
1000 രൂപയ്ക്ക് മുകളിലുളള വൈദ്യുത ബിൽ ഇനി ഓൺലൈനായി അടയ്ക്കണം
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി ബിൽ അടയ്ക്കുന്ന രീതിയിൽ മാറ്റവുമായി കെഎസ്ഇബി. ഇനി 1000 രൂപയിൽ കൂടുതലുള്ള ബില്ലുകളെല്ലാം ഓൺലൈനായി തന്നെ അടയ്ക്കണം. തീരുമാനം നടപ്പാക്കാൻ കർശന നിർദേശമാണ് നൽകിയിരിക്കുന്നത്. കെഎസ്ഇബി ഓഫിസുകളിൽ രണ്ട് ക്യാഷ് കൗണ്ടറുകൾ ഉണ്ടായിടങ്ങളിൽ ഇനി ഒന്ന് നിർത്തലാക്കും.
ഇപ്പോൾ 70% ബില്ലുകളും ഓൺലൈനായാണ് അടയ്ക്കുന്നത്. ഇത് കണക്കിലെടുത്താണ് കൗണ്ടറുകൾ കുറയ്ക്കാനുളള തീരുമാനം. വൈദ്യുതി ബിൽ അടയ്ക്കുന്നതിനുളള സമയക്രമകത്തിലും മാറ്റം വരുത്തുന്നുണ്ട്.
രാവിലെ എട്ടു മുതൽ വൈകിട്ട് ആറ് വരെയാണ് നിലവിൽ പണം സ്വീകരിക്കുന്നത്. ഇനി രാവിലെ ഒൻപത് മുതൽ ഉച്ച കഴിഞ്ഞ് മൂന്ന് വരെയേ സ്വീകരിക്കൂ. അധികംവരുന്ന ജീവനക്കാരെ ഡിവിഷൻ, സർക്കിൾ ഓഫിസുകളിലേക്കു പുനർവിന്യസിക്കുകയോ പൊതുസ്ഥലംമാറ്റത്തിന്‍റെ ഭാഗമായി മാറ്റുകയോ ചെയ്യും.