മാറുന്ന കൊച്ചിയുടെ മുഖം വാക്കുകളാൽ വരച്ചിട്ട് പി. രാജീവ് | Video

എന്‍റെ കേരളം പ്രദർശന വിപണന മേളയ്ക്ക് എറണാകുളത്ത് തുടക്കം; മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു

കൊച്ചി: രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്‍റെ നാലാം വാര്‍ഷികാഘോഷ പരിപാടികളുടെ ഭാഗമായി എറണാകുളം ജില്ലയില്‍ സംഘടിപ്പിക്കുന്ന എന്‍റെ കേരളം - മെഗാ പ്രദര്‍ശന വിപണന മേളയ്ക്ക് തുടക്കമായി. കൊച്ചി മറൈൻ ഡ്രൈവിൽ നടക്കുന്ന മേളയുടെ ഉദ്ഘാടനം വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്‌ നിർവഹിച്ചു.

പിണറായി വിജയൻ സർക്കാരിന്‍റെ ഒമ്പതു വർഷത്തെ ഭരണത്തിനു കീഴിൽ മാറുന്ന കൊച്ചിയുടെ മുഖം വാക്കുകളാൽ വരച്ചിടുന്നതായിരുന്നു രാജീവിന്‍റെ ഉദ്ഘാടന പ്രസംഗം. ചെല്ലാനം ടെട്രാപോഡ് പദ്ധതി, ബ്രഹ്മപുരം മാലിന്യ പ്ലാന്‍റ്, കുടിവള്ള വിതരണം, ക്യാൻസർ സെന്‍റർ, ജനറൽ ആശുപത്രി സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക്, ആറ് കനാലുകളിലൂടെ ജലഗതാഗതവും ടൂറിസവും, മറൈൻ ഡ്രൈവ് എക്സ്റ്റൻഷൻ, വാട്ടർ മെട്രൊ, മെട്രൊ റെയിലിന്‍റെ പുതിയ ഘട്ടങ്ങൾ എന്നിങ്ങനെ ഈ സർക്കാർ നടപ്പാക്കിയതും നടപ്പാക്കാൻ പോകുന്നതുമായ വിവിധ പദ്ധതികൾ മന്ത്രി വിശദീകരിച്ചു.

മേയ് 23 വരെ നീണ്ടുനിൽക്കുന്ന മേളയിൽ വിവിധ വകുപ്പുകളുടെ 194 തീം-സര്‍വീസ് സ്റ്റാളുകളും 82 കൊമേഴ്ഷ്യല്‍ സ്റ്റാളുകളും ഉള്‍പ്പെടെ ശീതീകരിച്ച 276 ലധികം സ്റ്റാളുകള്‍ മേളയില്‍ സജികരിച്ചിട്ടുണ്ട്. പ്രധാനപ്പെട്ട ഏഴ് വകുപ്പുകള്‍ക്കായി മിനി തിയേറ്റര്‍ ഉള്‍പ്പെടെയുള്ള സ്ഥലവും നീക്കി വെച്ചിട്ടുണ്ട്. 57000 ചതുരശ്രയടിയിൽ ആണ് പവിലിയൻ ഒരുക്കിയിട്ടുള്ളത്. രാവിലെ 10 മുതല്‍ രാത്രി 9 വരെയാണ് മേളയുടെ സമയക്രമം. പ്രവേശനം സൗജന്യമാണ്. പാര്‍ക്കിംഗ് സൗകര്യവും ലഭ്യമായിരിക്കും.

ഉദ്ഘാടന സമ്മേളനത്തിൽ കൊച്ചി മേയർ അഡ്വ. എം. അനിൽ കുമാർ അധ്യക്ഷത വഹിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, ജില്ലയിലെ എം.പിമാരായ ഹൈബി ഈഡൻ, ബെന്നി ബഹനാൻ, ഡീൻ കുര്യാക്കോസ്, ഫ്രാൻസിസ് ജോർജ്, ജെബി മേത്തർ, ഹാരിസ് ബീരാൻ എം.എൽ.എമാരായ ടി.ജെ വിനോദ്, കെ.ജെ മാക്സി, കെ.എൻ ഉണ്ണികൃഷ്ണൻ, പി.വി ശ്രീനിജിൻ, ആന്‍റണി ജോൺ, ഉമാ തോമസ്, കെ.ബാബു, അൻവർ സാദത്ത്, അനൂപ് ജേക്കബ്, റോജി എം. ജോൺ, എൽദോസ് പി. കുന്നപ്പിള്ളിൽ, മാത്യു കുഴൽനാടൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് മനോജ് മൂത്തേടൻ, ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ്, കൊച്ചി കോർപ്പറേഷൻ കൗൺസിലർ മനു ജേക്കബ് എന്നിവർ സമ്മേളനത്തിൽ പങ്കെടുത്തു.

വിപുലമായ കാര്‍ഷിക മേളയും കേരളത്തിന്‍റെ രുചി വൈവിധ്യങ്ങള്‍ ഒരു കുടക്കീഴില്‍ അണി നിരത്തുന്ന ഭക്ഷ്യമേളയും ക്രമീകരിച്ചിട്ടുണ്ട്. ഇൻഫർമേഷൻ പബ്ലിക് റിലേഷന്‍സ് വകുപ്പിന്‍റെ എന്‍റെ കേരളം ചിത്രീകരണം, വിനോദ സഞ്ചാര വകുപ്പിന്‍റെ ടൂറിസം നേര്‍ക്കാഴ്ചകള്‍, കിഫ്ബിയുടെ വികസന പ്രദര്‍ശനം, ടെക്‌നോ ഡെമോ ഏരിയ, ലൈവ് ആക്ടിവിറ്റി ഏരിയകള്‍, വിപുലമായ പുസ്തകമേള, ഹൈ ഫൈ സ്റ്റേജ്, കുട്ടികള്‍ക്ക് വേണ്ട ആക്ടിവിറ്റി സോണുകള്‍, സെമിനാറുകള്‍,സാംസ്‌കാരിക പരിപാടികള്‍ ഇതു കൂടാതെ പോലീസ് ഡോഗ് ഷോ,എ.ഐ പ്രദര്‍ശനവും ക്ലാസും, താരതമ്യേന വിലക്കുറവില്‍ കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനം, വ്യവസായ വകുപ്പ് സംരംഭകര്‍ക്കായി ഹെല്‍പ് ലൈന്‍ സെന്‍ററും കൈത്തറി-കരകൗശലം, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ് ഉപകരണങ്ങളുടെ പ്രദര്‍ശനവും മേളയില്‍ ഉള്‍പ്പെടും. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ നേതൃത്വത്തില്‍ വിദഗ്ധര്‍ പങ്കെടുക്കുന്ന സെമിനാറുകളും പ്രശസ്ത കലാകാരന്മാരുടെ നേതൃത്വത്തിലുള്ള സംഗീത സന്ധ്യകളും മേളയെ ആകര്‍ഷകമാക്കും.

മേളയുടെ വിജയത്തിനായി ജില്ലയുടെ ചുമതലയുള്ള മന്ത്രി പി.രാജീവ്‌ ചെയർമാനും ജില്ലാ കളക്ടർ ജനറൽ കൺവീനറും ജില്ലാ ഇൻഫർമേഷൻ ഓഫീസർ കൺവീനറുമായി സംഘാടക സമിതി രൂപീകരിച്ചിരുന്നു. ഫോർട്ട്‌ കൊച്ചി സബ്കളക്ടർ കെ.മീര, എ.ഡി.എം വിനോദ് രാജ് തുടങ്ങിയവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിക്കുന്നുണ്ട്.

മേളയിലെ പ്രധാന സോണുകൾ

കൃഷിവകുപ്പ്

എന്‍റെ കേരളം പ്രദര്‍ശന മേളയില്‍ തീം പവലിയനില്‍ നവകേരളത്തിലെ മാറുന്ന കാര്‍ഷിക കാഴ്ചകളുടെ നേര്‍ചിത്രമാണ് പൊതുജനങ്ങള്‍ക്കായി കൃഷിവകുപ്പ് ഒരുക്കിയിട്ടുള്ളത്. ഡിജിറ്റല്‍ അഗ്രികള്‍ച്ചര്‍ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ പൊതുജനങ്ങള്‍ക്ക് അനുഭവേദ്യമാകുന്ന തരത്തിലുള്ള സ്റ്റാളാണ് സജ്ജീകരിക്കുന്നത്. ഡ്രോണ്‍ സംവിധാനത്തിന്‍റെ കൃഷിയിടത്തിലെ സാധ്യതകളെക്കുറിച്ച് കര്‍ഷകര്‍ക്കും പൊതുജനത്തിനും അവബോധം സൃഷ്ടിക്കുന്നതിനും ഡ്രോണ്‍ പ്രവര്‍ത്തനം അടുത്തറിയുന്നതിനുമായി ലൈവ് പ്രദര്‍ശനവും സ്റ്റാളില്‍ ഒരുക്കും. കൃഷി വകുപ്പിന്‍റെ സ്വന്തം ബ്രാന്‍ഡായ കേരളഗ്രോ ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും മില്ലറ്റ് ഉത് പന്നങ്ങളുടെ പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്. കാര്‍ഷിക സേവനങ്ങള്‍ ഒരു കുടക്കീഴിലാക്കി നിലവില്‍ വന്ന കതിര്‍ ആപ്പ് രജിസ്‌ട്രേഷന്‍ ഹെല്പ് ഡെസ്‌ക്കും കൃഷി വകുപ്പ് നടപ്പിലാക്കുന്ന വിവിധ ഫ്‌ലാഗ്ഷിപ്പ് പദ്ധതികളെ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കുന്ന ഹെല്‍പ്പ് ഡെസ്‌കുകളും തീം പവിലിയനില്‍ സജ്ജീകരിച്ചിട്ടുണ്ട്. വിളകളിലെ രോഗ കീട നിയന്ത്രണം സംബന്ധിച്ച് സമഗ്രമായ വിവരങ്ങള്‍ ലഭ്യമാക്കുന്ന ക്രോപ്പ് ഹെല്‍ത്ത് ക്ലിനിക്കും പ്ലാന്‍ ഡോക്ടര്‍ സേവനവും സ്റ്റാളില്‍ ലഭ്യമാണ്.

ഇതിന് പുറമെ 1500 ചതുരശ്രയടിയിൽ ജില്ലാ കൃഷിവകുപ്പ് ഒരുക്കുന്ന നടീല്‍ വസ്തുക്കളുടെയും, കാര്‍ഷിക മൂല്യ വര്‍ദ്ധിത ഉത്പന്നങ്ങളുടെയും പ്രദര്‍ശനവും വിപണനവും മേളയുടെ ഭാഗമായി കൃഷി വകുപ്പ് തയ്യാറാക്കും.

പട്ടികജാതി പട്ടിക വര്‍ഗ വകുപ്പ്

പട്ടികജാതി പട്ടിക വര്‍ഗ വകുപ്പിന് കീഴില്‍ ആദിവാസി വനമേഖലകളില്‍ നിന്നുള്ള വിവിധതരം ഉത് പന്നങ്ങളാണ് വിപണനത്തിനായി ഒരുക്കുന്നത്. അട്ടപ്പാടി ഫാമിംഗ് കോപ്പറേറ്റീവ് സൊസൈറ്റിയുടെയും പന്തപ്ര ഉന്നതിയില്‍ നിന്നുള്ള വനവിഭവങ്ങള്‍ ഇഞ്ച തുടങ്ങിയവയും

കുട്ടമ്പുഴയിലെ പട്ടികവര്‍ഗ്ഗ കുടുംബശ്രീ യൂണിറ്റിന്‍റെ കുട്ടമ്പുഴ കാപ്പി, പിണവൂര്‍ കുടി ഉന്നതിയില്‍ നിന്നുള്ള വിന്‍റര്‍ ഗ്രീന്‍ ഗ്രൂപ്പിന്‍റെ കൂവപ്പൊടി തുടങ്ങിയ നിരവധി വനവിഭവങ്ങളാണ് പ്രദര്‍ശന വിപണന മേളയിലൂടെ ജനങ്ങളിലേയ്ക്ക് എത്തുന്നത്.

മൃഗ സംരക്ഷണ വകുപ്പ്

മൃഗ സംരക്ഷണ വകുപ്പിന്‍റെ കീഴില്‍ ക്വിസ് മത്സരം, മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേയ്ക്ക് പകരുന്ന ജന്തുജന്യ രോഗങ്ങളെ കുറിച്ചും പേ വിഷബാധയെ കുറിച്ചുമുള്ള സെമിനാറുകളും സംഘടിപ്പിക്കും. വെറ്ററിനറി സെല്‍ഫി പോയിന്‍റ്‌റും ഇതോടൊപ്പം സംഘടിപ്പിച്ചിട്ടുണ്ട്. മികച്ച ഇനം പശുക്കളുടെ പ്രദര്‍ശനവും മുട്ടക്കോഴി കൃഷിയ്ക്കായി എങ്ങനെ മട്ടുപ്പാവില്‍ കുടൊരുക്കണം തുടങ്ങിയവയുടെ വിവരങ്ങളും സബ്സിഡി നിരക്കില്‍ മുട്ടക്കോഴി കുഞ്ഞുങ്ങളുടെയും മുട്ടയുടെയും വിപണനവും മേളയുടെ ഭാഗമായി ഉണ്ടാകും.

വിദ്യാഭ്യാസ വകുപ്പ്

വിദ്യാഭ്യാസ വകുപ്പിന്‍റെ കീഴില്‍ 4 സ്റ്റാളുകളാണ് ഉള്ളത്. 4 സ്റ്റാളുകളിലായി ജില്ലയിലെ കൈറ്റിന്‍റെ (KITE) പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സ്‌കൂള്‍ കുട്ടികള്‍ക്ക് റോബോട്ടിക്‌സ് അധിഷ്ഠിത പരിശീലനം, എ. ഐ അധിഷ്ഠിത പരിശീലനം, എന്‍ജിനീയറിംഗ്, മെഡിക്കല്‍ പ്രവേശന പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി ഒരുക്കുന്ന സൗജന്യ പരിശീലന പരിപാടിയുടെ മാതൃക, പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ പോര്‍ട്ടലുകള്‍ ആയ സമഗ്ര, സമ്പൂര്‍ണ്ണ ,സഹിതം എന്നിവയുടെ മാതൃക, സമഗ്ര ശിക്ഷാ കേരളയുടെ ജില്ലയിലെ പ്രവര്‍ത്തനങ്ങളുടെ മാതൃക, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി, ഹയര്‍സെക്കന്‍ഡറി എന്നിവരുടെ പ്രോജക്ടുകള്‍ എന്നിവയുടെ പ്രദര്‍ശനം നടക്കും.

കുടുംബശ്രീ

കുടുംബശ്രീയുടെ കീഴില്‍ വിവിധ തരം വിപണന ഉല്‍പനങ്ങളാണ് മേളയില്‍ ഒരുങ്ങുന്നത്. കുടുംബശ്രീ സംരംഭകരുടെ ഉത് പനങ്ങള്‍, പരമ്പരാഗത കരകൗശല വസ്തുക്കള്‍, ഭക്ഷണ ഉത്പന്നങ്ങള്‍, കളിമണ്‍ ഉത്പന്നങ്ങള്‍, ആഭരണങ്ങള്‍, തയ്യല്‍ യൂണിറ്റിന്‍റെ കീഴില്‍ നിര്‍മിക്കുന്ന വസ്ത്രങ്ങള്‍, ജൈവീക പ്ലാന്‍റ് നഴ്‌സറി തുടങ്ങി നിരവധി സംരംഭങ്ങളുടെ പ്രദര്‍ശനവും വിപണനവുമാണ് മേളയില്‍ ഒരുക്കിയിരിക്കുന്നത്.

ആരോഗ്യ വകുപ്പ്

ആരോഗ്യ വകുപ്പിന്‍റെ കീഴില്‍ കളിയും കാര്യങ്ങളും കൂടി ചേര്‍ത്ത് വിവിധതരം പരിപാടികളാണ് മേളയില്‍ ഒരുങ്ങുന്നത്. ശ്രദ്ധയിലൂടെ എറണാകുളം ശുചിത്വത്തിലൂടെ ആരോഗ്യം എന്ന ക്യാമ്പയിന്‍റെ ഭാഗമായിയുള്ള പകര്‍ച്ചവ്യാധി രോഗങ്ങളുടെ വ്യാപനത്തെകുറിച്ചുള്ള ബോധവല്‍കരണ പരിപാടി ഉള്‍പ്പടെ അതുമായി ബന്ധപ്പെട്ട കളികളും കലകളുമായി നിരവധി പരിപാടികളാണ് വകുപ്പ് സംഘടിപ്പിച്ചിട്ടുള്ളത്.

ഇതിന് പുറമെ അനിമിക് രോഗ നിര്‍ണയത്തിനായുള്ള വിവാ സ്‌ക്രീനിംഗ്, ക്യാന്‍സര്‍ സ്‌ക്രീനിംഗ്, ജീവിത ശൈലി രോഗനിര്‍ണയ ക്യാമ്പ്, ഡയറ്റിഷ്യന്‍റെ സഹായത്തോടെയുള്ള ഡയറ്റ് കൗണ്‍സിലിംഗ്, കണ്ണുമായി ബന്ധപ്പെട്ട അവബോധന സ്‌ക്രീനിംഗ് തുടങ്ങി നിരവധി സേവനങ്ങളും മേളയിലൂടെ ജനങ്ങളി ലേക്ക് എത്തും.

എക്‌സൈസ് വകുപ്പ്

ലഹരി വിരുദ്ധ സന്ദേശം മുന്‍നിര്‍ത്തി ജീവിതമാണ് ലഹരി എന്ന ആശയത്തില്‍ വിവിധതരം ഗെയിമുകള്‍, ഫ്‌ലാഷ് മോബ്, ഓട്ടന്‍തുള്ളല്‍, ക്വിസ് കോമ്പറ്റീഷന്‍ എന്നിങ്ങനെ വിവിധ പരിപാടികള്‍ ഉള്‍ക്കൊള്ളിച്ചാണ് എക്‌സൈസ് വകുപ്പിന്‍റെ സ്റ്റാള്‍സ് എന്‍റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ ഒരുങ്ങുന്നത്

ഐ ടി മിഷൻ

എന്‍റെ കേരളം പ്രദർശന വിപണന മേളയിൽ ഐ ടി മിഷന്‍റെ നേതൃത്വത്തിൽ മൂന്ന് സ്റ്റാളുകളാണുള്ളത്. സ്റ്റാളുകളിലൂടെ അക്ഷയ കേന്ദ്രങ്ങളിലൂടെ ലഭ്യമായ എല്ലാ സേവനങ്ങളും സൗജന്യമായി പൊതുജനങ്ങൾക്ക് ലഭ്യമാക്കും. കൂടാതെ എ.ഐ സങ്കേതിക വിദ്യ, വിർച്വൽ റിയാലിറ്റി എന്നിവയെ കൂടുതൽ അറിയാനുള്ള അവസരവും മേളയിലൂടെ ഒരുക്കും.

സെമിനാറുകളും കലാപരിപാടികളും

മേയ് 18 ഞായറാഴ്ച രാവിലെ 11 മുതൽ 2 വരെ സാമൂഹിക നീതി വകുപ്പിന്‍റെ നേതൃത്വത്തില്‍ ഡിബേറ്റ് & ഷോര്‍ട്ട് ഫിലിം എന്ന വിഷയത്തിൽ സെമിനാര്‍ സംഘടിപ്പിക്കും. വൈകിട്ട് ഏഴിന് ചലച്ചിത്ര പിന്നണി ഗായകന്‍ അന്‍വര്‍ സാദത്തും സംഘവും അവതരിപ്പിക്കുന്ന സൂപ്പര്‍ ഹിറ്റ് ഗാനമേള നടക്കും.

മേയ് 19 തിങ്കളാഴ്ച്ച രാവിലെ 10 മുതൽ 12 വരെ കുടുംബശ്രീ മിഷൻ, ഹരിത മിഷൻ എന്നിവയുടെ നേതൃത്വത്തിൽ സെമിനാർ നടക്കും. ഉച്ചക്ക് 12 മുതൽ 1.30 വരെ എക്‌സൈസ് വകുപ്പിന്‍റെ നേതൃത്വത്തില്‍ ഓട്ടന്‍തുള്ളലും, ഫ്ളാഷ് മോബും. തുടർന്ന് 1.30 മുതൽ 4 വരെ വ്യവസായ വകുപ്പിന്‍റെ ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് സെമിനാറും വൈകിട്ട് ഏഴിന് കനല്‍ ബാന്‍റിന്‍റെ നാടന്‍ പാട്ടും അരങ്ങേറും.

മെയ് 20 ചൊവ്വ രാവിലെ 10 മുതൽ 1 വരെ പിന്നാക്ക ക്ഷേമ വികസന വകുപ്പിന്‍റെ നേതൃത്വത്തിൽ കരിയർ ഓറിയന്‍റേഷൻ പരിപാടി നടക്കും. ഉച്ചയ്ക്ക് 1 മുതൽ 3 വരെ തദ്ദേശ സ്വയംഭരണ വകുപ്പിന്‍റെ ആഭിമുഖ്യത്തിൽ തിരുവാതിര, സിനിമാറ്റിക് ഡാൻസ്, ഗിറ്റാർ, ഫ്യൂഷൻ മ്യൂസിക് പരിപാടിയും വൈകിട്ട് ഏഴിന് ഗ്രൂവ് ബ്രാൻഡ് സംഗീത നിശയും നടക്കും.

മെയ് 21 ബുധനാഴ്ച രാവിലെ 10 മുതൽ 11.30 വരെ ആരോഗ്യവകുപ്പിന്‍റെ മാതൃ ശിശു ആരോഗ്യം എന്ന വിഷയത്തിൽ സെമിനാറും ഫ്ലാഷ് മോബും സ്കിറ്റും സംഘടിപ്പിക്കും.

11.30 മുതൽ 12.30 വരെ ഐ.എസ്.എം സംഘടിപ്പിക്കുന്ന സമഗ്ര ആരോഗ്യം ആയുര്‍വേദത്തിലൂടെ എന്ന വിഷയത്തിൽ സെമിനാറും 12.30 മുതൽ 1.30 വരെ ജന്തുജന്യ രോഗങ്ങൾ സംബന്ധിച്ച സെമിനാറും 2 മുതൽ 3.30 വരെ ഡ്രഗ്സ് കണ്‍ട്രോള്‍ ഡിപ്പാര്‍ട്ട്‌മെന്‍റിന്‍റെ ആഭിമുഖ്യത്തിൽ ആന്‍റി ബയോട്ടിക് പ്രതിരോധം കേരള മാതൃക എന്ന വിഷയത്തിൽ പാനല്‍ ഡിസ്‌കഷന്‍, വൈകിട്ട് ഏഴിന് നൊസ്റ്റാള്‍ജിയ വിത്ത് ദലീമ ബാന്‍റ് സംഗീത നിശയും നടക്കും.

മെയ് 22 വ്യാഴം രാവിലെ 10 മുതൽ 12 വരെ വനിതാ ശിശു വികസന വകുപ്പിന്‍റെ നേതൃത്വത്തിൽ സാംസ്‌കാരിക പരിപാടിയും

12 മുതൽ 1.30 വരെ കൃഷി വകുപ്പിന്‍റെ നേതൃത്വത്തിൽ പുഷ്പ ഫല കൃഷിയിലെ നൂതന പ്രവണതകൾ സംബന്ധിച്ച സെമിനാറും 2 മുതൽ 2.30 വരെ ഉപഭോക്തൃ കമ്മീഷൻ സംഘടിപ്പിക്കുന്ന ഉപഭോക്തൃ ബോധവൽക്കരണ സെമിനാറും വൈകിട്ട് ഏഴിന് മാര്‍സി ബാന്‍റിന്‍റെ സംഗീത നിശയും അരങ്ങേറും.

സമാപന ദിവസമായ ഏപ്രിൽ 23 വെള്ളിയാഴ്ച രാവിലെ 10 മുതൽ 12 വരെ ധനകാര്യ ദേശീയ സമ്പാദ്യ പദ്ധതി വകുപ്പിന്‍റെ ആഭിമുഖ്യത്തിൽ സാമ്പത്തിക സാക്ഷരത എന്ന വിഷയത്തിൽ സെമിനാറും 1 മുതൽ 3 വരെ മോട്ടോർ വാഹന വകുപ്പിന്‍റെ ആഭിമുഖ്യത്തിൽ റോഡ് സുരക്ഷ എന്ന വിഷയത്തിൽ സെമിനാറും നടക്കും. വൈകിട്ട് നാലിന് സമാപന സമ്മേളനം മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും. തുടർന്ന് വൈകിട്ട് ഏഴിന് സൂരജ് സന്തോഷിന്‍റെ ലൈവ് മ്യൂസിക് ഷോയും അരങ്ങേറും.

Trending

No stories found.

More Videos

No stories found.
logo
Metro Vaartha
www.metrovaartha.com