആസ്ഥാനത്തെത്തിയ മന്ത്രിയെ സുകുമാരൻ നായർ ഓഫീസിൽ നിന്ന് പുറത്തിറങ്ങി സ്വീകരിച്ചു. ഇരുവരും പരസ്പരം ഷാൾ അണിയിച്ച ശേഷമാണ് ഓഫീസിലേക്ക് പ്രവേശിച്ചത്. തുടർന്ന് ഏകദേശം അരമണിക്കൂറോളം ചർച്ച നടത്തി.
മതസമൂഹങ്ങൾക്കിടയിലോ മുസ്ലിം സമൂഹത്തെ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനമായ ലീഗുമായോ അഭിപ്രായവ്യത്യാസം സൃഷ്ടിക്കാൻ എൻഎസ്എസ് ഒരിക്കലും ശ്രമിച്ചിട്ടില്ലെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവേ സുകുമാരൻ നായർ പറഞ്ഞു. “അത്തരമൊരു അഭിപ്രായവ്യത്യാസം ഒരിക്കലും ഉണ്ടായിട്ടില്ല. ഇനിയും അത്തരമൊരു സാഹചര്യം ഉണ്ടാകാതിരിക്കാൻ ഞങ്ങൾ ശ്രദ്ധിക്കും”- അദ്ദേഹം പറഞ്ഞു. എല്ലാ മതങ്ങളോടും എൻഎസ്എസിന് ഒരുപോലെ സ്നേഹമാണെന്നും സുകുമാരൻ നായർ കൂട്ടിച്ചേർത്തു.
സൗഹൃദ സന്ദർശനമായിരുന്നു നടന്നതെന്ന് മന്ത്രി ഷംസുദ്ദീൻ പറഞ്ഞു. കോട്ടയത്ത് വിദ്യാഭ്യാസ വകുപ്പിന്‍റെ അദാലത്തിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് എൻഎസ്എസ് ആസ്ഥാനത്ത് എത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.
വിദ്യാഭ്യാസ മേഖലയ്ക്ക് എൻഎസ്എസ് നൽകുന്ന സംഭാവനകൾ തുല്യതയില്ലാത്തതാണെന്ന് മന്ത്രി പ്രശംസിച്ചു. നൂറുകണക്കിന് സ്കൂളുകളും കോളെജുകളും പ്രശംസനീയമായ രീതിയിൽ നടത്തുന്ന സംഘടനയാണ് എൻഎസ്എസ്. സ്വാഭാവികമായും ഇന്നത്തെ വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട് പരസ്പരം കൈമാറാനുള്ള ചില ആശയങ്ങൾ ഞങ്ങൾക്കുണ്ടായിരുന്നു. ചർച്ചയിൽ പ്രധാനമായും അതാണ് വിഷയമായതെന്നും അദ്ദേഹം വ്യക്തമാക്കി.