

പി.വി. അൻവർ
മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിക്കുന്ന പി.വി. അൻവറിന് കത്രിക ചിഹ്നം അനുവദിച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ ഓട്ടോ റിക്ഷ ചിഹ്നത്തിലാണ് അൻവർ മത്സരിച്ചിരുന്നത്. അതിനാൽ ഈ തെരഞ്ഞെടുപ്പിലും ഓട്ടോറിക്ഷ ചിഹ്നം വേണമെന്ന് അൻവർ ആവശ‍്യപ്പെട്ടെങ്കിലും തെരഞ്ഞെടുപ്പ് കമ്മിഷൻ അനുവദിച്ചില്ല.
ഓട്ടോ റിക്ഷ കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിന്‍റെ ചിഹ്നമാണെന്നും അതിനാൽ അനുവദിക്കാനാകില്ലെന്നും തെരഞ്ഞെടുപ്പ് കമ്മിഷൻ വ‍്യക്തമാക്കി. കത്രിക ചിഹ്നം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് അൻവർ പ്രതികരിച്ചു. പിണറായി വിജയനും വി.ഡി. സതീശനും ചേർന്ന് കത്രിക പൂട്ടിട്ടാണ് തന്നെ പൂട്ടിയതെന്നും ഇരുവരെയും ജനങ്ങൾ കത്രിക കൊണ്ട് വെട്ടുമെന്നും അൻവർ പറഞ്ഞു.
അതേസമയം 10 പേരാണ് നിലവിൽ മത്സരരംഗത്തുള്ളത്. 14 പേർ നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നുവെങ്കിലും അൻവറിന്‍റെ അപരൻ ഉൾപ്പെടെയുള്ള 4 പേർ പിന്മാറി. ഇതോടെ 10 പേരായി.