"ചുറ്റിലും ആനകൾ... കൂരിരുട്ടും!" കാട്ടിൽ നിന്നും രക്ഷപ്പെട്ട് പുറത്തെത്തിയ സ്ത്രീകൾ

കുട്ടമ്പുഴയില്‍ പശുവിനെ തെരഞ്ഞ് വനത്തിനുള്ളില്‍ വഴിതെറ്റിയ സമയത്ത് ആന ആക്രമിക്കാൻ ഓടിച്ചതായി രക്ഷപ്പെട്ട സ്ത്രീകള്‍
"Elephants all around... it's dark!" Women who escaped from the forest
"ചുറ്റിലും ആനകൾ... കൂരിരുട്ടും!" കാട്ടിൽ നിന്നും രക്ഷപ്പെട്ട് പുറത്തെത്തിയ സ്ത്രീകൾ
Updated on

കോതമംഗലം: ആ രാത്രി ഒരിക്കലും മറക്കില്ലെന്ന് കുട്ടമ്പുഴയിലെ കാട്ടിൽ അകപ്പെട്ട് പുറത്തുവന്ന മൂവർ സംഘം. രാത്രി മുഴുവൻ പേടിച്ചാണ് പാറയിലിരുന്നത്. കുട്ടമ്പുഴയില്‍ പശുവിനെ തെരഞ്ഞ് കാട്ടിനുള്ളിൽ വഴിതെറ്റിയ സമയത്ത് ആന ആക്രമിക്കാൻ ഓടിച്ചതായി രക്ഷപ്പെട്ട സ്ത്രീകള്‍. പാറപ്പുറത്ത് കയറിയാണ് രക്ഷപ്പെട്ടതെന്നും ചുറ്റിലും നിന്ന് ആന ബഹളം ഉണ്ടാക്കിയതോടെ വ്യാഴാഴ്ച രാത്രി മുഴുവന്‍ അനങ്ങാതെ ഇരുന്നതായി ഡാര്‍ളി സ്റ്റീഫന്‍ പറഞ്ഞു.

പശുവിനെ തെരഞ്ഞ് പോയപ്പോള്‍ ചെക്ക് ഡാം വരെ വഴി നിശ്ചയമുണ്ടായിരുന്നു. പിന്നീടാണ് വഴിതെറ്റിയതെന്ന് പാറുക്കുട്ടി പറഞ്ഞു. ‘മുന്നോട്ടുപോകേണ്ട ഞങ്ങള്‍ പിന്നാക്കം പോയി. അങ്ങനെയാണ് വഴിതെറ്റിയത്. വ്യാഴാഴ്ച രാത്രി മുഴുവന്‍ ഉറങ്ങിയിട്ടില്ല. പ്രാര്‍ഥിക്കുകയായിരുന്നു. പുരയുടെ അത്രയും വലിപ്പമുള്ള പാറയുടെ മുകളില്‍ കയറിയാണ് ഇരുന്നത്. ആനയ്ക്ക് പിടിക്കാന്‍ കഴിയുന്നതിലും അകലെയായിരുന്നു. ആന പിടിക്കാന്‍ വന്നാല്‍ മാറാനുള്ള സൗകര്യം പാറയുടെ മുകളില്‍ ഉണ്ടായിരുന്നു.

അടുത്ത് ആളിരുന്നാലും കാണാന്‍ കഴിയാത്ത അത്രയും കൂരിരിട്ടായിരുന്നു. അടുത്ത് ആളുണ്ടോ എന്ന് തപ്പി നോക്കേണ്ട അവസ്ഥയായിരുന്നു. രാത്രി രണ്ടുമണി വരെ ചുറ്റിലും ആന ഉണ്ടായിരുന്നു. വഴിതെറ്റി നടന്നുപോകുന്നതിനിടെ ആന ഓടിച്ചു . ഒരു മരത്തിന്‍റെ പിന്നില്‍ ഞങ്ങള്‍ മൂന്നുപേരും മറഞ്ഞിരുന്നു. മിണ്ടരുതെന്ന് പറഞ്ഞു. ആ സമയത്ത് ഒന്നു ഭയന്നുപോയി പാറുക്കുട്ടി പറഞ്ഞു.

രാത്രിയില്‍ വനത്തില്‍ ഉച്ചത്തില്‍ പേര് വിളിച്ച് തെരച്ചിലിനിടെ വിളിക്കുന്നത് കേട്ടിരുന്നു. എന്നാല്‍ ആരാണെന്ന് തിരിച്ചറിയാന്‍ കഴിയാത്തത് കൊണ്ട് മൂവരും തിരിച്ച് മറുപടി പറയാതെ മിണ്ടാതിരിക്കുകയായിരുന്നു. നായാട്ട് സംഘമായിരിക്കുമോ എന്ന് ഭയപ്പെട്ടിരുന്നു.

മാളോക്കുടി മായാ ജയന്‍, കാവുംപടി പാറുക്കുട്ടി കുഞ്ഞുമോന്‍, പുത്തന്‍പുര ഡാര്‍ളി സ്റ്റീഫന്‍ എന്നിവരാണ് വഴിതെറ്റി കാട്ടിൽ കുടുങ്ങിയത്. മണിക്കൂറുകള്‍ നീണ്ട തെരച്ചിലിന് ഒടുവില്‍ മായയുടെ മകന്‍ ഉള്‍പ്പെടുന്ന സംഘമാണ് കുട്ടമ്പുഴ വനത്തിനകത്ത് ആറു കിലോമീറ്റര്‍ അകലെ അറക്കമുത്തി എന്ന സ്ഥലത്ത് നിന്ന് മൂവരെയും കണ്ടെത്തിയത്. മൂന്ന് പേരും സുരക്ഷിതരാണെന്നും ആരോഗ്യപ്രശ്നങ്ങളില്ലെന്നും ഡിഎഫ്ഒ അറിയിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com