അരിക്കൊമ്പന്‍റെ വഴിയേ ചില ആനക്കഥകൾ...

മറക്കില്ല പഴയ കാടിനെ കൂട്ടുകാരെയും | കാടിറങ്ങിയ വിനായകൻ | ബന്ധുക്കളെ തേടി നടന്ന ചിന്നത്തമ്പി | കർണാടകയിലെ കാടുമാറ്റം | കല്യാൺ വർമയുടെ അനുഭവങ്ങൾ | അരിക്കൊമ്പന്‍റെ മടക്കയാത്രാ സാധ്യതകൾ
അരിക്കൊമ്പന്‍റെ വഴിയേ ചില ആനക്കഥകൾ...

#വിജു നമ്പൂതിരി

ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിൽ ഭീതി പരത്തിയ കാട്ടാനയെ പെരിയാർ കടുവ സങ്കേതത്തിലേക്കു "കാടുകടത്തി'യിട്ട് ദിവസങ്ങൾ കഴിഞ്ഞു. പുതിയ സങ്കേതത്തിൽ നിരന്തരം പ്രയാണത്തിലാണ് അരിക്കൊമ്പൻ എന്ന കാട്ടാന. പുതിയ ആവാസവ്യവസ്ഥയോട് ഇണങ്ങുകയോ ആനക്കൂട്ടങ്ങളോട് ചേരുകയോ ചെയ്തിട്ടില്ല.

അരിക്കൊമ്പൻ അടുത്തത് എവിടേക്കു പോകുമെന്ന ആകാംക്ഷയാണ് എല്ലായിടത്തും. തിരികെയെത്തുമെന്നും എത്തില്ലെന്നുമുള്ള വാദങ്ങളും തുടരുന്നു.

തമിഴ്നാട്, കേരള അതിർത്തിയിൽ തുറന്നുവിട്ട ആനയുടെ സാന്നിധ്യമറിയാനുള്ള ജിപിഎസ് സിഗ്നലുകൾ ഇരുസംസ്ഥാനങ്ങളിലുമായി മാറിമാറി കാണിക്കുന്നു. അരിക്കൊമ്പൻ അടുത്തത് എവിടേക്കു പോകുമെന്ന ആകാംക്ഷയാണ് എല്ലായിടത്തും. തിരികെയെത്തുമെന്നും എത്തില്ലെന്നുമുള്ള വാദങ്ങളും തുടരുന്നു. കാടുമാറ്റിയ ആനകൾ തിരികെ അതിന്‍റെ ആവാസ വ്യവസ്ഥ തേടിപ്പിടിച്ചു പോകുമോ എന്നതിലാണ് ചർച്ചകൾ.

മറക്കില്ല പഴയ കാടിനെ, കൂട്ടുകാരെയും

കാടു മാറ്റിയാലും ആനകൾക്ക് അതിന്‍റെ പഴയകാലത്തെക്കുറിച്ച് ഓർമയുണ്ടാകുമെന്നതാണു യാഥാർഥ്യം. ആനയ്ക്ക് അഞ്ച് വയസിന്‍റെ ബുദ്ധിയെന്നാണു നാട്ടാനകളെ സംബന്ധിച്ച പഴമൊഴി. അഥവാ അഞ്ച് വയസുള്ള കുട്ടിയുടെ ഓർമകളൊക്കെ അതിനുണ്ടാകും. വർഷങ്ങൾക്കുശേഷവും പഴയ ഉടമയെയും പാപ്പാനെയും തിരിച്ചറിയാറുണ്ട് നാട്ടാനകൾ. പഴയ ഉടമയുടെ വീടുപോലും അവയ്ക്കു പരിചിതമാണ്. ഉത്സവപ്പറമ്പിൽ ഇടഞ്ഞ ആന കിലോമീറ്ററുകൾ തനിയെ നടന്ന് വീട്ടിലെത്തിയ കഥ പറയാനുണ്ടാകും വലിയൊരു വിഭാഗം ആനയുടമകൾക്കും.

പാപ്പാനോടു പിണങ്ങി, വൈക്കത്തിനടുത്തു നിന്നു കുറിച്ചിത്താനത്തെ തന്‍റെ വസതിവരെ തനിയെ നടന്നെത്തിയ ആനയെക്കുറിച്ച് പറഞ്ഞിട്ടുണ്ട് ആനയുടമ കൂടിയായ നടൻ ബാബു നമ്പൂതിരി.

പാപ്പാനോടു പിണങ്ങി, വൈക്കത്തിനടുത്തു നിന്നു കുറിച്ചിത്താനത്തെ തന്‍റെ വസതിവരെ തനിയെ നടന്നെത്തിയ ആനയെക്കുറിച്ച് പറഞ്ഞിട്ടുണ്ട് ആനയുടമ കൂടിയായ നടൻ ബാബു നമ്പൂതിരി. രണ്ടു വർഷം മുൻപ് മലമ്പുഴ വനത്തിൽ നിന്ന് ഭാരതപ്പുഴയുടെ തീരങ്ങളിലൂടെ പെരിങ്ങോട്ടുകുറിശ്ശിയും തിരുവില്വാമലയും കടന്ന് മീറ്റ്ന വരെയെത്തിയ മൂന്നു കാട്ടാനകൾ ഒരാഴ്ചയ്ക്കുശേഷം വന്ന വഴിതന്നെ തിരികെ കാട്ടിലേക്കു മടങ്ങിയിരുന്നു. ഓർമകൾ മായുന്നില്ലെന്നതിനു തെളിവാണിതെല്ലാം.

കാട്ടാനകളുടെ കാര്യത്തിലും അവയ്ക്ക് പഴയ കാടിനെക്കുറിച്ചും അവിടത്തെ കൂട്ടിനെക്കുറിച്ചുമെല്ലാം ഓർമകളുണ്ടാകണം. ആനയുടെ കാടുമാറ്റം കേരളത്തിന് ആദ്യ അനുഭവമാണെങ്കിലും അയൽ സംസ്ഥാനങ്ങളായ തമിഴ്നാടിനും കർണാടകയ്ക്കും ഇത്തരം ഒട്ടേറെ അനുഭവങ്ങളുണ്ട്. കാടു മാറ്റിയ ആനകൾ തിരികെയെത്തിയ സംഭവങ്ങളും അവിടങ്ങളിൽ ആവർത്തിച്ചിട്ടുണ്ട്.

കാടിറങ്ങിയ വിനായകൻ

തമിഴ്നാട്ടിൽ കോയമ്പത്തൂർ വനം ഡിവിഷനിലുള്ള തടാകം മേഖലയിൽ പതിവായി ജനവാസ കേന്ദ്രങ്ങളിലിറങ്ങുന്ന ആനകളായിരുന്നു ചിന്നത്തമ്പിയും വിനായകനും. ആദ്യം വിനായകൻ മാത്രമായിരുന്നു കൃഷിയിടങ്ങളിലിറങ്ങുന്നതെങ്കിൽ പിന്നീട് ചിന്നത്തമ്പിയുമെത്തി. പ്രദേശത്തെ പ്രശസ്തമായ അനുവാവി സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലും ചുറ്റുവട്ടത്തുമായിരുന്നു ഇവ തമ്പടിച്ചത്. കൂടുതൽ ആനക്കുട്ടികളെ കൂടി ഇവ കൊണ്ടുവരാൻ തുടങ്ങിയതോടെ ഗ്രൂപ്പ് ലീഡറായ വിനായകനെ പിടികൂടാൻ തമിഴ്നാട് വനംവകുപ്പ് തീരുമാനിച്ചു. 2018 ഡിസംബറിൽ വിനായകനെ പിടികൂടി 90 കിലോമീറ്റർ അകലെ മുതുമല കടുവസങ്കേതത്തിൽ തുറന്നുവിട്ടു. റേഡിയോ കോളർ വഴി നിരീക്ഷണവും തുടങ്ങി.

പതിവായി തുരത്താൻ തുടങ്ങിയതോടെ വിനായകൻ ഉൾക്കാട്ടിലേക്കു മടങ്ങി.

ആദ്യമൊക്കെ മുതുമല, ബന്ദിപ്പുർ കടുവസങ്കേതങ്ങളുടെ അതിർത്തിവനങ്ങളിൽ നിലയുറപ്പിച്ച ആന പിന്നീട് ബന്ദിപ്പുരിന്‍റെ വടക്കൻ അതിർത്തിയിലേക്കു പോയി. അവിടെ കിടങ്ങുകൾ പോലും മറികടന്ന് കൃഷിയിടത്തിലിറങ്ങി. ഒടുവിൽ വനംവകുപ്പ് വീണ്ടും അവനെ കാട്ടിലേക്കു തുരത്തി. പതിവായി തുരത്താൻ തുടങ്ങിയതോടെ വിനായകൻ ഉൾക്കാട്ടിലേക്കു മടങ്ങി. 2018 ഡിസംബർ 19 മുതൽ 2019 ഏപ്രിൽ നാലുവരെയുള്ള 107 ദിവസത്തെ ജിപിഎസ് കോളർ നിരീക്ഷണത്തിൽ 2089 ലൊക്കേഷനുകളിലാണ് വിനായകനെ കണ്ടെത്തിയത്. ഇതിൽ 27 ശതമാനവും കൃഷിയിടങ്ങളിലോ കൃഷിയിടത്തിൽനിന്ന്‌ 500 മീറ്റർമാത്രം ദൂരത്തോ ആയിരുന്നു. ഈ 107 ദിവസം മുതുമലയിലും ബന്ദിപ്പുരുമായി വിനായകൻ 413 ചതുരശ്ര കിലോമീറ്റർ സഞ്ചരിച്ചു.

ബന്ധുക്കളെ തേടി നടന്ന ചിന്നത്തമ്പി

വിനായകൻ പോയതോടെ തടാകം മേഖലയിൽ ചിന്നത്തമ്പിയായി പ്രശ്നക്കാരൻ. ആളുകളെ ഉപദ്രവിക്കാറില്ലെങ്കിലും കൃഷിയിടത്തിൽ അവൻ പതിവു സാന്നിധ്യമായി. പകൽ സമയം സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര നടയിൽ നിലയുറപ്പിക്കുന്ന ചിന്നത്തമ്പി ഭക്തർക്ക് ഒരേ സമയവും കൗതുകവും ഭയവുമുണ്ടാക്കി. ഒടുവിൽ അവനെയും പിടികൂടി കാടുമാറ്റാൻ തീരുമാനിച്ചു തമിഴ്നാട് വനംവകുപ്പ്. 2019 ജനുവരി 25ന് ചിന്നത്തമ്പിയെ മയക്കുവെടിവച്ച് പിടികൂടി. പഴയ സുഹൃത്ത് വിനായകൻ മുതുമല, ബന്ദിപ്പുർ കടുവ സങ്കേതത്തിലുള്ളതിനാൽ ചിന്നത്തമ്പിയെ പറമ്പിക്കുളത്തോടു ചേർന്ന ടോപ്‌സ്ലിപ്പിലേക്കു മാറ്റാനായിരുന്നു തീരുമാനം.

ഇതുപ്രകാരം ടോപ്‌സ്ലിപ്പിലെ വരകാളിയാർ വനമേഖലയിൽ തുറന്നുവിട്ട ആന പക്ഷേ, തിരികെ തടാകം മേഖല ലക്ഷ്യമാക്കി നടപ്പു തുടങ്ങി. മൂന്നു ദിവസം കൊണ്ട് ഉദുമലൈ, കൃഷ്ണപുരം മേഖലയിലൂടെ 100 കിലോമീറ്ററോളം പിന്നിട്ട ആന ജനവാസകേന്ദ്രങ്ങളും പ്രധാന റോഡുകളുമൊക്കെ താണ്ടിയാണു പോയത്. ഓരോ തവണയും വനംവകുപ്പ് അധികൃതരെത്തുമ്പോൾ കുറച്ചുദൂരം പിന്നോട്ടുപോകുന്ന ആന പിന്നെയും തടാകം മേഖല ലക്ഷ്യമാക്കി തിരിച്ചുപോകും. ഒടുവിൽ അംഗലക്കുറിച്ചി ഗ്രാമത്തിലെത്തിയ ആന തുടർന്നു പോകാൻ വഴിയില്ലാതെ അവിടെ നിലയുറപ്പിച്ചു. ഇതോടെ, തമിഴ്നാട് വനംവകുപ്പ് അവരുടെ കുങ്കിയാനകളിൽ പ്രമുഖനായ കലിമിനെ ഉൾപ്പെടെ എത്തിച്ച് ചിന്നത്തമ്പിയെ പിടികൂടാൻ ശ്രമം തുടങ്ങി.

അടുത്തെത്തുന്ന ഏത് ആനയെയും ആക്രമിക്കുന്ന കലിം, ചിന്നത്തമ്പിയോട് അതിവേഗം സൗഹൃദത്തിലുമായി. തന്നെ പിടികൂടാൻ വന്ന ആനപ്പൊലീസിനു വേണ്ടി എത്തിക്കുന്ന തീറ്റയായി ഇതോടെ ചിന്നത്തമ്പിയുടെ ഭക്ഷണം.

എന്നാൽ, എല്ലാവരെയും അദ്ഭുതപ്പെടുത്തുന്ന കാഴ്ചകളാണ് പിന്നീട് കണ്ടത്. കരിമ്പിൻകാട്ടിൽ നിലയുറപ്പിച്ചിരുന്ന ചിന്നത്തമ്പി തൊട്ടടുത്ത കുങ്കിത്താവളത്തിലെത്തി. ഇവിടെയാകട്ടെ, അടുത്തെത്തുന്ന ഏത് ആനയെയും ആക്രമിക്കുന്ന കലിം, ചിന്നത്തമ്പിയോട് അതിവേഗം സൗഹൃദത്തിലുമായി. തന്നെ പിടികൂടാൻ വന്ന ആനപ്പൊലീസിനു വേണ്ടി എത്തിക്കുന്ന തീറ്റയായി ഇതോടെ ചിന്നത്തമ്പിയുടെ ഭക്ഷണം. തുമ്പിക്കൈ പരസ്പരം കോർത്ത് കലിമും ചിന്നത്തമ്പിയും സൗഹൃദം പങ്കുവയ്ക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. ഒടുവിൽ തിരുപ്പുരിലെ മടത്തുകുളത്തിനു സമീപം സർക്കാർ കണ്ണാടിപുത്തൂർ വില്ലെജിൽ നിന്നു മയക്കുവെടിവച്ചു പിടികൂടിയ ചിന്നത്തമ്പിയെ ടോപ്‌സ്ലിപ്പിലെ കൂട്ടിലേക്കു മാറ്റി. പരിശീലനത്തിനുശേഷം പുറത്തിറങ്ങിയ ചിന്നത്തമ്പി ഇന്ന് തമിഴ്നാട് വനംവകുപ്പിന്‍റെ ഏറ്റവും കരുത്തുറ്റ കുങ്കിയാനയാണ്. അറുപതു വയസായതിനാൽ കലിം അടുത്തിടെ വിരമിച്ചതോടെ പ്രധാന ദൗത്യങ്ങളിൽ നേതൃത്വം ഏറ്റെടുക്കുകയും ചെയ്തു ചിന്നത്തമ്പി.

കർണാടകയ്ക്കുമുണ്ട് കാടുമാറ്റ കഥകൾ

കഴിഞ്ഞ വർഷം ജൂൺ 29ന് കർണാടക വനംവകുപ്പ് പിടികൂടി കാടുകടത്തിയ മോഴയാനയും പഴയകാട്ടിലേക്ക് തിരികെയെത്തിയിരുന്നു. സകലേഷ്പുരിനു സമീപം ഉഡെവരയിൽ നിന്നു പിടികൂടിയ ആനയെ റേഡിയോ കോളർ ഘടിപ്പിച്ച് ബന്ദിപ്പുർ വനത്തിലേക്കാണു മാറ്റിയത്. എന്നാൽ, ഒരു മാസം കഴിഞ്ഞപ്പോൾ ആന വീണ്ടും സകലേഷ്പുരിലെത്തി. കുടഗ് താലുക്കിലെ സോമവാർപേട്ടിൽ ശനിവാര സാന്തെയിലേക്കാണ് ആനയെത്തിയത്.

ഒരിക്കൽ ജനവാസ കേന്ദ്രത്തിലിറങ്ങിയ ആന എവിടെയും ആ ശീലം ആവർത്തിക്കുമെന്നതാണ് അനുഭവപാഠം.

2021ൽ ബന്ദിപ്പുരിലേക്കു മാറ്റിയ കൊമ്പനും ഏതാനും നാളുകൾക്കു ശേഷം രാമനഗരയിലെ ചിന്നപട്നയിൽ തിരികെയെത്തിയിരുന്നു. ഒടുവിൽ ഈ ആനയെ കർണാടക വനംവകുപ്പിന്‍റെ ആനക്യാംപിലേക്കു മാറ്റുകയായിരുന്നു. വയനാട്ടിൽ ബത്തേരി നഗരത്തിലിറങ്ങിയതിനു പിടിയിലായ പന്തല്ലൂർ മഖ്ന 2 (പിഎം2) എന്ന കാട്ടാനയെ തമിഴ്നാട് വനംവകുപ്പ് പന്തല്ലൂരിൽ നിന്നു പിടികൂടി കാടുമാറ്റിയതായിരുന്നു. ഒരിക്കൽ ജനവാസ കേന്ദ്രത്തിലിറങ്ങിയ ആന എവിടെയും ആ ശീലം ആവർത്തിക്കുമെന്നതാണ് അനുഭവപാഠം.

കല്യാൺ വർമയുടെ അനുഭവ കഥകൾ

2014ൽ കർണാടകയിലെ ഹാസനിൽ നിന്ന് ഒരു കൂട്ടം ആനകളെ കാടുമാറ്റിയതിന്‍റെ അനുഭവം ഒരിക്കൽ പങ്കുവച്ചിട്ടുണ്ട് വൈൽഡ് ലൈഫ് ഫോട്ടൊഗ്രഫർ കല്യാൺ വർമ. വേൾഡ് വൈൽഡ് ലൈഫ് ഫണ്ടിന്‍റെ നേതൃത്വത്തിൽ നടന്ന കാടുമാറ്റം പൂർണമായി ക്യാമറയിൽ പകർത്തിയത് കല്യാൺ വർമയായിരുന്നു. ആനകളുടെ സഹോദര സ്നേഹം മനസിലാക്കുന്ന അന്നത്തെ ചില കാഴ്ചകൾ ഒരിക്കലും മറക്കില്ലെന്നു പറയുന്നു വർമ. ഒരു പിടിയാനയെ പിടികൂടി ക്യാംപിൽ കൊണ്ടുവന്നപ്പോഴായിരുന്നു ഏറ്റവും വൈകാരികത നിറഞ്ഞ സംഭവം. ക്യാംപിലെ ആൽമരത്തിൽ വടം ഉപയോഗിച്ച് കെട്ടിയിരിക്കുകയാണ് അപ്പോൾ പിടികൂടിയ പിടിയാനയെ. പിന്നീട് മറ്റൊരു വനത്തിൽ തുറന്നുവിടാനാണു തീരുമാനം. ഭയവും പരിഭ്രാന്തിയും കീഴടക്കിയ ആന ഒരു നിമിഷം പോലും അടങ്ങിനിൽക്കുന്നില്ല. മുന്നിലിട്ട തീറ്റയിലേക്കു നോക്കുന്നതു പോലുമില്ല.

ആനകളുടെ സഹോദര സ്നേഹം മനസിലാക്കുന്ന ചില കാഴ്ചകൾ ഒരിക്കലും മറക്കില്ലെന്നു പറയുന്നു വർമ.

രണ്ടാംദിവസവും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. എന്നാൽ, ക്യാംപിലെ കുങ്കിയാനകളിൽ പ്രമുഖനായ ശ്രീരാമയെ ഇവിടേക്ക് എത്തിച്ചതോടെ കഥമാറി. ചങ്ങലകൾ അഴിച്ചു നിർത്തിയ ശ്രീരാമ പാപ്പാന്മാരുടെ നിർദേശമില്ലാതെ തന്നെ പിടിയാനയുടെ അടുത്തു ചെന്നു. അതിന്‍റെ ശരീരത്തിലാകെ തുമ്പിക്കൈ ഉപയോഗിച്ചു തലോടി. പിന്നെ കഴുത്തിലൂടെ തുമ്പിക്കൈയിട്ടു ചേർത്തു പിടിച്ചു. അതോടെ, കാട്ടാന പെട്ടെന്ന് അടങ്ങി. അതിന്‍റെ കണ്ണുകളിലെ സമ്മർദമുൾപ്പെടെ നീങ്ങി. 2009ൽ ശ്രീരാമയെയും ഹാസനിലെ ഇതേവനമേഖലയിൽ നിന്നാണു പിടികൂടിയതെന്ന് ഈ സമയം പാപ്പാൻ ബൊമ്മ ഓർത്തു. അവ തമ്മിൽ മുൻപരിചയമുണ്ടാകാം എന്നും ബൊമ്മ. ഒരുപക്ഷേ സഹോദരങ്ങളാകാം. ആ പിടിയാനയെ രണ്ടു ദിവസം കൂടി കഴിഞ്ഞാണ് കാടുമാറ്റിയത്. അത്രയും സമയവും ശ്രീരാമ അതിനൊപ്പം നിൽക്കുകയും ചേർത്തുപിടിക്കുകയും ചെയ്തെന്നു കല്യാൺ വർമ പറയുന്നു.

പോകാനാവില്ല, അരിക്കൊമ്പന്

അരിക്കൊമ്പനും തിരികെ ചിന്നക്കനാലിലേക്കു പോകാനുള്ള "ത്വര' ഉണ്ടാകുമെന്നു തന്നെയാണ് ഈ അനുഭവങ്ങളെല്ലാം മുന്നിൽവയ്ക്കുന്ന സാധ്യതകൾ. അതിനുവേണ്ട ശ്രമങ്ങളാകാം പെരിയാർ കടുവ സങ്കേതത്തിൽ തുറന്നുവിട്ട അന്നു മുതൽ ആന നടത്തുന്നത്. ആദ്യ നാലു ദിവസത്തിനുള്ളിൽ ആന അലഞ്ഞുനടന്നത് 30 കിലോമീറ്ററാണ്. പെരിയാർ കടുവസങ്കേതത്തിന്‍റെ കിഴക്ക് അതിർത്തി തമിഴ്നാട്ടിലെ മേഘമലയും ശ്രീവില്ലിപുത്തൂരും ഉൾപ്പെട്ട മേഖലയാണ്. പടിഞ്ഞാറു ഭാഗം ഗവിയും ശബരിമലയുമുൾപ്പെടെ വനം. തെക്കോട്ട് അച്ചൻകോവിൽ വനമേഖല വരെയെത്താം. വടക്കൻ അതിർത്തി പൂർണമായും കോട്ടയം- കുമളി- തേനി-മധുര റോഡിനാൽ മുറിക്കപ്പെട്ടിരിക്കുന്നു. പൂർണമായും ജനവാസ മേഖലയാണിത്. ഇതുതന്നെയാണ് ചിന്നക്കനാലിലേക്കുള്ള യാത്രയ്ക്ക് അരിക്കൊമ്പനു മുന്നിലുള്ള തടസം.

വടക്കൻ അതിർത്തി പൂർണമായും കോട്ടയം- കുമളി- തേനി-മധുര റോഡിനാൽ മുറിക്കപ്പെട്ടിരിക്കുന്നു. ഇതുതന്നെയാണ് ചിന്നക്കനാലിലേക്കുള്ള യാത്രയ്ക്ക് അരിക്കൊമ്പനു മുന്നിലുള്ള തടസം.

പെരിയാർ കടുവ സങ്കേതവും ചിന്നക്കനാൽ ഉൾപ്പെടുന്ന കാടും തമ്മിൽ ബന്ധിപ്പിക്കുന്ന കാട്ടുവഴികളില്ല. തിരികെയെത്താൻ ആന ഏതു വഴി സ്വീകരിച്ചാലും ജനവാസകേന്ദ്രങ്ങളും തിരക്കേറിയ റോഡുകളും മറികടക്കേണ്ടിവരും. അങ്ങനെയൊരു സാഹചര്യത്തിൽ ടോപ്സ്ലിപ്പിലെ ചിന്നത്തമ്പിയുടെ കാര്യത്തിലെന്നപോലെ കേരളത്തിലെയോ തമിഴ്നാട്ടിലെയോ വനംവകുപ്പിന് വീണ്ടും ഇടപെടേണ്ടിവരും. അത് ആനയുടെ മറ്റൊരു കാടുമാറ്റത്തിലേക്കാവും വഴിയൊരുക്കുക. അല്ലെങ്കിൽ ചിന്നത്തമ്പിയെപ്പോലെ കുങ്കിയാനയാക്കി മാറ്റുകയും ചെയ്യാം. അതുപക്ഷേ, വീണ്ടും നിയമക്കുരുക്കുകളിലാകാം.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com