അത് അനിലിൻ്റെ വലിയ സ്വപ്‌നം, പ്രാര്‍ഥനയിലൂടെ ബിജെപി വിരോധം മാറി: എലിസബത്ത് ആന്‍റണി| Video

ബിജെപിയിൽ ചേർന്നാൽ ഒരുപാട് അവസരങ്ങൾ ഉണ്ടാവുമെന്നും അനില്‍ ആന്‍റണി പറഞ്ഞു

തിരുവനന്തപുരം: അനില്‍ ആന്‍റണിയുടെ ബിജെപി പ്രവേശനത്തെകുറിച്ച് വിവരിച്ച് അമ്മ എലിസബത്ത് ആന്‍റണി. കൃപാസനം യുട്യൂബ് ചാനലിലാണ് എലിസബത്ത് ആന്‍റണിയുടെ തുറന്നു പറച്ചിൽ. രാഷ്ട്രീയത്തില്‍ വരികയെന്നത് അനില്‍ ആന്‍റണിയുടെ ഏറ്റവും വലിയ സ്വപ്‌നമായിരുന്നു. വീട്ടില്‍ ആര്‍ക്കും അനിലിനോട് വിരോധമില്ലെന്നും ആരും അനിലിനെ ഒറ്റപ്പെടുത്തിയിട്ടില്ലെന്നും എലിസബത്ത് ആന്‍റണി പറഞ്ഞു.

കൃപാസനം യൂട്യൂബ് ചാനലിലെ എലിസബത്ത് ആന്‍റണിയുടെ വാക്കുകൾ:

''രാഷ്ട്രീയ പ്രവേശം മൂത്ത മകന് വലിയ സ്വപ്നമായിരുന്നു. മക്കള്‍ രാഷ്ട്രീയത്തിനെതിരെ കോണ്‍ഗ്രസ് ചിന്തന്‍ ശിവിറില്‍ പ്രമേയം പാസാക്കിയതോടെ അനിലിൻ്റെ പ്രതീക്ഷ പൊലിഞ്ഞു. ഭർത്താവ് എ.കെ. ആന്‍റണി അതിനു വേണ്ടി പരിശ്രമിക്കുകയോ, അതിനു വേണ്ടി ഒന്നും ചെയ്‌തു കൊടുക്കുകയോ ചെയ്യില്ല. എന്നാൽ ബിബിസി വിവാദത്തിന് ശേഷം പ്രധാനമന്ത്രിയുടെ ഓഫിസില്‍ നിന്നും വിളിച്ചെന്നും ബിജെപിയില്‍ ചേരാന്‍ ആവശ്യപ്പെട്ടെന്നും പറഞ്ഞാണു മകന്‍ തന്നെ വിളിച്ചത്. ബിജെപിയിൽ ചേർന്നാൽ ഒരുപാട് അവസരങ്ങൾ ഉണ്ടാവുമെന്നും അവർ പറഞ്ഞെന്ന് അനിൽ ആന്‍റണി പറഞ്ഞുവെന്നും എലിസബത്ത് പറഞ്ഞു. വിശ്വസിക്കുന്നതു കോണ്‍ഗ്രസ് പാര്‍ട്ടിയിലായതിനാല്‍ ബിജെപിയിലേക്കു പോവുന്നത് ആലോചിക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല. എന്നാല്‍, പ്രാര്‍ഥനയിലൂടെ ബിജെപിയോടുള്ള വെറുപ്പ് മാറി.

''അനില്‍ ബിജെപിയില്‍ ചേര്‍ന്ന കാര്യം അറിഞ്ഞത് എ.കെ. ആന്‍റണിക്ക് വലിയ ഷോക്കായിരുന്നു. എങ്കിലും വളരെ സൗമ്യതയോടെ തന്നെ ആ അവസ്ഥയെ അദ്ദേഹം തരണം ചെയ്തു. ബിജെപിയില്‍ ചേര്‍ന്ന ശേഷം മകന്‍ വീട്ടിലേക്കു വരുമ്പോള്‍ പൊട്ടിത്തെറിയുണ്ടാവുമോയെന്ന് ഭയന്നിരുന്നു. എന്നാല്‍, മകന്‍ വീട്ടില്‍ വന്നപ്പോള്‍ എല്ലാം സൗമ്യമായി തന്നെ കഴിഞ്ഞു. വീട്ടില്‍ വരുന്നതിനോടു തനിക്ക് എതിര്‍പ്പില്ലെന്നും പക്ഷേ വീട്ടില്‍ രാഷ്ട്രീയം സംസാരിക്കരുതന്നും ആന്‍റണി മകനോട് പറഞ്ഞു. ബിജെപിയില്‍ ചേര്‍ന്നതിനു ശേഷം അനില്‍ രണ്ടുതവണ വീട്ടിലെത്തി. വീട്ടില്‍ ആര്‍ക്കും അനിലിനോട് വിരോധമില്ല, ആരും അനിലിനെ ഒറ്റപ്പെടുത്തിയിട്ടില്ല'' ഇപ്പോൾ അനിൽ ആന്‍റണി സന്തോഷവാനാണ്.

Related Stories

No stories found.
logo
Metro Vaartha
www.metrovaartha.com