

എറണാകുളം - ബംഗളൂരു വന്ദേ ഭാരതിന്‍റെ ഷെഡ്യൂൾ ആയി; ഉദ്ഘാടനം ഈ മാസം, കേരളത്തിൽ രണ്ട് സ്റ്റോപ്പുകൾ
കൊച്ചി: കേരളത്തിനുള്ള എറണാകുളം-ബംഗളൂരു മൂന്നാം വന്ദേഭാരതിന് ഷെഡ്യൂളായി. ഉച്ചയ്ക്ക് 2.20 ന് എറണാകുളത്തു നിന്നും പുറപ്പെട്ട് 1.50 ഓടെ ബംഗളൂരു സിറ്റിയിലെത്തിച്ചേരുന്ന വിധവും ബംഗളൂരുവിൽ നിന്ന് പുലർച്ചെ 5.10ന് പുറപ്പെട്ട് എറണാകുളത്ത് 1.50 ന് എത്തിച്ചേരും വിധവുമാണ് ക്രമീകരിച്ചിരിക്കുന്നത്.
ബുധനാഴ്ചയൊഴികെ ബാക്കിയെല്ലാ ദിവസങ്ങളിലും സർവീസുണ്ടാവും. കേരളത്തിൽ രണ്ടിടങ്ങളിലുൾപ്പെടെ ഏഴിടങ്ങളിലാവും സ്റ്റോപ്പുകളുണ്ടാവുക. തൃശൂർ, പാലക്കാട്, കോയമ്പത്തൂർ, ഈറോഡ്, തിരുപ്പൂർ, സേലം കൃഷ്ണരാജപുരം എന്നിവിടങ്ങളിലാണ് സ്റ്റോപ്പ്.
സർവീസ് ആരംഭിക്കുന്ന തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും നവംബർ പകുതിയോടെ ഉണ്ടായേക്കുമെന്നാണ് സൂചന. പ്രധാനമന്ത്രി ഓൺലൈനായിട്ടായിരിക്കും ഉദ്ഘാടനം നിർവഹിക്കുക. ഈ മാസം സർവ്വീസ് ആരംഭിക്കുകയാണെങ്കിൽ ക്രിസ്മസ്, പുതുവർഷത്തിന് യാത്രാക്ലേശമനുഭവിക്കുന്നവർക്ക് ഇത് ഗുണകരമാവും.
രാജ്യത്തെ തന്നെ പ്രധാന ഐടി ഹബ്ബാണ് ബംഗളൂരു. ഇവിടെ ജോലിചെയ്യുന്ന ഐടിക്കാരിൽ നല്ലൊരു പങ്ക് മലയാളികളുമാണ്. അതിനു പുറമേ മറ്റു പല മേഖലകളിലുമായി ധാരാളം മലയാളികൾ ബംഗളൂരുവിൽ ജോലി ചെയ്യുന്നുണ്ട്. അവർക്ക് കേരളത്തിലേക്കു വരാനും തിരിച്ചുപോകാനുമുള്ള സൗകര്യം വർധിപ്പിക്കേണ്ടത് അത്യാവശ്യമാണ്.
ചുരുക്കം ട്രെയ്‌നുകൾ മാത്രമാണ് ബംഗളൂരുവിലേക്കുള്ളത്. അതുകൊണ്ട് ഏറെ പേർക്കും ബസുകളെ ആശ്രയിക്കേണ്ടിവരുന്നു. അവർ അമിത നിരക്ക് ഈടാക്കിയാലും മറ്റൊരു പോംവഴിയും യാത്രക്കാർക്കു മുന്നിലില്ല. ഉത്സവ സീസണിലും വിശേഷ ദിവസങ്ങളുമായി ബന്ധപ്പെട്ടുമൊക്കെ വലിയ തിരക്കാണ് ഈ റൂട്ടിൽ അനുഭവപ്പെടാറുള്ളത്. എറണാകുളം- ബംഗളൂരു വന്ദേഭാരത് സർവീസ് നടത്തുന്നതോടെ ഈ പ്രകിസന്ധിക്കെല്ലാം പരിഹാരമാവുകയാണ്.