'ഇ-മെയിൽ സ്റ്റോറേജ് സ്പേസ്': തട്ടിപ്പിന്‍റെ പുതിയ വഴിക്കെതിരേ മുന്നറിയിപ്പുമായി പൊലീസ്

ഗൂഗിളിന്‍റേത് എന്ന വ്യാജേന വരുന്ന സന്ദേശമായതിനാൽ പലരും വിശ്വസിക്കാനും ലിങ്കിൽ ക്ലിക്ക് ചെയ്യാനും സാധ്യത

തിരുവനന്തപുരം: ഇ-മെയിലിൽ സ്റ്റോറേജ് സ്പേസ് തീർന്നതിനാൽ അക്കൗണ്ട് റദ്ദാക്കുമെന്ന പേരിൽ വരുന്ന തട്ടിപ്പിനെതിരേ ജാഗ്രതാ നിർദേശവുമായി കേരള പൊലീസ്. ജി-മെയിൽ അക്കൗണ്ട് ഉപഭോക്താക്കളെ കേന്ദ്രീകരിച്ചാണ് പുതിയതരം തട്ടിപ്പ് വ്യാപകമാകുന്നത്.

അക്കൗണ്ട് റീസ്റ്റോർ ചെയ്യാനായി ഇ-മെയിലിനൊപ്പം ലഭിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യണമെന്നാണ് സന്ദേശത്തിന്‍റെ ഉള്ളടക്കം. ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതോടുകൂടി തട്ടിപ്പുകാരുടെ വെബ്സൈറ്റിലേക്ക് എത്തും.

അതുവഴി കമ്പ്യൂട്ടറിലേക്ക് വൈറസുകളും മാൽവെയറുകളും കയറാനോ അല്ലെങ്കിൽ ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകുന്നതോടുകൂടി പണം നഷ്ടപ്പെടാനോ സാധ്യതയുണ്ട്.

ഗൂഗിളിന്‍റെ പേരിൽ എന്ന തോന്നിക്കുന്ന സന്ദേശമായതിനാൽ പലരും വിശ്വസിക്കാനും ലിങ്കിൽ ക്ലിക്ക് ചെയ്യാനും സാധ്യതയുണ്ട്. ഇത്തരത്തിലെ ഇ-മെയിൽ ലഭിച്ചാൽ ഉടൻതന്നെ ഗൂഗിൾ അക്കൗണ്ട് സെറ്റിംഗ്സിൽ സ്റ്റോറേജ് വിവരങ്ങൾ പരിശോധിക്കണം.

ഇ-മെയിൽ വഴി ലഭിക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്നും പൊലീസ് അറിയിക്കുന്നു. സാമ്പത്തിക തട്ടിപ്പിനിരയായാൽ ഉടൻതന്നെ 1930 എന്ന നമ്പറിൽ വിവരം അറിയിക്കണമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.

Also Watch

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com