മയക്കുവെടിയേറ്റ കൊമ്പൻ ഇനി ഉണരില്ല; മാനന്തവാടിയെ വിറപ്പിച്ച ആന ചരിഞ്ഞു

മരണകാരണം വ്യക്തമല്ല. അന്വേഷണത്തിന് കർണാടക സർക്കാർ അഞ്ചംഗ സമിതിയെ നിയോഗിച്ചു. സംഘത്തിൽ കേരളത്തിന്‍റെ പ്രതിനിധിയെയും ഉൾപ്പെടുത്തും.
മയക്കുവെടി വച്ചു പിടിച്ച തണ്ണീർക്കൊമ്പനെ കർണാടകയ്ക്കു കൈമാറാൻ ലോറിയിൽ കയറ്റി കൊണ്ടുപോകുന്നു.
മയക്കുവെടി വച്ചു പിടിച്ച തണ്ണീർക്കൊമ്പനെ കർണാടകയ്ക്കു കൈമാറാൻ ലോറിയിൽ കയറ്റി കൊണ്ടുപോകുന്നു.

മാനന്തവാടി: ഒരു ദിവസം മുഴുവൻ മാനന്തവാടിയെ വിറപ്പിച്ച ശേഷം മയക്കുവെടിയേറ്റു മയങ്ങിയ തണ്ണീർക്കൊമ്പൻ പിന്നെ ഉണർന്നില്ല. മയക്കത്തിൽനിന്ന് പൂർണമായി ഉണരും മുൻപ് അർധരാത്രി തന്നെ ആനയെ കേരള വനം വകുപ്പ് കർണാടക വനം വകുപ്പിനു കൈമാറിയിരുന്നു. ഇതെത്തുടർന്ന് പുലർച്ചെയോടെ ആന ചരിഞ്ഞെന്ന് കർണാടക വനം വകുപ്പാണ് സ്ഥിരീകരിച്ചത്.

ആന ചരിയാൻ എന്താണു കാരണമെന്ന് ഇപ്പോൾ വ്യക്തമല്ല. പതിനെട്ട് മണിക്കൂറോളം നീണ്ട ദൗത്യത്തിനൊടുവിൽ, വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് ആനയെ മയക്കുവെടി വച്ചത്. രാത്രി പത്തരയോടെ ലോറിയിൽ കയറ്റി കൊണ്ടുപോകുകയും അർധരാത്രി കർണാടകയ്ക്കു കൈമാറുകയുമായിരുന്നു.

കർണാടകയിലെത്തിച്ച ആനയുടെ ആരോഗ്യനില പരിശോധിച്ച് തൃപ്തികരമാണെങ്കിൽ ബന്ദിപ്പൂർ വനത്തിലേക്കു തന്നെ തുറന്നു വിടാനായിരുന്നു തീരുമാനം. എന്നാൽ, വിദഗ്ധ പരിശോധന നടത്തും മുൻപു തന്നെ ആനയുടെ ജീവൻ നഷ്ടമായിരുന്നു എന്നാണ് കർണാടക അധികൃതർ പറയുന്നത്. പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ മരണകാരണം വ്യക്തമാകുമെന്നു പ്രതീക്ഷിക്കുന്നു.

ആനയെ മയക്കുവെടി വച്ചു പിടിച്ചതിൽ എന്തെങ്കിലും വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്നു പരിശോധിക്കാൻ കർണാടക സർക്കാർ അഞ്ചംഗ വിദഗ്ധ സമിതിയെ നിയോഗിച്ചു കഴിഞ്ഞു. സമിതിയിൽ കേരളത്തിന്‍റെ ഒരു പ്രതിനിധിയെക്കൂടി ഉൾപ്പെടുത്താനും ധാരണയായി.

തണ്ണീർക്കൊമ്പന് മയക്കുവെടിയേറ്റപ്പോൾ.
തണ്ണീർക്കൊമ്പന് മയക്കുവെടിയേറ്റപ്പോൾ.

വെള്ളിയാഴ്ച പുലർച്ചെ മൂന്നു മണിയോടെയാണ് ആന മാനന്തവാടിയിലെ ജനവാസ മേഖലയിൽ ഇറങ്ങിയത്. ഒറ്റയാൻ എന്തെങ്കിലും പ്രകോപനമുണ്ടാക്കുകയോ നാശനഷ്ടങ്ങൾ വരുത്തുകയോ ചെയ്തിരുന്നില്ല. പടക്കം പൊട്ടിച്ചും മറ്റും ആനയെ വിരട്ടി തിരികെ കാട്ടിലേക്ക് വിടാനുള്ള ശ്രമം വിജയിച്ചില്ല. തുടർന്ന് ജനങ്ങളുടെ ആശങ്ക കണക്കിലെടുത്ത് മയക്കുവെടി വയ്ക്കാൻ തീരുമാനിക്കുകയായിരുന്നു.

രണ്ടാഴ്ച മുൻപ് കർണാടകയിലെ ജനവാസ മേഖലയിൽ നിന്നു പിടികൂടി ബന്ദിപ്പൂർ വനത്തിൽ തുറന്നുവിട്ട ആനയാണിത്. ഹാസനിലെ കാപ്പിത്തോട്ടങ്ങളിൽ സ്ഥിരമായി കണ്ടുവന്ന ആന കൃഷി നശിപ്പിച്ചിരുന്നു എന്ന പരാതിയെത്തുടർന്നാണ് കർണാടക അധികൃതർ ജനുവരി 16ന് അവിടെനിന്നു പിടികൂടിയത്. എന്നാൽ, ഈ ആന ഇതുവരെ മനുഷ്യരെ ഉപദ്രവിച്ചതായി റിപ്പോർട്ടുകളില്ല.

ഇതിനെ റേഡിയോ കോളറും ധരിപ്പിച്ച് നിരീക്ഷിച്ചു വരുകയായിരുന്നു എന്നാണ് അധികൃതർ പറയുന്നത്. എന്നാൽ, കേരളത്തിലെ ജനവാസ മേഖലയിൽ പ്രവേശിച്ചത് അപ്രതീക്ഷിതമായാണ്. ഇതാണ് നാട്ടുകാരെ കൂടുതൽ പ്രകോപിതരാക്കിയത്.

Trending

No stories found.

Latest News

No stories found.