മുന്നണികളിൽ അത്യാഹ്ലാദം, അമ്പരപ്പ്, ആഘാതം

കഴിഞ്ഞ തവണത്തെ ആലപ്പുഴയിലെ "കനലൊരു തരി' അണഞ്ഞ് ആലത്തൂരിൽ പുതിയൊരു "തരി' കിട്ടിയെങ്കിലും അതിന്‍റെ ആഘാതത്തിൽ അന്തംവിട്ട് എൽഡിഎഫ്
മുന്നണികളിൽ അത്യാഹ്ലാദം, അമ്പരപ്പ്, ആഘാതം

എം.ബി. സന്തോഷ്

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് വൻ വിജയം നേടിയിട്ടും രണ്ടു സിറ്റിങ് സീറ്റ് നഷ്ടമാവുകയും അതിലൊന്നിൽ ബിജെപി ജയിക്കുകയും ചെയ്തതിൽ അമ്പരന്ന് യുഡിഎഫ്.

കഴിഞ്ഞ തവണത്തെ ആലപ്പുഴയിലെ "കനലൊരു തരി' അണഞ്ഞ് ആലത്തൂരിൽ പുതിയൊരു "തരി' കിട്ടിയെങ്കിലും അതിന്‍റെ ആഘാതത്തിൽ അന്തംവിട്ട് എൽഡിഎഫ്. തൃശൂരിലൂടെ കേരളത്തിൽ നിന്ന് ആദ്യമായി ജനവിധിയിലൂടെ എംപിയെ കിട്ടിയതിന്‍റെ അത്യാഹ്ലാദത്തിൽ ബിജെപി.

തെരഞ്ഞെടുപ്പു ഫലത്തിനു ശേഷം കേരളത്തിലെ മുന്നണികളുടെ അവസ്ഥ ഇതാണ്. കഴിഞ്ഞ തവണ 19 സീറ്റിലും ജയിച്ച യുഡിഎഫ് ഇത്തവണ 20 പ്രതീക്ഷിച്ചെങ്കിലും 18 ആയിപ്പോയത് തിരിച്ചടിയായി കരുതേണ്ടതേയല്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രിയാവും എന്ന പ്രതീക്ഷയോടെ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിച്ചതിന്‍റെയും ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭത്തിന്‍റെയും ആനുകൂല്യമുണ്ടായിരുന്നു. എന്നാൽ, ഇത്തവണ അത്തരം അനുകൂല ഘടകങ്ങളൊന്നും ഉണ്ടാവാതിരുന്നിട്ടും യുഡിഎഫ് നേടിയത് ഗംഭീര വിജയമാണ്. എന്നാൽ സിറ്റിങ് സീറ്റായ തൃശൂരിൽ മൂന്നാം സ്ഥാനത്തായതാണ് യുഡിഎഫിനെ നടുക്കിയത്.

കഴിഞ്ഞ തവണത്തെ തിരിച്ചടികളിൽ നിന്ന് തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകളിലൂടെ വമ്പൻ ജയം നേടി തുടർഭരണം സ്വന്തമാക്കിയ രണ്ടാം പിണറായി സർക്കാരിന് ഈ ഫലം കനത്ത തിരിച്ചടിയാണ്. ഭരണവിരുദ്ധ വികാരം ശക്തമായിരുന്നു എന്ന് ഇനിയെങ്കിലും അംഗീകരിച്ചേ മതിയാവൂ. അതുകൊണ്ടു തന്നെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം മൂലം മാറ്റിവച്ച സംസ്ഥാന സർക്കാരിന്‍റെ മൂന്നാം വാർഷികാഘോഷം നിറം കെട്ടതായി.

പി.സി. തോമസിലൂടെ മൂവാറ്റുപുഴയിൽ 2004ൽ ബിജെപി മുന്നണി അക്കൗണ്ട് തുറന്നിരുന്നെങ്കിലും ഇതാദ്യമായാണ് സംസ്ഥാനത്തെ പാർലമെന്‍റ് തെരഞ്ഞെടുപ്പിലെ ബിജെപിയുടെ തൃശൂർ വിജയം. സുരേഷ് ഗോപിയെ കേന്ദ്ര നേതൃത്വം നേരിട്ട് ഇടപെട്ട് നേരത്തെ തന്നെ സ്ഥാനാർഥിയായി അവതരിപ്പിച്ചതിനു പുറമെ, പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തിന്‍റെ മകളുടെ വിവാഹത്തിനടക്കം വന്ന് "സ്വന്തം' സ്ഥാനാർഥി എന്ന പ്രതീതി സൃഷ്ടിച്ചു.

കേന്ദ്രമന്ത്രിസ്ഥാനം കൂടി സുരേഷ് ഗോപിയെ തേടിയെത്തുമ്പോൾ ബിജെപിയിൽ പുതിയ അധികാര കേന്ദ്ര മായി മാറുമെന്ന ആശങ്ക ബിജെപി സംസ്ഥാന നേതൃത്വത്തിനുണ്ട്.

നിയമസഭാ സമ്മേളനം 10ന് തുടങ്ങുകയാണ്. ജൂലൈ 25 വരെ നീളുന്ന 28 ദിവസത്തെ സമ്മേളനം എൽഡിഎഫിന് സുഗമമാവാനിടയില്ല. നേരത്തേ തന്നെ സർക്കാരുമായി നിരന്തരം ഏറ്റുമുട്ടുന്ന പ്രതിപക്ഷം ‌തെരഞ്ഞെടുപ്പ് വിജയത്തിന്‍റെ വർധിത വീര്യത്തോടെയുള്ള ആക്രമണോത്സുകതയെ നേരിടേണ്ടിവരും. നിയമസഭാ മണ്ഡല കണക്കെടുക്കുമ്പോൾ ഇപ്പോൾ 110 സീറ്റിൽ യുഡിഎഫും ബിജെപി 11 ഇടത്തും മുന്നിലെത്തിയപ്പോൾ എൽഡിഎഫിന് 19 ഇടത്തേ ഭൂരിപക്ഷമുള്ളൂ എന്നത് വലിയ അലോസരമായിരിക്കും. 99 സീറ്റിൽ ജയിച്ച മുന്നണിയുടെ അവസ്ഥയാണിത്.

എംപിയായ കെ. രാധാകൃഷ്ണൻ എംഎൽഎ സ്ഥാനവും മന്ത്രിപദവും രാജിവയ്ക്കേണ്ടതിനാൽ പുതിയ മന്ത്രിയെ കണ്ടെത്തേണ്ടിവരും. അത് 7നുള്ള സെക്രട്ടേറിയറ്റിലാവുമോ അതോ 16, 17 തീയതികളിലെ സംസ്ഥാന സെക്രട്ടേറിയറ്റും 18, 19, 20 തീയതികളിലെ സംസ്ഥാന സമിതി യോഗത്തിനും ശേഷമേ ഉണ്ടാവുകയുള്ളോ എന്ന് വ്യക്തമായിട്ടില്ല. വെള്ളിയാഴ്ച സിപിഎം തെരഞ്ഞെടുപ്പ് ഫലം പ്രാഥമികവിലയിരുത്തൽ നടത്തുമെങ്കിലും വിശദ ചർച്ച 16 മുതൽ 20 വരെയുള്ള നേതൃയോഗങ്ങളിലേ ഉണ്ടാവൂ.

Trending

No stories found.

Latest News

No stories found.