വൈദ്യുതി നിരക്ക് കൂടും; നിരക്ക് വർധനയും സർചാർജും പ്രഖ്യാപിച്ചു

വൈദ്യുതി ബോർഡിന്‍റെ മുൻകാല നഷ്ടമായ 5,000 കോടി രൂപ 4 വർഷം കൊണ്ട് സർചാർജിലൂടെ ഈടാക്കുന്നതിനുള്ള പുതിയ താരിഫ് നയം വിജ്ഞാപനം ചെയ്തു
Electricity rates in the state set to rise

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടും

representative image

Updated on: 

തിരുവനന്തപുരം: നിരക്ക് വർധനയും സർചാർജും പ്രഖ്യാപിച്ച് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ. ഏപ്രിൽ ഒന്നു മുതൽ കൂടിയ ബിൽ നിലവിൽ വരും. വൈദ്യുതി ബോർഡിന്‍റെ മുൻകാല നഷ്ടമായ 5,000 കോടി രൂപ 4 വർഷം കൊണ്ട് സർചാർജിലൂടെ ഈടാക്കുന്നതിനുള്ള പുതിയ താരിഫ് നയം കമ്മിഷൻ വിജ്ഞാപനം ചെയ്തു. 2027-28 മുതൽ 2031-32 വരെയുള്ള 5 വർഷത്തെ വൈദ്യുതി നിരക്ക് ഈ നയത്തിന്‍റെ അടിസ്ഥാനത്തിലായിരിക്കും നിശ്ചയിക്കുക. ഇതിൽ 4 വർഷവും സർചാർജ് ഉണ്ടാകും.

വ്യാവസായിക ഉപഭോക്താക്കൾക്ക് ബില്ലിലെ നിശ്ചിത നിരക്കിന്‍റെ അടിസ്ഥാനത്തിലും മറ്റു വിഭാഗങ്ങൾക്ക് നിശ്ചിത ശതമാനത്തിന്‍റെ അടിസ്ഥാനത്തിലുമാണ് സർചാർജ് കണക്കാക്കുക. വൈദ്യുതി ഉത്പാദന ചെലവിൽ ഇന്ധന വില വർധന മൂലമുണ്ടാകുന്ന അധിക ബാധ്യത ഈടാക്കാൻ നിലവിൽ മാസം തോറും ഇന്ധന സർചാർജ് ചുമത്തുന്നുണ്ട്.

ദീർഘകാല വൈദ്യുതി കരാറുകളിലെ അധിക ബാധ്യത മാത്രമാണ് ഇതുവരെ കണക്കാക്കിയിരുന്നതെങ്കിൽ, പുതിയ ചട്ടപ്രകാരം ഹ്രസ്വകാല, അടിയന്തര വൈദ്യുതി വാങ്ങലുകളിലെ അധിക ചെലവും ഉപഭോക്താക്കളിൽ നിന്ന് ഈടാക്കാം. ഇതിന് കമ്മിഷന്‍റെ മുൻകൂർ അംഗീകാരം ആവശ്യമില്ല. എന്നാൽ, ശരാശരി വൈദ്യുതി വിലയുടെ 4 ശതമാനത്തിൽ കൂടുതൽ ഇന്ധന സർചാർജായി നേരിട്ട് ഈടാക്കുന്നതിന് നിയന്ത്രണമുണ്ടാകും.

പീക്ക് സമയം രാത്രി 11.30 വരെ

വൈദ്യുതി ഉപയോഗം ഏറ്റവും കൂടുതലുള്ള പീക്ക് സമയത്തിൽ മാറ്റമുണ്ടാകും. നിലവിൽ വൈകിട്ട് 6 മുതൽ രാത്രി 10 വരെയായിരുന്ന പീക്ക് സമയം രാത്രി 11.30 വരെ നീട്ടും. ആ സമയത്ത് ഉയർന്ന നിരക്ക് ഈടാക്കാൻ കൂടുതൽ വിഭാഗങ്ങളിൽ സമയാധിഷ്ഠിത വൈദ്യുതി മീറ്ററുകൾ സ്ഥാപിക്കാനും നയം നിർദേശിക്കുന്നു.

രാവിലെ 8 മണി മുതൽ വൈകിട്ട് 6 വരെയും രാത്രി 11.30 മുതൽ രാവിലെ 8 വരെയും കുറഞ്ഞ നിരക്ക് ഏർപ്പെടുത്തണം. വൈദ്യുതി വിതരണ ചെലവിന് അനുസരിച്ചായിരിക്കണം നിരക്ക് നിശ്ചയിക്കേണ്ടതെന്ന സുപ്രീം കോടതി വിധി നടപ്പാക്കണം.

ഗാർഹിക ഉപഭോക്താക്കളുടെ സ്ഥിരം നിരക്ക് കണക്റ്റഡ് ലോഡിന്‍റെ അടിസ്ഥാനത്തിൽ നിശ്ചയിക്കണം. വീടുകളിൽ വൈദ്യുതി സംഭരിക്കാനുള്ള സംവിധാനം സ്ഥാപിച്ച് രാത്രി അധിക വൈദ്യുതി ഗ്രിഡിലേക്ക് നൽകുന്നവർക്ക് പ്രോത്സാഹനകരമായ വില നൽകണമെന്നും പുതിയ നയത്തിൽ പറയുന്നു.

logo
Metro Vaartha
www.metrovaartha.com