ആരോപണങ്ങൾ രാഷ്ട്രീയ ലക്ഷ്യത്തോടെ; ജയരാജന്‍ വക്കീൽ നോട്ടീസ് അയച്ചു

മാപ്പ്‌ അപേക്ഷിക്കാത്ത പക്ഷം നിയമ നടപടികൾക്ക്‌ വിധേയരാകണമെന്നും 2 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും നോട്ടീസ്
ep jayarajan
ep jayarajan file

തിരുവനന്തപുരം: തന്നെയും പാർട്ടിയേയും അധിക്ഷേപിക്കാനും കരിവാരിത്തേക്കാനും വേണ്ടി ഗൂഢാലോചനയിലൂടെ കള്ളപ്രചാരവേല നടത്തിയെന്ന് ആരോപിച്ച് ബിജെപി നേതാവ്‌ ശോഭ സുരേന്ദ്രൻ, കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ, ദല്ലാൾ നന്ദകുമാർ എന്നിവർക്കെതിരെ എൽഡിഎഫ്‌ കൺവീനറും സിപിഎം കേന്ദ്രകമ്മറ്റിയംഗവുമായ ഇ.പി. ജയരാജൻ വക്കീൽ നോട്ടീസ്‌ അയച്ചു.

ആരോപണങ്ങൾ പിൻവലിച്ച്‌ ഉടൻ മാധ്യമങ്ങളിലൂടെ മാപ്പ്‌ അപേക്ഷിക്കാത്ത പക്ഷം സിവിൽ -ക്രിമിനൽ നിയമ നടപടികൾക്ക്‌ വിധേയരാകണമെന്നും രണ്ടുകോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടാണ്‌ അഡ്വ. എം. രാജഗോപാലൻ നായർ മുഖേന ഇ.പി. നോട്ടീസ്‌ അയച്ചത്‌. "വിവിധ പത്രങ്ങളിലും വാർത്താ ചാനലുകളിലും നൽകിയ അഭിമുഖങ്ങളിലും പ്രതികരണങ്ങളിലും ഇവർ ഇ.പി ജയരാജനെതിരെ അപവാദം പ്രചരിപ്പിക്കുകയാണ്‌ ചെയ്തത്‌. വസ്തുതയുമായി ബന്ധമില്ലാത്ത കാര്യങ്ങൾ ആരോപിക്കുക വഴി ഇപിയെ മാത്രമല്ല പാർട്ടിയേയും നേതാക്കളേയും അധിക്ഷേപിച്ചിരിക്കുകയാണ്‌. ജയരാജൻ ബിജെപിയിൽ ചേരാൻ താത്പര്യം പ്രകടിപ്പിച്ച്‌ ദല്ലാളിനൊപ്പം തന്നെ കണ്ടുവെന്ന ശോഭ സുരേന്ദ്രന്‍റെ വാദം പച്ച നുണയാണ്‌.

തെരഞ്ഞെടുപ്പ്‌ സമയത്ത്‌ തന്നെ ഇത്തരം അധിക്ഷേപകരമായ ആരോപണങ്ങൾ ഉന്നയിച്ചത്‌ രാഷ്‌ട്രീയ ലക്ഷ്യത്തോടെയാണ്‌. ഉപതെരഞ്ഞെടുപ്പ്‌ സമയത്തടക്കം മുൻപും ഇത്തരം ഗൂഢനീക്കങ്ങൾ നടന്നിട്ടുണ്ട്‌. ഒരു വർഷം മുൻപ്‌ നടന്ന സംഭവം ലോക്‌സഭ തെരഞ്ഞെടുപ്പിന്‌ തൊട്ടുമുൻപ്‌ മാത്രം വെളിപ്പെടുത്തിയതിന്‍റെ രാഷ്‌ട്രീയ ഉദ്ദേശ്യവും വ്യക്തമാണ്''- നോട്ടീസിൽ പറയുന്നു.

അതിനിടെ, കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ, ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ എന്നിവർക്കെതിരേ ഗൂഢാലോചനക്കുറ്റത്തിന് താൻ പൊലീസിൽ പരാതി നൽകിയെന്ന് ദല്ലാൾ നന്ദകുമാർ. ഡിജിപിക്കും പാലാരിവട്ടം പൊലീസിനും നൽകിയ പരാതിയിൽ സുധാകരനും ശോഭ സുരേന്ദ്രനും ഇ.പി. ജയരാജനെതിരേ ഗൂഢാലോചന നടത്തിയെന്ന് നന്ദകുമാർ പറയുന്നു. വോട്ടെടുപ്പിനു തലേദിവസവും ജയരാജനോട് സംസാരിച്ചു. 73കാരനായ ഇ.പി ഒരിക്കലും ബിജെപിയിലേക്ക് പോകില്ല.

സിപിഎമ്മിൽ ചേരുന്നതുമായി ബന്ധപ്പെട്ട് ചർച്ച നടത്താൻ നവകേരള യാത്രയ്ക്കിടെ ശോഭ സുരേന്ദ്രൻ പിണറായി വിജയനെ കണ്ടിരുന്നു. ബിജെപിയിൽ നേരിടുന്ന തുടർച്ചയായ അവഗണയ്ക്കു പിന്നാലെയാണ് ശോഭ പാർട്ടി മാറാൻ ശ്രമിച്ചത്- നന്ദകുമാർ മാധ്യമങ്ങളോടു പറഞ്ഞു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com