ഹൈസ്‌കൂളുകളിലെ ഇംഗ്ലിഷ് അധ്യാപക നിയമനത്തിനു തസ്തിക സൃഷ്ടിക്കണം

കോടതി പറഞ്ഞിട്ടും തസ്തിക നിര്‍ണയം നടപ്പിലാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ലെങ്കിൽ സെക്രട്ടറിയേറ്റിനു മുന്നില്‍ അനിശ്ചിതകാല സത്യഗ്രഹം നടത്താൻ ഉദ്യോഗാർഥികൾ
Representative image for a teacher
Representative image for a teacher

കൊച്ചി: ഹൈസ്‌കൂളുകളില്‍ ഇംഗ്ലിഷ് അധ്യാപക നിയമനത്തിനു നാലാഴ്ചയ്ക്കുള്ളില്‍ തസ്തിക സൃഷ്ടിച്ച് ഉത്തരവ് ഇറക്കാൻ സംസ്ഥാന സർക്കാരിനോടു കേരള ഹൈക്കോടതി നിർദേശിച്ചു. 2021 ലായിരുന്നു ഇംഗ്ലിഷ് അധ്യാപകര്‍ വേണമെന്ന് അന്നത്തെ ചീഫ് ജസ്റ്റീസ് ആയിരുന്ന എസ്. മണികുമാര്‍ ഉള്‍പ്പെട്ട ബഞ്ചിന്‍റെ സുപ്രധാന ഉത്തരവ്. 2022-23 ല്‍ തസ്തിക നിര്‍ണയിക്കാമെന്ന് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. എന്നാല്‍, പാലിക്കപ്പെട്ടില്ല. വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി കേസ് 11 തവണ സര്‍ക്കാര്‍ കേസ് നീട്ടിക്കൊണ്ടുപോകുകയായിരുന്നു. ഇതെത്തുടർന്നാണ് അന്ത്യശാസനം.

ഹൈക്കോടതി ഉത്തരവ് ലംഘിക്കുന്നുവെന്ന് കാട്ടി നല്‍കിയ കോടതിയലക്ഷ്യക്കേസിലാണ് ഉത്തരവ്. കേസ് ഇനിയും നീട്ടിക്കൊണ്ടുപോകാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ഉദ്യോഗാര്‍ഥികള്‍ ആരോപിക്കുന്നു. ഹൈസ്‌കൂള്‍ - ഹയര്‍സെക്കൻഡറി ലയനം നടക്കുന്ന അടുത്ത അക്കാഡമിക് വര്‍ഷത്തിലേക്ക് എച്ച്എസ്ടി ഇംഗ്ലിഷ് തസ്തികകള്‍ സൃഷ്ടിക്കുന്നത് മാറ്റിവയ്ക്കുവാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ഉദ്യോഗാര്‍ഥികള്‍. ലയനം മൂലം അടുത്ത അക്കാഡമിക് വര്‍ഷം പുതിയ സ്‌പെഷ്യല്‍ റൂള്‍ നിലവില്‍ വരുന്നതിനാല്‍ സര്‍ക്കാരിന് പിന്നീട് ഈ തസ്തികകള്‍ സൃഷ്ടിക്കേണ്ടിവരില്ല. ഇതോടെ തങ്ങള്‍ക്കുള്ള ജോലി അവസരവും നഷ്ടമാകുമെന്നാണ് ഇവരുടെ ആശങ്ക. മാത്രവുമല്ല, ഹൈസ്‌കൂളുകളില്‍ ഇംഗ്ലിഷ് പഠിപ്പിക്കുന്നത് പഴയപടി തുടരുമെന്നും അത് വിദ്യാര്‍ഥികളോടും രക്ഷിതാക്കളോടും കാട്ടുന്ന വഞ്ചനയായിരിക്കുമെന്നും ഇവര്‍ പറഞ്ഞു.

നിലവില്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ 5 ഡിവിഷന്‍ ഉള്ളപ്പോഴേ ഇംഗ്ലിഷ് അധ്യാപകനെ നിയമിക്കുന്നുള്ളൂ. ഡിവിഷന്‍ കുറഞ്ഞ സ്‌കൂളുകളില്‍ ഇംഗ്ലിഷ് പഠിപ്പിക്കുന്നത് ഇതര വിഷയങ്ങളില്‍ പ്രാഗത്ഭ്യമുള്ള അധ്യാപകരാണ്. കോടതി പറഞ്ഞിട്ടും തസ്തിക നിര്‍ണയം നടപ്പിലാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ലെങ്കിൽ സെക്രട്ടറിയേറ്റിനു മുന്നില്‍ അനിശ്ചിതകാല സത്യഗ്രഹം അടക്കമുള്ള സമരമാര്‍ഗങ്ങള്‍ സ്വീകരിക്കുമെന്നും ഉദ്യോഗാര്‍ഥികള്‍ പറഞ്ഞു.

Trending

No stories found.

Latest News

No stories found.