
സിയാലിൽ ഓപ്പറേഷൻസ് കേന്ദ്രം തുറന്ന് എമിറേറ്റ്സ് സ്കൈ കാർഗോ
കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എമിറേറ്റ്സ് സ്കൈ കാർഗോയുടെ ഓപ്പറേഷൻസ് കേന്ദ്രം തുറന്നു. കൊച്ചിയിൽ നിന്നുള്ള അന്താരാഷ്ട്ര ചരക്കു നീക്കത്തിന് എമിറേറ്റ്സ് ഓഫീസ് പുത്തൻ ഉണർവാകും.
മധ്യേഷ്യയിലേക്കും യൂറോപ്പിലേക്കുമുള്ള ചരക്ക് നീക്കം കൂടുതൽ ശക്തിപ്പെടുത്താൻ എമിറേറ്റ്സ് സ്കൈ കാർഗോയുടെ സാന്നിധ്യം സഹായിക്കും. കൊച്ചിയെ ഒരു കാർഗോ ഹബ്ബായി വികസിപ്പിക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള സുപ്രധാന ചുവടുവയ്പ്പാണിത്.
ഇതോടൊപ്പം അന്താരാഷ്ട്ര കൊറിയർ സർവീസുകൾ, കൂടുതൽ ഫ്രൈറ്റ് ഫോർവേഡർസ് എന്നിവർ പ്രവർത്തനം തുടങ്ങാനും പദ്ധതിയിടുന്നു. തമിഴ്‌നാട്ടിൽ നിന്നും കേരളത്തിൽ നിന്നുമുള്ള വസ്ത്ര കയറ്റുമതിയുടെ ഒരു കേന്ദ്രമായി സിയാലിനെ മാറ്റുന്നത് സംബന്ധിച്ച് സിയാലും എമിറേറ്റ്‌സ് സ്കൈ കാർഗോയും ചർച്ച ചെയ്തു. ചരക്ക് - വ്യാപാര സൗകര്യങ്ങൾ വർധിപ്പിക്കുക, കാർഗോയുടെ അളവ് വർദ്ധിപ്പിക്കുക, മേഖലയിലെ സാമ്പത്തിക വളർച്ചയെ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ഈ സഹകരണത്തിന്‍റെ ലക്ഷ്യം.
സിയാൽ മാനേജിങ് ഡയറക്റ്റർ എസ്. സുഹാസ് ഐഎഎസ്, എമിറേറ്റ്സ് സ്കൈ കാർഗോ മാനേജർ അമീർ അൽ സറൂനി എന്നിവർ ചേർന്ന് ഉദ്‌ഘാടനം നിർവഹിച്ചു. എമിറേറ്റ്സ് സ്കൈ കാർഗോ ഓപ്പറേഷൻസ് ലീഡ് ഹസ്സൻ അബ്ദുള്ള, സിയാൽ കാർഗോ വിഭാഗം മേധാവി സതീഷ് കുമാർ പൈ, കൊമേർഷ്യൽ വിഭാഗം മേധാവി മനോജ് പി. ജോസഫ്, കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണർ ഇ. വികാസ്, എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ചിത്രവിവരണം: ഉദ്‌ഘാടന ചടങ്ങിന് ശേഷം എമിറേറ്റ്സ് സ്കൈ കാർഗോ മാനേജർ അമീർ അൽ സറൂനിയ്ക്ക് സിയാൽ മാനേജിങ് ഡയറക്ടർ എസ്.സുഹാസ് ഐ.എ.എസ് ഉപഹാരം നൽകുന്നു